തിരുവനന്തപുരം: പാര്‍ട്ടിയില്‍ തുടരില്ല എന്നതിന്റെ സൂചനയാണ് അബ്ദുള്ളക്കുട്ടി നടത്തുന്ന മോദി സ്തുതിയെന്ന് വി.എം സുധീരന്‍. സി.പി.ഐ.എമ്മില്‍ നിന്ന് കോണ്‍ഗ്രസില്‍ എത്തി പ്രവര്‍ത്തിക്കാന്‍ സമയം നല്‍കാതെ എം.എല്‍.എയാക്കിയതില്‍ അന്നത്തെ നേതൃത്വത്തിന് ജാഗ്രത ക്കുറവുണ്ടായി എന്നും വി.എം സുധീരന്‍ പറഞ്ഞു.
അവസരവാദിയെപ്പോലെയാണ് അബ്ദുള്ളക്കുട്ടി പെരുമാറുന്നത്, കോണ്‍ഗ്രസില്‍ നിന്ന് ആനുകൂല്യം കിട്ടിയതിന്റെ മര്യാദ കാണിക്കുന്നില്ല, കോണ്‍ഗ്രസുകാരുടെ മനസില്‍ അബ്ദുള്ളക്കുട്ടിക്ക് സ്ഥാനമില്ലയെന്നും വി.എം സുധീരന്‍ പറഞ്ഞു.
അബ്ദുള്ളക്കുട്ടിയുടെ മോദി അനുകൂല ഫേസ്ബുക്ക് പോസ്റ്റിനെ ബി.ജെ.പി സ്വാഗതം ചെയ്തിരുന്നു. ബി.ജെ.പിക്ക് ആരോടും അയിത്തമില്ലെന്ന് സംസ്ഥാന സെല്‍ കോഡിനേറ്റര്‍ രജ്ഞിത്ത് പറഞ്ഞു.
ബി.ജെ.പിയിലേക്ക് വരാന്‍ അബ്ദുള്ളക്കുട്ടി തയ്യാറാണെങ്കില്‍ പാര്‍ട്ടി അതിന് വഴിയൊരുക്കുമെന്നും ഇക്കാര്യം മേല്‍ഘടകവുമായി ചര്‍ച്ച ചെയ്യുമെന്നും രജ്ഞിത് പറഞ്ഞിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വിജയം നരേന്ദ്ര മോദിയുടെ ഭരണതന്ത്രജ്ഞതയുടെ വികസന അജണ്ടയുടെ അംഗീകാരമാണെന്നായിരുന്നു മുന്‍ എം.പിയും കോണ്‍ഗ്രസ് നേതാവുമായ എ.പി അബ്ദുല്ലക്കുട്ടി പറഞ്ഞത്.
മോദിയെ ജനപ്രിയനാക്കിയതിന്റെ രഹസ്യം ഒരു ഗാന്ധിയന്‍ മൂല്യം ഗാന്ധിയുടെ നാട്ടുകാരന്‍ കൂടിയായ അദ്ദേഹം തന്റെ ഭരണത്തില്‍ പ്രയോഗിച്ചു എന്നുള്ളതാണെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞിരുന്നു.
നരേന്ദ്രമോദിയെ കുറിച്ച് പറഞ്ഞത് സത്യസന്ധമായ കാര്യങ്ങളാണെന്നും നരേന്ദ്രമോദിയെ ആരും ശ്രദ്ധിക്കപ്പെടാത്ത കാലത്ത് അദ്ദേഹത്തെ കുറിച്ച് പറഞ്ഞയാളാണ് താനെന്നും ഇത് ആലോചിച്ച് ഉറപ്പിച്ച് എഴുതിയതാണെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞിരുന്നു.
അതേസമയം താങ്കള്‍ ബി.ജെ.പിയിലേക്ക് പോകുന്നോ എന്ന ചോദ്യത്തിന് വെറുതെ എന്നെ കുഴപ്പത്തിലാക്കരുത് എന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നു അദ്ദേഹം.