| Tuesday, 5th September 2023, 11:41 am

ഭാര്യ പുറത്തിറങ്ങി നില്‍ക്കുമ്പോള്‍ 'കേറിപ്പോടി അകത്ത്' എന്ന് പറയുന്ന പുരുഷനെ നമുക്കെന്തോ ഇഷ്ട്ടമാണ്: ഉണ്ണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളി കുലപുരുഷന്‍ എന്ന സങ്കല്‍പത്തിനനുസരിച്ചുള്ള പെരുമാറ്റം കൊണ്ടാണ് അഖില്‍ മാരാര്‍ ബിഗ് ബോസ് ടൈറ്റില്‍ വിന്നറായതെന്ന് യൂട്യൂബര്‍ ഉണ്ണി. കുലപുരുഷന് എതിര് നില്‍ക്കുന്ന ആളിന് കൊടുക്കേണ്ട പരിഗണനയെ പറ്റി ആളുകള്‍ ചിന്തിക്കില്ലെന്നും പച്ചമനുഷ്യന്‍ എന്ന പറച്ചിലും അഖിലിന് അനുകൂലമായി എന്നും ഉണ്ണി പറഞ്ഞു. ബിഹൈന്‍ഡ്വുഡ്‌സ് ഐസിന്റെ അഭിമുഖത്തിലാണ് ഉണ്ണി തന്റെ അഭിപ്രായം പങ്കുവെച്ചത്.

‘ഒരു മലയാളി കുല പുരുഷന്‍ സാധനം കൊണ്ടാണ് അഖില്‍ മാരാര്‍ ജയിച്ചത് എന്നാണ് ഞാന്‍ മനസിലാക്കിയത്. നാട്ടില്‍ ഒരു വേലിത്തര്‍ക്കം വന്നു, അവിടെ ചാടി വീണ്, വടിയൊക്കെയെടുത്ത് ചുഴറ്റി മാറിനിക്കടാ എന്നൊക്കെ പറഞ്ഞു ബഹളം വെക്കുന്ന, മുണ്ടു മടക്കിയുടുത്ത് ഷര്‍ട്ട് ഇല്ലാതെ ബഹളം വെക്കുന്ന, ഭാര്യ പുറത്തിറങ്ങി നില്‍ക്കുമ്പോള്‍ കേറിപോടി അകത്ത് എന്ന് പറയുന്ന ഒരു പുരുഷനെ നമുക്കെന്തോ ഇഷ്ട്മാണ്.

കുറെ കാലം മുന്‍പ് കണ്ടിട്ടുള്ള എന്റെ അമ്മാവന്‍ അങ്ങനെയായിരുന്നു, എന്റെ അപ്പൂപ്പന്‍ അങ്ങനെയായിരുന്നു, എന്റെ വല്യച്ഛന്‍ അങ്ങനെയായിരുന്നു എന്നതുകൊണ്ട് നമുക്കത് റിലേറ്റ് ചെയ്യാന്‍ പറ്റുന്നുണ്ട്. അപ്പോള്‍ നമുക്ക് തോന്നും, കൊള്ളാലോ നല്ല കെയറിങ് ആയിട്ടുള്ള മനുഷ്യനാണ് എന്ന്. പിന്നെ അതേപോലെ പച്ച മനുഷ്യനായി തോന്നും. നമ്മുടെയൊക്കെ നാട്ടില്‍ റോബിനൊക്കെ ഒച്ചവെക്കുന്നതും തെറി വിളിക്കുന്നതുമൊക്കെ ഹിറ്റാവുന്നതും പച്ചയായ മനുഷ്യന്‍ എന്ന ഒരു ധാരണ ഉള്ളതുകൊണ്ടാണ്.

പച്ചത്തെറി പറയുന്നവരൊക്കെ പച്ചയായ മനുഷ്യരല്ല. എക്‌പ്രെസ് ചെയ്യുക എന്നാല്‍ മറുവശത്തു നില്‍ക്കുന്ന ആളെകൂടെ പരിഗണിക്കണമല്ലോ. ഈ പറയുന്ന മലയാളി കുലപുരുഷന്‍ എന്ന് പറയുമ്പോള്‍ ഓപ്പോസിറ്റ് നില്‍ക്കുന്ന ആള്‍ നമുക്ക് വിഷയമല്ല. ഇപ്പോള്‍ എന്നെ കാണാന്‍ ഒരു അതിഥി വന്നിരിക്കുന്നു. ഞാനും ആയാളും വലിയ കുഴപ്പം ഇല്ലാത്ത ഒരു സംസാരമാണ്. എന്നാലും എനിക്ക് അധികം ഇഷ്ട്ടപെടുന്നില്ലെന്ന് വെച്ചോ, അപ്പോള്‍ ചായേം കൊണ്ടുവരുന്ന ഭാര്യയേയോ അല്ലെങ്കില്‍ ആരാന്നുവെച്ചാല്‍ ‘കേറി പോടീ അകത്ത്’ എന്ന് പറയുന്ന ഒരവസ്ഥ. അതിനൊക്കെ ഇവിടെ നല്ല മാര്‍ക്കറ്റുണ്ട്.

അതില്‍ റണ്ണര്‍ അപ്പ് വന്ന റെനീഷ മാത്രമാണ് ആ കൂട്ടത്തില്‍ ഇവര്‍ എന്തെങ്കിലും പണി പറയുന്ന സമയത്ത് ‘പറ്റില്ല, അത് ഞാന്‍ ചെയ്യേണ്ട കാര്യമില്ല എന്ന് പറയാത്ത ആള്‍. ഒരു ടാസ്‌കിന്റെ ഇടയില്‍ ‘കുറച്ച് വെള്ളം എടുത്തോണ്ട് വന്നേ’ എന്ന് പറഞ്ഞാല്‍ അവര്‍ എടുത്ത് കൊടുക്കും. കാരണം അവര്‍ കറക്റ്റ് അനിയത്തികുട്ടിയാണ്.

ഈ പറയുന്ന എക്‌സ്ട്രീം കുലപുരുഷന്‍ പറയുന്നതൊക്കെ അംഗീകരിച്ചുകൊടുക്കാന്‍ റെഡി ആയിട്ടുള്ള ഒരാളാണ്. അവരേയും നമുക്ക് ഇഷ്ടപ്പെടും. കാരണം എന്റെ അനിയത്തി അങ്ങനെയായിരുന്നു എന്റെ ചേച്ചി അങ്ങനെയായിരുന്നു എന്റെ അയല്‍പക്കത്ത് ഞാന്‍ കണ്ട ചേച്ചി അങ്ങനെയായിരുന്നു എന്ന് പറയുന്ന വാര്‍പ്പ് മാതൃകകള്‍ ഒക്കെ തൃപ്തിപ്പെടുത്തുന്നതുകൊണ്ടാണ് എല്ലാവര്‍ക്കും അവരോടൊരു ഇഷ്ട്ടം തോന്നുന്നത്,’ ഉണ്ണി പറഞ്ഞു.

Content Highlight: Vloger Unni talks about Akhil Marar

We use cookies to give you the best possible experience. Learn more