| Friday, 8th January 2021, 8:28 am

'പാന്റ് അല്ല, ട്രൗസറും ഊരും, പലതും ചെയ്യും, ഇത് നാട് വേറെയാണ്';യുവാവിന്റെ പാന്റ് വലിച്ചുകീറിയ വീഡിയോയില്‍ മറുപടിയുമായി വ്‌ളോഗര്‍ കുഞ്ഞാന്‍

സ്പോര്‍ട്സ് ഡെസ്‌ക്

പാണ്ടിക്കാട്: ഇറക്കം കുറവാണെന്ന് പറഞ്ഞ് യുവാവിന്റെ പാന്റ് വലിച്ചുകീറുന്ന വീഡിയോ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് വിവാദത്തിലായ വ്‌ളോഗര്‍ മറുപടി വീഡിയോയുമായി രംഗത്ത്. വ്‌ളോഗര്‍ പാണ്ടിക്കാട് കുഞ്ഞാനാണ് പുതിയ വീഡിയോയുമായി രംഗത്തുവന്നിരിക്കുന്നത്.

പാന്റു കീറിയ യുവാവിനോ അയാളുടെ വീട്ടുകാര്‍ക്കോ നാട്ടുകാര്‍ക്കോ ഇല്ലാത്ത പരാതിയാണ് മറ്റുള്ളവര്‍ക്കെന്നും വിമര്‍ശിക്കുന്നവര്‍ അനാവശ്യമായി ഇടപെടുകയാണെന്നുമാണ് പുതിയ വീഡിയോയില്‍ പറയുന്നത്.

‘ഞങ്ങള്‍ ഞങ്ങളുടെ നാട്ടിലെ ചെക്കന്‍മാര് തമ്മില്‍ ചിലപ്പോള്‍ കുതിര കളിക്കും, ചെലപ്പോ ഉന്തിയിടും, ചിലപ്പോ പാന്റ് കീറും. ഇതൊന്നും കണ്ട് നിങ്ങള്‍ക്ക കുരു പൊട്ടാന്‍ നിക്കണ്ട. ഇത് വേറെ നാടാണ്. ഇത് സുല്‍ത്താനിയ ഒറവുംപുറം ആണ്. എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ നേരെ വരുക.’ കുഞ്ഞാന്റെ വീഡിയോയില്‍ പറയുന്നു.

വിമര്‍ശിക്കുന്ന രണ്ടുമൂന്നു ചെറ്റകള്‍ക്കുള്ള മറുപടി എന്റെ നാട്ടില്‍ ഞാന്‍ പലതും ചെയ്യും എന്നു പറഞ്ഞുകൊണ്ടാണ് ലൈവ് വീഡിയോ ഇയാള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

പാന്റ് കീറിയതിന് പകരം യുവാവിന് പുതിയത് വാങ്ങിക്കൊടുത്തിട്ടുണ്ടെന്നും കുഞ്ഞാന്‍ പറയുന്നു. ഫിറോസ് കുന്നംപറമ്പിലിനോടുള്ള വിരോധമാണ് തന്നോട് ചിലര്‍ തീര്‍ക്കുന്നതെന്നും കുഞ്ഞാന്‍ പറയുന്നു.

കഴിഞ്ഞ ദിവസമാണ് പാണ്ടിക്കാട് കുഞ്ഞാന്റെ വീഡിയോ വിവാദത്തിലാവുന്നത്. പാച്ച്ഡ് ജീന്‍സ് ധരിച്ചെത്തിയ യുവാവിനെ പിടിച്ചുനിര്‍ത്തി പാന്റിന്റെ മുട്ടിന് കീഴിലേക്കുള്ള ഭാഗം വലിച്ചുകീറുന്ന വീഡിയോയായിരുന്നു ഇത്. യുവാവിനെ തലകീഴാക്കി തൂക്കിപ്പിടിക്കുന്നതും ഇനി ഇത്തരം വസ്ത്രങ്ങള്‍ ധരിക്കരുതെന്ന് ഭീഷണി മുഴക്കുന്നതും വീഡിയോയില്‍ ഉണ്ടായിരുന്നു.


ഫേസ്ബുക്കിലും യൂട്യൂബിലും കുഞ്ഞാന്‍ വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. ഇത് സദാചാര പൊലീസിംഗ് ആണെന്നും വ്യക്തിസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും വിമര്‍ശനങ്ങളുയര്‍ന്നു. ഇത്തരം അതിക്രമങ്ങള്‍ക്കെതിരെ തക്കതായ നടപടിയുണ്ടാകണമെന്നും സമൂഹമാധ്യമങ്ങളില്‍ ആവശ്യമുയര്‍ന്നിരുന്നു.

വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ കുഞ്ഞാന്‍ ഈ വീഡിയോ ഡിലീറ്റ് ചെയ്യുകയായിരുന്നു. എന്നാല്‍ ഇത് വിമര്‍ശനങ്ങളെ പേടിച്ചല്ലെന്നും തന്റെ ‘ഔറത്ത്’ മറക്കുന്നതിന് വേണ്ടിയാണെന്നുമായിരുന്നു കുഞ്ഞാന്റെ പ്രതികരണം.

‘ഞങ്ങള്‍ ഈ ബസ് സ്റ്റോപ്പിലുണ്ടാകും. ഇവിടെ ഒരു ലോഡ് ചെക്കന്‍മാരുണ്ട്. ഇതൊന്നും കണ്ട് കുരുപൊട്ടണ്ട. എന്റെ നാട്ടില്‍ പാന്റ് അല്ല, ട്രൗസര്‍ വരെ ഊരും. ഇന്ത്യ സ്വതന്ത്ര്യ രാജ്യമാണ്. അതില്‍ പലതുമുണ്ടാകും.

നിങ്ങള്‍ വീഡിയോ മുഴുവന്‍ കാണാതെയാണ് വിമര്‍ശിക്കുന്നത്. ഞങ്ങളുടെ നാട്ടില്‍ ചെറുക്കന്‍മാരെ പലതും ചെയ്യും. ചെക്കന്‍ പുതിയ പാന്റിട്ട് വന്നിരിക്കുകയാണ്. ഞങ്ങള്‍ തമാശ ലെവലിലാണ് അത് എടുത്തത്. അവനെ തൂക്കിപ്പിടിച്ചതിലൊന്നും കഥയില്ല. ഇതിന്റെ പേരില്‍ കുരുപൊട്ടിക്കേണ്ട. ഈ വിഷയം കഴിഞ്ഞതാണ്. ഞങ്ങള്‍ക്കില്ലാത്ത പ്രശ്നം എന്തിനാണ് ചങ്ങാതിമാരെ നിങ്ങള്‍ക്ക്?’ കുഞ്ഞാന്‍ ഫേസ്ബുക്കില്‍ ലൈവില്‍ പറഞ്ഞു.

സംഭവത്തില്‍ പ്രതികരണവുമായി കുഞ്ഞാന്‍ ജീന്‍സ് കീറിയ യുവാവ് രംഗത്തെത്തിയിരുന്നു. ഞാന്‍ കീറിയ പാന്റിട്ട് വന്നത് കുഞ്ഞാന്‍ കാക്ക കീറി. അതില്‍ എനിക്ക് കുഴപ്പമില്ല. പുതിയ പാന്റ് വാങ്ങി തന്നിട്ടുണ്ടെന്നും യുവാവ് പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Vlogger Kunjan Pandikad video response to criticism against tearing off youngster’s trendy jeans video

We use cookies to give you the best possible experience. Learn more