Advertisement
national news
വ്‌ളാഡ്മിര്‍ പുതിന് പാര്‍ക്കിന്‍സണ്‍; അടുത്ത വര്‍ഷം ആദ്യം സ്ഥാനമൊഴിഞ്ഞേക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Nov 06, 07:14 am
Friday, 6th November 2020, 12:44 pm

മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡ്മിര്‍ പുതിന്‍ 2021ല്‍ സ്ഥാനമൊഴിഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. പുതിന് പാര്‍ക്കിന്‍സണ്‍ രോഗത്തിന്റെ പ്രാഥമിക ലക്ഷണങ്ങള്‍ ഉണ്ടെന്നും അതിനാലാണ് അധികാരമൊഴിയുന്നത് എന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

68കാരനായ പുതിന് നിലവില്‍ കാലുകള്‍ ചലിപ്പിക്കുന്നതിനും കൈവിരല്‍ മടക്കുന്നതിനും പ്രയാസമുണ്ടെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പേനയുള്‍പ്പെടെയുള്ള വസ്തുക്കള്‍ പിടിക്കുമ്പോള്‍ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് പാര്‍ക്കിന്‍സണ്‍ രോഗം കണ്ടെത്തിയത് എന്നും റിപ്പോര്‍ട്ടുകളുണ്ട്.

അടുത്തവര്‍ഷം ആദ്യം തന്നെ പ്രസിഡന്റ് പദവി ഒഴിയുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് ദ സണ്ണിനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ആരോഗ്യ പ്രശ്‌നങ്ങള്‍ ഗുരുതരമാകുന്നതിനെ തുടര്‍ന്ന് സ്ഥാനമൊഴിയാന്‍ അദ്ദേഹത്തിന് കുടുംബത്തില്‍ നിന്നും സമ്മര്‍ദ്ദം ഉണ്ട്.

രണ്ട് ദശാബ്ദമായി തുടര്‍ച്ചയായി റഷ്യയുടെ ഭരണാധികാരിയാണ് പുതിന്‍. ഈയടുത്ത് 2036വരെ പുതിനെ പ്രസിഡന്റായി തുടരാന്‍ അനുവദിക്കുന്ന ഭരണഘടന ഭേദഗതിയും അദ്ദേഹം കൊണ്ടുവന്നിരുന്നു. ഇതില്‍ സ്വവര്‍ഗ വിവാഹം വിലക്കുകയും ചെയ്തിരുന്നു.

നിലവില്‍ പ്രസിഡന്റായി തുടരുന്നിടത്തോളം പുതിന് കുറ്റാരോപണങ്ങളില്‍ അന്വേഷണം നേരിടേണ്ടതില്ല. ഈ പരിരക്ഷ സ്ഥാനമൊഴിഞ്ഞാലും പുതിന് അനുവദിച്ച് കിട്ടാനുള്ള ശ്രമങ്ങള്‍ പാര്‍ലമെന്ററി വര്‍ക്കിങ്ങ് കമ്മിറ്റി പരിശോധിച്ച് വരികയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മുന്‍ പ്രസിഡന്റുമാര്‍ക്ക് ക്രിമിനല്‍ പ്രോസിക്യൂഷന്‍ നടപടികളില്‍ നിന്ന് ആജീവനാന്തം സംരക്ഷണം നല്‍കുന്ന നിയമനിര്‍മാണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമാകുന്നതിനിടയിലാണ് പുതിന്റെ രാജിയെ സംബന്ധിച്ച ഊഹാപോഹങ്ങളും പുറത്തുവന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Russian President Vladmir Putin may quit-as he suffers from Parkinson