| Wednesday, 31st August 2016, 12:56 pm

ബാര്‍ കോഴക്കേസില്‍ മൊഴി മാറ്റിപ്പറയാന്‍ ബാറുടമകള്‍ പണം വാങ്ങിയെന്ന ആരോപണവുമായി വി.എം രാധാകൃഷ്ണന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: ബാര്‍ കോഴക്കേസില്‍ മൊഴി മാറ്റി പറയാന്‍ ചില ബാറുടമകള്‍ പണം വാങ്ങിയെന്ന ആരോപണവുമായി ബാറുടമ വി.എം രാധാകൃഷ്ണന്‍. കേസില്‍ കുറ്റാരോപിതര്‍ക്ക് അനുകൂലമായി മൊഴി നല്‍കാന്‍ വേണ്ടി ചിലര്‍ പണവും ആനുകൂല്യങ്ങളും കൈപ്പറ്റിയെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.

ബാര്‍ ഓണേഴ്‌സ് അസോസിയേഷനിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലാ രജിസ്ട്രാര്‍ മുന്‍പാകെ നല്‍കിയ പരാതിയിലാണ് രാധാകൃഷ്ണന്‍ ഇക്കാര്യങ്ങള്‍ പറയുന്നത്. ബാര്‍ ഹോട്ടല്‍ അസോസിയേഷനില്‍ അംഗങ്ങളായ ഹോട്ടലുടമകളില്‍ നിന്നും ശേഖരിച്ച തെളിവുകള്‍ ഉള്‍പ്പെടെയാണ് കൈമാറിയത്.

ലീഗല്‍ ഫണ്ടെന്ന പേരില്‍ ബാര്‍ അസോസിയേഷന്‍ വന്‍ തുകയാണ് പിരിച്ചത്. ഓരോ ബാറുടമകളുടെയും കൈയില്‍ നിന്നും രണ്ടരലക്ഷം രൂപ വീതമാണ് ഇതിനായി പിരിച്ചെടുത്തത്. ഈ തുകയാണ് ബാര്‍ ലൈസന്‍സുമായി ബന്ധപ്പെട്ട് രാഷ്ട്രീയക്കാര്‍ക്ക് കോഴ കൊടുക്കാന്‍ ഉപയോഗിച്ചതെന്നാണ് രാധാകൃഷ്ണന്റെ ആരോപണം.

“ലീഗല്‍ ഫണ്ടെന്ന പ്രധാന ആവശ്യം ഞങ്ങള്‍ക്കു വരുന്നത് ബാറുകള്‍ പൂട്ടിയശേഷമാണ്. ഇങ്ങനെയൊരു ബാര്‍ കേസ് വരുമെന്നും അന്ന് നമുക്ക് നിയമപരമായ സഹായം ആവശ്യം വരുമെന്നും ഫണ്ട് ആവശ്യം വരുമെന്നുമൊക്കെ മുന്‍കൂട്ടി കാണാന്‍ ഇവര്‍ക്ക് എന്ത് ദീര്‍ഘദൃഷ്ടിയാണുണ്ടായിരുന്നത്. അപ്പോള്‍ അന്ന് പണം പിരിച്ചതിന്റെ ഉദ്ദേശം ലീഗല്‍ ഫണ്ടെല്ല എന്നത് വളരെ വ്യക്തമാണ്. അപ്പോള്‍ മറ്റെന്തോ ആയിരുന്നു, അത് ഏതൊക്കെ വഴിക്കുപോയി ആര്‍ക്കൊക്കെ പോയി എന്ന കാര്യങ്ങള്‍ അന്വേഷണ വിധേയമാക്കേണ്ടതുണ്ട്.” രാധാകൃഷ്ണന്‍ പറയുന്നു.

ബാര്‍ അസോസിയേഷന്‍ കണക്കുകള്‍ ഓഡിറ്റ് ചെയ്ത് കൃത്യമായി സമര്‍പ്പിച്ചിട്ടില്ലെന്നും വി.എം രാധാകൃഷ്ണന്‍ മൊഴി നല്‍കി.

ബാര്‍ കോഴയുമായി ബന്ധപ്പെട്ട് വിജിലന്‍സ് പുനരന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഈ അവസരത്തിലാണ് ബാര്‍കോഴയുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തല്‍ ഉണ്ടാകുന്നത്.

We use cookies to give you the best possible experience. Learn more