തിരുവനന്തപുരം: രാജ്യസഭാ സീറ്റ് കേരളാകോണ്‍ഗ്രസിന് നല്‍കുന്നതിനെതിരെ ശക്തമായ എതിര്‍പ്പുമായി കെപി.സി.സി മുന്‍ പ്രസിഡന്റ് വി.എം സുധീരന്‍. കോണ്‍ഗ്രസിന് അവകാശപ്പെട്ട രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കരുതെന്ന് സുധീരന്‍ പറഞ്ഞു. ഇക്കാര്യം ഡല്‍ഹിയിലുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്‍ എന്നിവരെ അറിയിച്ചു.
കെ.എം.മാണി ഇപ്പോള്‍ യു.ഡി. എഫിലെ ഘടകകക്ഷി അല്ലെന്നും അങ്ങനെയുള്ള കക്ഷിക്ക് സീറ്റ് നല്‍കേണ്ട ആവശ്യം എന്താണെന്നും സുധീരന്‍ ചോദിച്ചു. സീറ്റ് നല്‍കിയാല്‍ തന്നെ ഭാവിയില്‍ മാണിയും കൂട്ടരും എന്ത് തരത്തിലുള്ള നിലപാടാണ് സ്വീകരിക്കുകയെന്ന് അറിയില്ലെന്നും സുധീരന്‍ പറഞ്ഞു. രാജ്യസഭയില്‍ കോണ്‍ഗ്രസിന്റെ അംഗങ്ങളുടെ കുറവുള്ളത് പരിഗണിക്കണമെന്നും സുധീരന്‍ പറഞ്ഞു.
കേരളത്തില്‍ ഒഴിവുവരുന്ന രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിനു വിട്ടുനല്‍കാനുള്ള ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തിലാണ് നിലപാട് കടുപ്പിച്ച് സുധീരന്‍ രംഗത്തെത്തിയത്.
മുസ്‌ലിം ലീഗ് ഇതു സംബന്ധിച്ചു കര്‍ക്കശമായ നിലപാടു കൈക്കൊള്ളുന്നതാണു കോണ്‍ഗ്രസിനെ വിട്ടുവീഴ്ചയ്ക്കു പ്രേരിപ്പിക്കുന്നത്.