തിരുവനന്തപുരം: രാജ്യസഭാ സീറ്റ് വിഷയത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കെ.പി.സി.സി മുന്‍ പ്രസിഡന്റ് വി.എം സുധീരന്‍. കേരളകോണ്‍ഗ്രസ് എമ്മിന് സീറ്റ് നല്‍കിയ കോണ്‍ഗ്രസിന്റെ തീരുമാനം ഹിമാലയം ബ്ലണ്ടറാണെന്ന് വി.എം സുധീരന്‍ പറഞ്ഞു.
“കോണ്‍ഗ്രസിന്റെ സീറ്റ് ലോക്‌സഭയില്‍ പ്രധാനമാണ്. രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയ തീരുമാനം ലോക്‌സഭയില്‍ ഇന്നത്തെ കോണ്‍ഗ്രസ് അംഗബലം കുറയ്ക്കാനേ ഉപകരിക്കുവെന്ന്” അദ്ദേഹം പറഞ്ഞു.
“കേരള കോണ്‍ഗ്രസ് .എമ്മും മാണിയും ഒരു ചാഞ്ചാട്ടക്കാരനാണ്. സമദൂരത്തെ കുറിച്ച് പറയുന്ന, മൂന്നിടത്ത് സീറ്റിനായി വിലപേശിയ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ നാളെ ബി.ജെ.പിയോടൊപ്പം ചേരില്ലെന്ന് എന്താണ് ഉറപ്പ്.
ഇനിയും പാര്‍ട്ടി മാറി കളിക്കില്ലെന്ന് മാണിയുടെ കാര്യത്തില്‍ ഉറപ്പ് കോണ്‍ഗ്രസ് നേതൃത്വത്തിന് ഉണ്ടോയെന്നും” അദ്ദേഹം ചോദിച്ചു.
അതേസമയം പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ തനിക്ക് താല്പര്യമില്ലെന്നും അധികാരത്തിനായി താന്‍ നിലകൊള്ളുകയാണെന്ന കുപ്രചരണം നിര്‍ത്തണമെന്നും വി. എം സുധീരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
“സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടു നല്‍കിയതില്‍ പാര്‍ട്ടിയുടെ സങ്കുചിത മനോഭാവമാണ് ഉള്ളത്. രാഹുല്‍ ഗാന്ധിയെ തെറ്റിദ്ധരിപ്പിക്കുകയാണ് കേരളത്തിലെ നേതാക്കള്‍ ചെയ്തത്” എന്നും വി.എം സുധീരന്‍ വ്യക്തമാക്കി.
അതേസമയം മാണിക്ക് സീറ്റുകൊടുത്തതില്‍ ഗ്രൂപ്പ് വ്യത്യാസമില്ലാതെ എതിര്‍പ്പുകള്‍ നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസിന് ജനങ്ങള്‍ക്കിടയില്‍ നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കണമെന്നും വി.എം സുധീരന്‍ ആവശ്യപ്പെട്ടു.
എന്നാല്‍ ആര്‍.എസ്.പിയെ യു.ഡി.എഫിലേക്ക് എടുത്തത് ഉചിത തീരുമാനമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കേവലം മൂന്ന് നേതാക്കള്‍ മാത്രം എടുത്ത തീരുമാനമല്ലെന്നും കെ.പി.സി.സി എക്‌സ്‌ക്യൂട്ടിവ് കമ്മിറ്റി ചര്‍ച്ച ചെയ്താണ് ആര്‍.എസ്.പിയെ പാര്‍ട്ടിയിലേക്കെടുത്തത് എന്നും വി.എം സുധീരന്‍ വ്യക്തമാക്കി.
അതേസമയം വാര്‍ത്താസമ്മേളനത്തില്‍ കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസനെതിരെയും വി.എം സുധീരന്‍ വിമര്‍ശനവുമായി രംഗത്തെത്തി. പരസ്യപ്രസ്താവന പിന്‍വലിക്കണമെന്ന ആവശ്യം നിരവധി തവണ ലംഘിച്ചയാളാണ് എം.എം ഹസനെന്നും അദ്ദേഹം വിമര്‍ശിച്ചു.