തൃശൂര്‍: ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ ഹിതപരിശോധന നടത്തണമായിരുന്നുവെന്ന് കെ.പി.സി.സി മുന്‍ പ്രസിഡന്റ് വി.എം സുധീരന്‍. ഗുരുവായൂര്‍ സത്യാഗ്രഹ സമയത്തെല്ലാം ഹിതപരിശോധന നടത്തിയിരുന്നു. എന്തുകൊണ്ടു ശബരിമല വിഷയത്തില്‍ ഹിതപരിശോധന നടത്തിയില്ലെന്നും സുധീരന്‍ പറഞ്ഞു.
കേരളത്തിന്റെ പുരോഗതിയെ തകര്‍ത്ത് സംഘശക്തിയിലേക്ക് എത്തിച്ചത് സര്‍ക്കാരാണ്. ഇക്കാര്യത്തില്‍ പല പ്രതികളുണ്ട്. ഒരാള്‍ സര്‍ക്കാരാണ്. വൈകാരികമായ പ്രശ്‌നത്തില്‍ പക്വതയോടെ ഇടപെടേണ്ടിയിരുന്നു. സമാധാന അന്തരീക്ഷം തകരാതെ സര്‍ക്കാരിന് കൈകാര്യം ചെയ്യാമായിരുന്നുവെന്നും സുധീരന്‍ പറഞ്ഞു.
ശബരിമല വിഷയത്തില്‍ ഓര്‍ഡിനന്‍സ് ഇറക്കാതെ കേന്ദ്രസര്‍ക്കാരും ബിജെപിയും കള്ളക്കളി തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ വിളിച്ച സര്‍വകക്ഷിയോഗവും തുടര്‍ ചര്‍ച്ചകളും നേരത്തെ നടത്തിയിരുന്നുവെങ്കില്‍ സംഘര്‍ഷം ഒഴിവാക്കാമായിരുന്നു. റിവ്യൂഹര്‍ജി നല്‍കില്ലെന്ന സര്‍ക്കാര്‍ നിലപാട് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.