| Monday, 30th July 2018, 3:18 pm

ടി.പി കേസ്: രമയുടെ ആവശ്യം ഒന്നുകൂടി സാധൂരിക്കപ്പെട്ടെന്ന് വി.എം സുധീരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പ്രതികള്‍ അനുഭവിച്ചുവരുന്ന രാജകീയ സൗകര്യങ്ങളും പരിധിവിട്ട ആനുകൂല്യങ്ങളും ആഭ്യന്തരവകുപ്പിലും സി.പി.ഐ.എം ഉന്നത നേതൃത്വത്തിലും അവര്‍ക്കുള്ള അമിത സ്വാധീനത്തെയാണ് വ്യക്തമാക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍.

പാര്‍ട്ടി ഉന്നത നേതൃത്വവും ശിക്ഷിക്കപ്പെട്ട പ്രതികളും തമ്മിലുള്ള അനിഷേധ്യവും ദൃഢവുമായ അവിശുദ്ധബന്ധം ശിക്ഷിക്കപ്പെട്ടവര്‍ക്ക് നല്‍കിയ അത്യുദാരമായ ആനുകൂല്യങ്ങളിലൂടെ ജനങ്ങള്‍ക്ക് കൃത്യമായി ബോധ്യപ്പെടുന്ന രീതിയില്‍ പുറത്തുവന്നിരിക്കുകയാണെന്നും വി.എം സുധീരന്‍ പറഞ്ഞു.

ടി.പി കേസില്‍ ഉന്നതര്‍ ഉള്‍പ്പെട്ട ഗൂഢാലോചന സി.ബി.ഐ അന്വേഷിക്കണമെന്ന ടി.പിയുടെ സഹധര്‍മ്മിണി രമയുടെ ആവശ്യം ഇതോടെ ഒന്നുകൂടി സാധൂകരിക്കപ്പെട്ടിരിക്കുന്നെന്നും സുധീരന്‍ വ്യക്തമാക്കി.


ചേര്‍പ്പ് സ്‌കൂളിലെ പാദപൂജ; വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയോടെയല്ലെന്ന് ഡയറക്ടര്‍


ഏഴു കൊലയാളികളും മൂന്നു സി.പി.ഐ.എം നേതാക്കളുമടക്കം ടി.പി കേസില്‍ ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന സംഘത്തിനു കണ്ണൂര്‍, വിയ്യൂര്‍ സെന്‍ട്രല്‍ ജയിലുകളിലായി ലഭിക്കുന്നത് വി.ഐ.പി പരിഗണനയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയായിരുന്നു സുധീരന്റെ പ്രതികരണം.

പാനൂര്‍ ഏരിയ കമ്മിറ്റിയംഗമായിരുന്ന പി.കെ.കുഞ്ഞനന്തന് 267 ദിവസം സ്വാഭാവിക പരോളും 77 ദിവസം അടിയന്തര പരോളും അനുവദിച്ചിരുന്നു. കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റിയംഗമായിരുന്ന രാമചന്ദ്രനു 186 ദിവസം സ്വാഭാവിക പരോളും 46 ദിവസം അടിയന്തര പരോളും. 85 ദിവസത്തെ ആശുപത്രിവാസം അനുവദിച്ചത് ആറുതവണയായാണ്.

മറ്റു പ്രതികളുടെ അവസ്ഥയും വ്യത്യസ്തമല്ല. ഒന്നാം പ്രതിയും കൊടുംകുറ്റവാളിയുമായ എം.സി.അനൂപിനു മാത്രം ഇതുവരെ 75 ദിവസം പരോള്‍ ലഭിച്ചു. ടി.കെ.രജീഷിനു 30 ദിവസമേ പരോള്‍ അനുവദിച്ചുള്ളൂവെങ്കിലും 45 ദിവസം ആയുര്‍വേദ ചികിത്സയ്ക്ക് അവസരം നല്‍കി.

കിര്‍മാണി മനോജിനു 45 ദിവസവും കൊടി സുനിക്ക് 30 ദിവസവും മുഹമ്മദ് ഷാഫിക്ക് 60 ദിവസവും ഷിനോജിന് 45 ദിവസവും പരോള്‍ അനുവദിക്കപ്പെട്ടു. സിജിത്തിന് 28 ദിവസവും പരോള്‍ ലഭിച്ചിരുന്നു.

ശിക്ഷയനുഭവിക്കുന്ന ഏഴംഗ സംഘത്തെ കണ്ണൂര്‍, വിയ്യൂര്‍ സെന്‍ട്രല്‍ ജയിലുകളിലേക്കു പലവട്ടം മാറ്റിമാറ്റി പാര്‍പ്പിച്ചിട്ടുണ്ടെങ്കിലും മൂന്നു നേതാക്കന്മാരെ ഇതുവരെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്നു മാറ്റിയിട്ടില്ല. പി.കെ.കുഞ്ഞനന്തന്‍, കെ.സി. രാമചന്ദ്രന്‍ എന്നിവര്‍ക്കു പുറമെ കുന്നോത്തുപറമ്പ് ബ്രാഞ്ച് സെക്രട്ടറിയായിരുന്ന ട്രൗസര്‍ മനോജുമാണ് 2014 ജനുവരി 28 മുതല്‍ കണ്ണൂരില്‍ കഴിയുന്നത്.

We use cookies to give you the best possible experience. Learn more