| Thursday, 1st July 2021, 9:54 am

സ്ഥലം എം.പി. വിളിച്ചിട്ടാണ് പോയത്, ഇടമലക്കുടിയിൽ സൗകര്യങ്ങളൊരുക്കാന്‍ വിവാദം ഉണ്ടാക്കുന്നവര്‍ക്ക് സാധിക്കുന്നില്ല; യാത്രാ വിവാദത്തില്‍ സുജിത്ത് ഭക്തന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ആദിവാസി ഗ്രോതവര്‍ഗ പഞ്ചായത്തായ ഇടുക്കി ഇടമലക്കുടിയിലേക്ക് ഡീന്‍ കുര്യാക്കോസ് എം.പിയുമായുള്ള യാത്രാ വിവാദത്തില്‍ മറുപടിയുമായി വ്ളോഗര്‍ സുജിത്ത് ഭക്തന്‍. ടൈംസ് ഓഫ് ഇന്ത്യയില്‍ ഇതുസംബന്ധിച്ചുവന്ന ഒരു വാര്‍ത്ത കട്ടിംഗ് പങ്കുവെച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സ്ഥലം എം.പി. വിളിച്ചിട്ടാണ് പോയത്. അവിടുത്തെ കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും വീഡിയോയിലൂടെ കാണിച്ചതുകൊണ്ടാണ് പൊതുജനം ഇടമലക്കുടിയുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കിയതെന്നും സുജിത്ത് ഭക്തന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

വിഷയത്തില്‍ എന്ത് നിയമ നടപടികള്‍ നേരിടേണ്ടി വന്നാലും അത് സന്തോഷപൂര്‍വ്വം നേരിടാന്‍ താന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

135 കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിലേക്ക് എന്തുകൊണ്ട് വേണ്ടത്ര സൗകര്യങ്ങള്‍ ചെയ്തുകൊടുക്കാന്‍ ഈ വിവാദം ഉണ്ടാക്കുന്നവര്‍ക്ക് സാധിക്കുന്നില്ലെന്ന് സുജിത്ത് ഭക്തന്‍ ചോദിച്ചു.

10 കിലോ മീറ്റര്‍ ദൂരം മൂന്ന് മണിക്കൂര്‍ ജീപ്പില്‍ സഞ്ചരിച്ച് വേണം അവിടേക്ക് എത്താനായിട്ട്. ഗര്‍ഭിണികള്‍ ഉള്‍പ്പെടെയുള്ള രോഗികളെ തുണിത്തൊട്ടില്‍ പോലെ ഉണ്ടാക്കി ചുമന്നുകൊണ്ടാണ് അവര്‍ നാട്ടിലേക്ക് കൊണ്ടുപോകുന്നത്. മൂവായിരത്തോളം ജനങ്ങള്‍ താമസിക്കുന്ന ആ ഗ്രാമപഞ്ചായത്തിലേക്ക് എന്തുകൊണ്ട് ഒരു നല്ല വഴി ഇതുവരെ പണിത് കൊടുക്കാന്‍ അധികൃതര്‍ക്ക് സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ഭക്തന്‍ വീഡിയോ എടുത്ത് ഇട്ടതിനാണ് എല്ലാവര്‍ക്കും കുഴപ്പം. ആദ്യം പറഞ്ഞത് കൊവിഡ് പരത്താന്‍ നോക്കി എന്നായിരുന്നു. വീഡിയോ കണ്ടപ്പോള്‍ അതില്‍ കഴമ്പില്ലെന്ന് മനസ്സിലായി. പിന്നെ അനധികൃതമായി കടന്നു എന്നാരോപിച്ചു, അപ്പോഴാകട്ടെ പോയത് ഫോറസ്റ്റിന്റെ ജീപ്പില്‍. അതും രക്ഷയില്ല എന്ന് മനസ്സിലായി.

പിന്നെ അവസാനത്തെ കൈ ആണ് ട്രൈബല്‍സിന്റെ വീഡിയോ ഷൂട്ട് ചെയ്തു എന്നുള്ളത്. ഭക്തന്‍ ചെയ്യുമ്പോള്‍ മാത്രമാണോ ഫോറസ്റ്റും മറ്റുള്ളവരും ഇതൊക്കെ കാണുന്നത് എന്നൊരു സംശയം നേരത്തെ തന്നെ ഉണ്ടായിരുന്നു,’ സുജിത്ത് ഭക്തന്‍ ഫേസ്ബുക്കില്‍ എഴുതി.

