| Thursday, 5th April 2018, 12:04 pm

മെഡിക്കല്‍ പ്രവേശന ബില്ല്; നിയമവിരുദ്ധ കാര്യങ്ങള്‍ക്ക് വെള്ളപൂശുന്നതിലെ ഈ ഐക്യം പരിഹാസ്യമാണെന്ന് വി.എം സുധീരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കഴിഞ്ഞ ദിവസം നിയമസഭയില്‍ പാസാക്കിയ മെഡിക്കല്‍ പ്രവേശനബില്ലിനെ എതിര്‍ത്ത് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍ രംഗത്ത്. കൊള്ളലാഭത്തിനായി എന്തും ചെയ്യാന്‍ മടിക്കാത്ത ഈ സ്വാശ്രയക്കാരുടെ രക്ഷയ്ക്കായി നിയമം കൊണ്ടുവന്ന സര്‍ക്കാര്‍നടപടിയെ തുറന്നുകാണിക്കുന്നതിനു പകരം അതിനെ പിന്തുണച്ച് ആ പാപഭാരം ഏറ്റെടുക്കുന്നതില്‍ പങ്കാളിയായ പ്രതിപക്ഷനടപടി സ്വയം വഞ്ചിക്കുന്നതായി എന്ന് സുധീരന്‍ പറഞ്ഞു.

നാടിനും ജനങ്ങള്‍ക്കും നന്മവരുന്ന കാര്യങ്ങളില്‍ ഭരണകക്ഷിയും പ്രതിപക്ഷവും യോജിക്കണം. എന്നാല്‍ സര്‍വ്വ നിയമങ്ങളെയും വെല്ലുവിളിച്ചുകൊണ്ട് അതി ഗുരുതരമായ ക്രമക്കേടുകള്‍ നടത്തിയ കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സാധൂകരിക്കുന്ന ബില്ലിന് പ്രതിപക്ഷം പിന്തുണ കൊടുത്ത് ഏകകണ്ഠമായി പാസാക്കിയത് തെറ്റായ നടപടിയാണെന്നും അദ്ദേഹം ഫേസ്ബുക്കിലിട്ട കുറിപ്പില്‍ വ്യക്തമാക്കുന്നു.

വിദ്യാര്‍ഥികളെ തന്നെ തുറുപ്പ് ശീട്ടാക്കിയാണ് ഈ കള്ളക്കളികളെല്ലാം അരങ്ങേറിയതെന്നത് വിചിത്രമാണെന്നും നിയമവിരുദ്ധ കാര്യങ്ങള്‍ക്ക് വെള്ളപൂശുന്നതിലെ ഈ “ഐക്യം” പരിഹാസ്യവും ആപല്‍ക്കരവുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Read Also : മോദിയെ ആയുധമാക്കി തന്നെ 2019ല്‍ അധികാരം പിടിക്കാന്‍ രാഹുലിന്റെ തന്ത്രം; മോദിയുടെ പൊളളയായ വാഗ്ദാനങ്ങള്‍ പൊതുമധ്യത്തില്‍ പ്രദര്‍ശിപ്പിക്കും


നിയമസഭയില്‍ പ്രവേശനബില്ലിനെ എതിര്‍ത്തത് വി.ടി ബല്‍റാം എം.എല്‍.എ മാത്രമായിരുന്നു. ബില്ല് നിയമ വിരുദ്ധവും ദുരുദ്ദേശപരവും ആണെന്നും ഇത് അഴിമതിക്ക് വഴി ഒരുക്കുമെന്നും വിദ്യാര്‍ഥികള്‍ക്ക് എതിരായല്ല താന്‍ സംസാരിക്കുന്നതെന്നുമായിരുന്നു ബല്‍റാം പറഞ്ഞത്. അതേ സമയം ബല്‍റാമിന്റെ നിലപാട് തള്ളി രമേശ് ചെന്നിത്തല തന്നെ രംഗത്തെത്തിയിരുന്നു. വിദ്യാര്‍ഥികളുടെ ഭാവിയെ കരുതിയാണ് ബില്ലിനെ അനുകൂലിച്ചതെന്നും സര്‍ക്കാരുമായി ഇക്കാര്യത്തില്‍ ഒത്തുകളിയൊന്നുമില്ലെന്നുമായിരുന്നു ചെന്നിത്തല പറഞ്ഞത്. യൂത്ത് കോണ്‍ഗ്രസും ബില്ലിനെതിരെ രംഗത്ത് വന്നിരുന്നു.

കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളിലെ ചട്ടവിരുദ്ധ വിദ്യാര്‍ത്ഥി പ്രവേശനത്തില്‍ സുപ്രീംകോടതി വിമര്‍ശനം നിലനില്‍ക്കെയാണ് സര്‍ക്കാരും പ്രതിപക്ഷവും ഒത്തൊരുമിച്ച് ബില്‍പാസാക്കിയത്.


Read Also : ബംഗാളില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ അടിച്ചുകൊന്നു; ആക്രമണം നാമനിര്‍ദ്ദേശ പത്രികയുടെ അപേക്ഷ വാങ്ങാന്‍ പോകുന്നതിനിടെ


പ്രവേശനത്തെ അനുകൂലിച്ചുള്ള സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സിന്റെ സാധുത സംബന്ധിച്ച കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും.
രണ്ടു കോളജുകളിലും ചട്ടം ലംഘിച്ചു നടത്തിയ 135 വിദ്യാര്‍ഥികളുടെ പ്രവേശനം ജയിംസ് കമ്മിറ്റി റദ്ദാക്കിയിരുന്നു. ഇതു ഹൈക്കോടതിയും സുപ്രീം കോടതിയും ശരിവച്ചിരുന്നു. അതിനു പിന്നാലെയാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയത്. ഓര്‍ഡിനന്‍സ് ചോദ്യം ചെയ്തു മെഡിക്കല്‍ കൗണ്‍സിലാണ് സുപ്രീം കോടതിയെ സമീപിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

കൊള്ളലാഭത്തിനായി എന്തും ചെയ്യാന്‍ മടിക്കാത്ത ഈ സ്വാശ്രയക്കാരുടെ രക്ഷയ്ക്കായി നിയമം കൊണ്ടുവന്ന സര്‍ക്കാര്‍നടപടിയെ തുറന്നുകാണിക്കുന്നതിനു പകരം അതിനെ പിന്തുണച്ച് ആ പാപഭാരം ഏറ്റെടുക്കുന്നതില്‍ പങ്കാളിയായ പ്രതിപക്ഷനടപടി സ്വയം വഞ്ചിക്കുന്നതായി.

സ്വാശ്രയ കൊള്ളക്കാര്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസും യുഡിഎഫ് എംഎല്‍എമാരും നടത്തിയ സമരത്തെ ഇതോടെ നിരര്‍ത്ഥകമാക്കിയിരിക്കുകയാണ്.

വിദ്യാര്‍ഥികളെ തന്നെ തുറുപ്പ് ശീട്ടാക്കിയാണ് ഈ കള്ളക്കളികളെല്ലാം അരങ്ങേറിയതെന്നത് വിചിത്രമാണ്.

നിയമവിരുദ്ധ കാര്യങ്ങള്‍ക്ക് വെള്ളപൂശുന്നതിലെ ഈ “ഐക്യം” പരിഹാസ്യവും ആപല്‍ക്കരവുമാണ്. ഒരിക്കലും ആവര്‍ത്തിക്കാന്‍ പാടില്ലാത്തതുമാണ്.

We use cookies to give you the best possible experience. Learn more