ന്യൂദല്‍ഹി: എസ്.എന്‍.സി ലാവ്‌ലിന്‍ കേസില്‍ ഹൈക്കോടതി വിധിക്കെതിരെ മുന്‍ കെ.പി.സി.സി പ്രസിഡന്റ് വിഎം സുധീരന്‍ സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കി. അഴിമതിക്കേസില്‍ വിചാരണ ചെയ്യാതെ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെതിരെയാണ് സുധീരന്‍ സുപ്രിംകോടതിയെ സമീപിച്ചത്.
കെ.എസ്.ഇബി മുന്‍ ചീഫ് അക്കൗണ്ട്സ് ഓഫീസറും കേസിലെ രണ്ടാം പ്രതിയുമായ കെ.ജി രാജശേഖരനും വിധിക്കെതിരെ സുപ്രിംകോടതിയെ രാവിലെ സമീപിച്ചിരുന്നു.
ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് പ്രത്യേക അനുമതി തേടുന്ന ഹര്‍ജിയില്‍ സുധീരന്‍ പറയുന്നു. പിണറായി വിജയനെ വിചാരണ ചെയ്യാതെ കുറ്റ വിമുക്തനാക്കിയ നടപടി തെറ്റാണെന്നും അപ്പീലില്‍ പറയുന്നുണ്ട്.
കേസില്‍ പിണറായി വിജയനെതിെര ശക്തമായ തെളിവുകള്‍ ഉണ്ട്. അതിനാല്‍ കേസില്‍ കക്ഷി അല്ലാത്ത തന്നെ പ്രത്യേക അനുമതി ഫയല്‍ ചെയ്യാന്‍ അനുവദിക്കണണമെന്ന് ആവശ്യപ്പെട്ടാണ് സുധീരന്‍ അപേക്ഷ നല്‍കിയിരിക്കുന്നത്.
ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരെ സി.ബി.ഐയും ഇന്നലെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനുള്ള സമയപരിധി കഴിഞ്ഞ സാഹചര്യത്തില്‍ ക്ഷമാപണം ഉള്‍പ്പെടെ ഡിലേ കണ്ടൊനേഷന്‍ അപ്പീലാണ് സി.ബി.ഐ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ളത്.
പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരിക്കെ പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ എന്നീ ജലവൈദ്യുത നിലയങ്ങളുടെ നവീകരണത്തിന് പദ്ധതിയുണ്ടാക്കിയതില്‍ 374 കോടിയുടെ നഷ്ടമുണ്ടായെന്നാണ് ലാവ്‌ലിന്‍ കേസ്. കേസില്‍ പിണറായി സാമ്പത്തിക നേട്ടമുണ്ടാക്കിയതായി സി.ബി.ഐ കുറ്റപത്രത്തില്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയത്.
ഇടപാടില്‍ പിണറായി വിജയന് സത്യസന്ധമല്ലാത്തതോ ദുരുദ്ദേശ്യമുള്ളതോ ആയ എന്ത് പങ്കാണുള്ളതെന്ന് വിശദീകരിക്കാന്‍ സി.ബി.ഐക്ക് കഴിഞ്ഞില്ലെന്നും കോടതി പറഞ്ഞിരുന്നു. പിണറായിക്ക് പുറമേ മുന്‍ ഊര്‍ജ സെക്രട്ടറി കെ. മോഹനചന്ദ്രന്‍, ഊര്‍ജ വകുപ്പ് മുന്‍ ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരേയും ഹൈക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു.