|

വി.എം സുധീരന്റെ ജനപക്ഷയാത്രക്ക് തുടക്കമായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാസര്‍ഗോഡ്‌: കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ നേതൃത്വം നല്‍കുന്ന ജനപക്ഷ യാത്രക്ക് കുമ്പളയില്‍ തുടക്കമായി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം നിര്‍വ്വഹിച്ചു.

മതേതര, അക്രമരഹിത,ലഹരി വിമുക്ത വികസന കേരളം എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ജനപക്ഷയാത്ര സംഘടിപ്പിക്കുന്നത്. സാമൂഹിക പരിവര്‍ത്തന സന്ദേശമാണ് ജനപക്ഷയാത്രയിലൂടെ ലക്ഷ്യമിടുന്നതെന്ന് വി.എം. സുധീരന്‍ അഭിപ്രായപ്പെട്ടു.

കോണ്‍ഗ്രസ് മുക്ത ഭാരതമെന്നത് ബി.ജെ.പിയുടെ മാത്രം സ്വപ്നമാണെന്നും തിരഞ്ഞെടുപ്പിലേറ്റ പരാജയങ്ങളില്‍ നിന്നും ശക്തമായി കോണ്‍ഗ്രസ് തിരിച്ചുവരുമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.

ബാര്‍ കോഴവിഷയത്തില്‍ സര്‍ക്കാര്‍ പരുങ്ങലിലായ സാഹചര്യത്തില്‍ ജനപക്ഷയാത്രയുടെ രാഷ്ട്രീയ പ്രാധാന്യം ഏറെയാണ്.

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല യോഗത്തില്‍ അധ്യക്ഷം വഹിച്ചു. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് മുഖ്യപ്രഭാഷണം നടത്തി. രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രൊഫ.പി.ജെ കുര്യന്‍, കേരള, കര്‍ണാടക കോണ്‍ഗ്രസ് മന്ത്രിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കാസര്‍ഗോഡ്‌ നിന്നും തുടങ്ങിയ യാത്ര ഡിസംബര്‍ 9 ന് തിരുവനന്തപുരത്ത് അവസാനിക്കും.