തിരുവനന്തപുരം: കോണ്‍ഗ്രസിന് അര്‍ഹതപ്പെട്ട സീറ്റായിട്ടും രാജ്യസഭാ സീറ്റ് ജോസ് കെ മാണിക്ക് നല്‍കിയതില്‍ താന്‍ അന്നേ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നുവെന്നും അത് ശരിയായെന്ന് ഇപ്പോള്‍ തെളിയിക്കപ്പെട്ടതായും വി എം സുധീരന്‍. നേതൃത്വത്തിന്റെ നടപടി വിവേക ശൂന്യവും ദീര്‍ഘ വീക്ഷണമില്ലാത്തതുമാണെന്നും സുധീരന്‍ കുറ്റപ്പെടുത്തി.
‘കോണ്‍ഗ്രസിന് തികച്ചും അര്‍ഹതപ്പെട്ട രാജ്യസഭാ സീറ്റ് യാതൊരു തത്വദീക്ഷയുമില്ലാതെ പാര്‍ട്ടി താല്പര്യം ബലി കഴിച്ച് കൊണ്ട് ജോസ് കെ മാണിക്ക് ‘ദാനം’ചെയ്ത നേതൃത്വത്തിന്റെ വിവേകശൂന്യവും ദീര്‍ഘവീക്ഷണമില്ലാത്തതുമായ നടപടി ശരിയായില്ലെന്ന് ഞാന്‍ അന്നേ ചൂണ്ടിക്കാണിച്ചിരുന്നു.
കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും ഉത്തമ താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് അപ്രകാരം അഭിപ്രായപ്പെട്ടത്,’വി എം സുധീരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
തന്റെ നിലപാട് ശരിയായിരുന്നെന്ന് തെളിയിക്കപ്പെട്ടതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്നും സുധീരന്‍ കുറിച്ചു.
ജോസ് കെ. മാണി രാജ്യസഭാംഗത്വം രാജിവെച്ചേക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എല്‍.ഡി.എഫുമായുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നും സൂചനയുണ്ട്. രാജ്യസഭാ സീറ്റ് ഇടതുമുന്നണിക്ക് വിട്ട് കൊടുത്തേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം ജോസ് കെ. മാണി രാജ്യസഭാംഗത്വം രാജിവെക്കേണ്ടതില്ലെന്ന് റോഷി അഗസ്റ്റിന്‍ പറഞ്ഞിരുന്നു. കേരള കോണ്‍ഗ്രസ് വോട്ട് വാങ്ങിയാണ് കോണ്‍ഗ്രസ് നേതാക്കളും ജയിച്ചതെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞിരുന്നു.
നേരത്തെ കേരള കോണ്‍ഗ്രസ് യു.ഡി.എഫിനെ വഞ്ചിച്ചുവെന്നാരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. കുട്ടനാട്ടിലെ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്തിത്വം ജോസഫ് വിഭാഗത്തിന് തന്നെ നല്‍കിയെന്നും യു.ഡി.എഫ് യോഗത്തില്‍ പറഞ്ഞിരുന്നു.
യു.ഡി.എഫിന്റെ മഹാനായ നേതാവാണ് കെ. എം മാണിയെന്നും എന്നും യു.ഡി.എഫിനൊപ്പം നില്‍ക്കാന്‍ ആ ഗ്രഹിച്ചനേതാവായിരുന്നു അദ്ദേഹമെന്നും ചെന്നിത്തല പറഞ്ഞു. എന്നാല്‍ ജോസ് കെ മാണി വിശ്വാസ വഞ്ചന കാണിക്കുകയാണ് എന്നും ചെന്നിത്തല പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ജോസ് കെ മാണി യുഡിഎഫിനോട് വിശ്വാസ വഞ്ചന കാട്ടിയെന്നും രാജ്യസഭാംഗത്വം രാജിവെക്കണമെന്നും ബഹു പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടതായി കാണുന്നു.
ഇത്തരുണത്തില്‍ പഴയ ഒരു കാര്യം ഓര്‍മപ്പെടുത്തുന്നത് തികച്ചും ഉചിതവും പ്രസക്തവുമാണ്.
കോണ്‍ഗ്രസിന് തികച്ചും അര്‍ഹതപ്പെട്ട രാജ്യസഭാ സീറ്റ് യാതൊരു തത്വദീക്ഷയുമില്ലാതെ പാര്‍ട്ടി താല്പര്യം ബലി കഴിച്ച് കൊണ്ട് ജോസ് കെ മാണിക്ക് ‘ദാനം’ചെയ്ത നേതൃത്വത്തിന്റെ വിവേകശൂന്യവും ദീര്‍ഘവീക്ഷണമില്ലാത്തതുമായ നടപടി ശരിയായില്ലെന്ന് ഞാന്‍ അന്നേ ചൂണ്ടിക്കാണിച്ചിരുന്നു.
കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും ഉത്തമ താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് അപ്രകാരം അഭിപ്രായപ്പെട്ടത്. തുടര്‍ന്ന് എന്റെ വിയോജിപ്പിന്റെ ഭാഗമായി യുഡിഎഫ് ഉന്നതാധികാര സമിതിയില്‍ നിന്നും രാജിവയ്ക്കുകയും ചെയ്തു.
എന്റെ നിലപാട് തീര്‍ത്തും ശരിയായിരുന്നു എന്ന് തെളിയിക്കപ്പെട്ടതില്‍ അതിയായ ചാരിതാര്‍ത്ഥ്യമുണ്ട്. ഇനിയും ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കട്ടെ.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: VM Sudheeran against Congress leadership about kerala Congress