സുജിത്ത് ഭക്തന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഇന്നലത്തെ ടൈംസ് ഓഫ് ഇന്ത്യയില്‍ വന്ന ഒരു വാര്‍ത്തയാണ് ഇത്. ഭക്തന്‍ വീഡിയോ എടുത്ത് ഇട്ടതിനാണ് എല്ലാവര്‍ക്കും കുഴപ്പം. ആദ്യം പറഞ്ഞത് കൊവിഡ് പരത്താന്‍ നോക്കി എന്നായിരുന്നു. വീഡിയോ കണ്ടപ്പോള്‍ അതില്‍ കഴമ്പില്ലെന്ന് മനസ്സിലായി. പിന്നെ അനധികൃതമായി കടന്നു എന്നാരോപിച്ചു, അപ്പോഴാകട്ടെ പോയത് ഫോറസ്റ്റിന്റെ ജീപ്പില്‍. അതും രക്ഷയില്ല എന്ന് മനസ്സിലായി. പിന്നെ അവസാനത്തെ കൈ ആണ് ട്രൈബല്‍സിന്റെ വീഡിയോ ഷൂട്ട് ചെയ്തു എന്നുള്ളത്. ഭക്തന്‍ ചെയ്യുമ്പോള്‍ മാത്രമാണോ ഫോറസ്റ്റും മറ്റുള്ളവരും ഇതൊക്കെ കാണുന്നത് എന്നൊരു സംശയം നേരത്തെ തന്നെ ഉണ്ടായിരുന്നു.

സ്ഥലം എം.പി. വിളിച്ചിട്ടാണ് പോയത്. അവിടുത്തെ കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും വീഡിയോയിലൂടെ കാണിച്ചതുകൊണ്ടാണ് പൊതുജനം ഇടമലക്കുടിയുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കിയത്. 10 കിലോ മീറ്റര്‍ ദൂരം മൂന്ന് മണിക്കൂര്‍ ജീപ്പില്‍ സഞ്ചരിച്ച് വേണം അവിടേക്ക് എത്താനായിട്ട്. ഗര്‍ഭിണികള്‍ ഉള്‍പ്പെടെയുള്ള രോഗികളെ തുണിത്തൊട്ടില്‍ പോലെ ഉണ്ടാക്കി ചുമന്നുകൊണ്ടാണ് അവര്‍ നാട്ടിലേക്ക് കൊണ്ടുപോകുന്നത്. മൂവായിരത്തോളം ജനങ്ങള്‍ താമസിക്കുന്ന ആ ഗ്രാമപഞ്ചായത്തിലേക്ക് എന്തുകൊണ്ട് ഒരു നല്ല വഴി ഇതുവരെ പണിത് കൊടുക്കാന്‍ അധികൃതര്‍ക്ക് സാധിച്ചില്ല? 135 കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിലേക്ക് എന്തുകൊണ്ട് വേണ്ടത്ര സൗകര്യങ്ങള്‍ ചെയ്തുകൊടുക്കാന്‍ ഈ വിവാദം ഉണ്ടാക്കുന്നവര്‍ക്ക് സാധിക്കുന്നില്ല?

എം.എന്‍. ജയചന്ദ്രന്‍ എന്ന വ്യക്തി നാഷണല്‍ എസ്.ടി. കമ്മീഷന് പരാതി നല്‍കി എന്ന് വാര്‍ത്തയില്‍ പറയുന്നു, എന്റെ പൊന്നു ചേട്ടാ, ചേട്ടന്‍ ഈ സ്ഥലം ഒന്ന് പോയി കണ്ടിട്ടുണ്ടോ? അവിടുത്തെ കുട്ടികളുടെ വിദ്യാഭ്യാസം മികച്ചതാക്കുവാന്‍ സഹായിക്കാന്‍ പോയതാണോ ഞങ്ങള്‍ ചെയ്ത തെറ്റ്? കേരളത്തില്‍ ഇപ്പോള്‍ നിലവില്‍ കുട്ടികള്‍ സ്‌കൂളില്‍ പോയി പഠിക്കുന്ന ഏക സ്‌കൂളാണ് അവിടെ ഉള്ളത്. ഇന്റര്‍നെറ്റോ ഒന്നും ഇല്ലാത്തതിനാല്‍ ഓണ്‍ലൈന്‍ ക്ലാസ് നടത്താന്‍ പറ്റാത്ത സ്ഥലം.

ഒരു ക്ലാസ് മുറിയില്‍ തന്നെ ക്ലാസ് നടത്തുന്നു കുട്ടികള്‍ക്കുള്ള ഭക്ഷണം പാചകം ചെയ്യുന്നു, അധ്യാപകര്‍ കിടന്നുറങ്ങുന്നത് ഓഫീസ് മുറിയിലെ വൃത്തിഹീനമായ അന്തരീക്ഷത്തില്‍.

വീഡിയോ എടുത്ത് ഇട്ടത് അവിടുത്തെ കഷ്ടപ്പാടുകള്‍ പുറം ലോകം അറിയാന്‍ വേണ്ടിയാണ്. നിങ്ങളൊക്കെ ഇടമലക്കുടിയെ അത്യധികം സ്‌നേഹിക്കുന്നു എങ്കില്‍ എനിക്കെതിരെ പരാതി നല്‍കി സമയം കളയുകയല്ല വേണ്ടത്, പകരം ഇടമലക്കുടയിലെ ആളുകളെ സഹായിക്കാന്‍ നോക്കൂ. ഈ വിഷയത്തില്‍ എന്ത് നിയമനടപടികള്‍ നേരിടേണ്ടി വന്നാലും അത് സന്തോഷപൂര്‍വ്വം നേരിടാന്‍ ഞാന്‍ തയ്യാറാണെന്നും അറിയിക്കുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: Vlogger Sujith Bhaktan responds to travel controversy with Dean Kuriakose MP

Latest Stories

We use cookies to give you the best possible experience. Learn more