| Friday, 26th May 2023, 10:47 pm

രാജിവെക്കാനിടയായ കാരണത്തില്‍ ഇന്നും മാറ്റമില്ല; അന്ന് രണ്ട് ഗ്രൂപ്പെങ്കില്‍ ഇപ്പോള്‍ അഞ്ച് ഗ്രൂപ്പെന്ന് വി.എം. സുധീരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: 2016ലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലുള്ള വിയോജിപ്പാണ് കെ.പി.സി.സി അധ്യക്ഷസ്ഥാനം ഉപേക്ഷിക്കാന്‍ കാരണമെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍. അന്ന് അത് പുറത്ത് പറഞ്ഞില്ല എന്നേയുള്ളൂവെന്നും താന്‍ രാജിവെക്കാനുള്ള കാരണത്തില്‍ ഇന്നും ഒരു മാറ്റവും വന്നിട്ടില്ലെന്നും സുധീരന്‍ പറഞ്ഞു.

‘അന്ന് അത് പുറത്ത് പറഞ്ഞില്ല എന്നേയുള്ളൂ. ഞാന്‍ രാജിവെക്കാനുള്ള കാരണത്തില്‍ ഇന്നും ഒരു മാറ്റവും വന്നിട്ടില്ല. അന്ന് രണ്ട് ഗ്രൂപ്പെങ്കില്‍ ഇപ്പോഴുള്ളത് അഞ്ച് ഗ്രൂപ്പാണ്. അതില്‍ മാറ്റം വരണം. കോണ്‍ഗ്രസിനെ അധികാരത്തിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഒപ്പമുണ്ടാകും. കോണ്‍ഗ്രസ് പ്രസ്ഥാനത്തിനൊപ്പം എന്നുമുണ്ടാകും’ സുധീരന്‍ പറഞ്ഞു.

വി.എം. സുധീരന്‍ 75ന്റെ നിറവിലെത്തുമ്പോള്‍ മുഖ്യധാരയിലേക്കുള്ള അദ്ദേഹത്തിന്റെ മടങ്ങിവരവ് കോണ്‍ഗ്രസില്‍ ചര്‍ച്ചയായി മാറുന്നുണ്ട്. കെ. സുധാകരനുമായുള്ള അകല്‍ച്ച തുടരുമ്പോഴും പാര്‍ട്ടി പരിപാടികളില്‍ സുധീരന്‍ തിരിച്ചെത്തുന്നത് ശുഭസൂചനയായി നേതൃത്വം കാണുന്നുണ്ട്.

ഗ്രൂപ്പ് അതിപ്രസരത്തില്‍ മനംമടുത്ത് 2017ലാണ് പാര്‍ട്ടിയെ തന്നെ ഞെട്ടിച്ച് സുധീരന്‍ അധ്യക്ഷപദം രാജിവെച്ചത്. സുധീരനെ മയപ്പെടുത്തി നേതൃനിരയിലേക്ക് തിരിച്ചെത്തിക്കാനാണ് വി.ഡി. സതീശന്‍ ശ്രമിക്കുന്നത്.

സുധീരന്റെ പൊതുസ്വീകാര്യതയും അഴിമതിരഹിത പ്രതിച്ഛായയും പൊതുസമൂഹത്തിലെ സ്വീകാര്യതയും വരുന്ന തെരഞ്ഞെടുപ്പുകളില്‍ ഉപയോഗപ്പെടുത്തണമെന്ന നിലപാടാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുള്ളതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

content highlights: vm sudheeran blames kpcc and congress

We use cookies to give you the best possible experience. Learn more