തിരുവനന്തപുരം: ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലും മറ്റ് സംസ്ഥാനങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിനുണ്ടായ തിരിച്ചടിയെക്കുറിച്ച് സത്യസന്ധമായ ആത്മപരിശോധനയിലൂടെ തെറ്റുതിരുത്താന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകേണ്ടത് അനിവാര്യമായിരിക്കുന്നെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ കെ.പി.സി.സി അധ്യക്ഷനുമായ വി.എം സുധീരന്‍.
ജവഹര്‍ലാല്‍ നെഹ്റുവും ഇന്ദിരാഗാന്ധിയും ഉയര്‍ത്തിപ്പിടിച്ച സാമ്പത്തിക നയങ്ങളിലേയ്ക്ക് തിരിച്ചുപോകണമെന്നും മറ്റ് തലങ്ങളിലും ആവശ്യമായിടത്ത് നയസമീപനങ്ങളില്‍ മാറ്റമുണ്ടാകണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.
ജനസ്വീകാര്യതയും പ്രവര്‍ത്തനരംഗത്തെ മികവുമായിരിക്കണം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനും പാര്‍ട്ടി പദവികള്‍ നല്‍കുന്നതിനുമുള്ള മാനദണ്ഡം. ജനവിശ്വാസം കൂടുതല്‍ ആര്‍ജ്ജിക്കത്തക്ക രീതിയില്‍ പ്രവര്‍ത്തനശൈലിയിലും ഉചിതമായ മാറ്റം വരുത്തണം.
ഇതിലൂടെയെല്ലാം ജനകീയ അടിത്തറ വിപുലമാക്കി വര്‍ദ്ധിച്ച കരുത്തോടെ ബി.ജെ.പി.യുടെ വര്‍ഗ്ഗീയ-ഫാസിസ്റ്റ് നയങ്ങള്‍ക്കും നടപടികള്‍ക്കുമെതിരെ പോരാടാന്‍ കഴിയുന്ന സാഹചര്യം ഒരുക്കാന്‍ ഇനിയും വൈകരുത്. തെരഞ്ഞെടുപ്പ് വിധിയിലൂടെ ജനങ്ങള്‍ നല്‍കുന്ന പാഠങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നോട്ടുപോയേ മതിയാകൂവെന്നും സുധീരന്‍ ഫേസ്ബുക്കില്‍ എഴുതി.
കനത്ത തിരിച്ചടിയാണ് ബീഹാര്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഉണ്ടായത്. 70 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് വെറും 19 സീറ്റിലാണ് ജയിച്ചത്.
യു.പി, മധ്യപ്രദേശ്, കര്‍ണാടക ഉപതെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിന് മുന്നേറ്റം ഉണ്ടാക്കാന്‍ സാധിച്ചിരുന്നില്ല.
കേവല ഭൂരിപക്ഷത്തിനാവശ്യമായ 122 സീറ്റുകള്‍ മറികടന്നാണ് ബീഹാറില്‍ എന്‍.ഡി.എ സഖ്യം അധികാരം നിലനിര്‍ത്തിയത് 125 സീറ്റുകളിലാണ് ജെ.ഡി.യു, ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ വിജയിച്ചത്. ആര്‍.ജെ.ഡി.യും കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ഉള്‍പ്പെടുന്ന മഹാഗദ്ബന്ധന്‍ 110 സീറ്റുകള്‍ നേടി.
75 സീറ്റ് നേടിയ ആര്‍.ജെ.ഡിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. കഴിഞ്ഞ തവണ 80 സീറ്റാണ് ആര്‍.ജെ.ഡി നേടിയിരുന്നത്. തൊട്ടുപിന്നില്‍ 74 സീറ്റുമായി ബി.ജെ.പി വലിയ രണ്ടാമത്തെ കക്ഷിയായി. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പാര്‍ട്ടിയായ ജെ.ഡി.യു 43 സീറ്റുകളിലൊതുങ്ങി. ഭരണം നിലനിര്‍ത്തിയെങ്കിലും രാഷ്ട്രീയമായി കനത്ത തിരിച്ചടിയാണ് ജെ.ഡി.യു നേരിട്ടത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