ശ്രീകണ്ഠാപുരം: യൂട്യൂബര്‍ തൊപ്പി എന്ന മുഹമ്മദ് നിഹാദ് വീണ്ടും അറസ്റ്റില്‍. മാങ്ങാട്ടെ വീടിന് സമീപത്ത് വെച്ചാണ് ശ്രീകണ്ഠാപുരം എസ്.എച്ച്.ഒ രാജേഷ് തൊപ്പിയെ അറസ്റ്റ് ചെയ്തത്. തുമ്പേനിയിലെ കൊല്ലറക്കല്‍ സജി സേവ്യറിന്റെ പരാതിയിലാണ് അറസ്റ്റ്.
കമ്പിവേലി നിര്‍മിക്കുന്ന ജോലി ചെയ്യുന്ന സേവ്യറിനെ നിഹാദ് യൂട്യൂബിലൂടെ നിരന്തരം അശ്ലീലമായ രീതിയില്‍ അവഹേളിച്ചെന്നാണ് കേസ്. സജി സേവ്യര്‍ സ്ഥാപിക്കുന്ന കമ്പിവേലികളില്‍ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെ പരസ്യം നല്‍കാറുണ്ട്.
അങ്ങനെയൊരു പരസ്യ ബോര്‍ഡില്‍ നിന്ന് നമ്പറെടുത്ത് നിഹാദ് സേവ്യറെ വിളിക്കുകയും അശ്ലീല സംഭാഷണം നടത്തുകയുമായിരുന്നു. ഇതിന്റെ വോയ്‌സ് റെക്കോര്‍ഡിനൊപ്പം വീഡിയോയും റെക്കോര്‍ഡ് ചെയ്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു.
ഇതിന് പിന്നാലെ നിരവധി പേര്‍ സജിയെ ഫോണില്‍ വിളിച്ച് അശ്ലീലം പറയാന്‍ തുടങ്ങിയിരുന്നു. ഈ മാസം അഞ്ചിനാണ് സജി സേവ്യര്‍ ശ്രീകണ്ഠാപുരം പൊലീസില്‍ പരാതി നല്‍കിയത്.
അതേസമയം, പൊലീസ് ചോദ്യം ചെയ്യലിനെ കൂസലില്ലാതെയാണ് നിഹാദ് നേരിട്ടതെന്നും, ഐ.ടി നിയമത്തെക്കുറിച്ചോ അതിന്റെ ശിക്ഷയെക്കുറിച്ചോ ഒന്നും തൊപ്പിക്ക് അറിയില്ലെന്നാണ് മനസിലാകുന്നതെന്നും പൊലീസ് പറഞ്ഞു.
അമേരിക്കയിലെ ഒരു യൂട്യൂബറെ മാതൃകയാക്കിയാണ് ആളുകളെ ഹരംകൊള്ളിക്കുന്ന വിഷയങ്ങള്‍ താന്‍ കൈകാര്യം ചെയ്യുന്നതെന്നും നിഹാദ് പൊലീസിന് മൊഴി നല്‍കി. ഐ.ടി നിയമത്തെപ്പറ്റിയും അതിന് ലഭിക്കുന്ന ശിക്ഷയെപ്പറ്റിയും പൊലീസ് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചതോടെ തൊപ്പി അസ്വസ്ഥനായെന്നും പൊലീസ് അറിയിച്ചു.