മോസ്‌കോ: നാറ്റോ സഖ്യത്തിന്റെ ‘സാമ്രാജ്യത്വ സ്വപ്‌ന’ങ്ങളെ വിമര്‍ശിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. ഉക്രൈന്‍ പ്രതിസന്ധി വിഷയത്തിലൂടെ തങ്ങളുടെ മേധാവിത്തം ഊട്ടിയുറപ്പിക്കാനാണ് നാറ്റോ ശ്രമിക്കുന്നതെന്നും പുടിന്‍ ആരോപിച്ചു.
സ്‌പെയിനിലെ മാഡ്രിഡില്‍ നാറ്റോ ഉച്ചകോടി നടക്കുന്നതിനിടെയാണ് റഷ്യന്‍ പ്രസിഡന്റിന്റെ പ്രതികരണം.
കഴിഞ്ഞ ദിവസം ഫിന്‍ലാന്‍ഡ്, സ്വീഡന്‍ എന്നീ രാജ്യങ്ങള്‍ നാറ്റോയില്‍ ചേരുന്നതിലുള്ള എതിര്‍പ്പ് നാറ്റോ സഖ്യരാജ്യമായ തുര്‍ക്കി പിന്‍വലിക്കുകയും ഇരുരാജ്യങ്ങള്‍ക്കും നാറ്റോയില്‍ ചേരുന്നതിനുള്ള നടപടികളിലേക്ക് കടക്കുന്നതിന് വഴിയൊരുങ്ങുകയും ചെയ്തിരുന്നു. ഈ വിഷയത്തിലും പുടിന്‍ പ്രതികരിച്ചു.
ഫിന്‍ലാന്‍ഡിലും സ്വീഡനിലും നാറ്റോ മിലിറ്ററി ട്രൂപ്പുകളെയോ ഇന്‍ഫ്രാസ്ട്രക്ചറോ വിന്യസിച്ചാല്‍ പ്രതികരിക്കുമെന്നാണ് പുടിന്‍ പറഞ്ഞത്. ഇരുരാജ്യങ്ങളുമായുള്ള റഷ്യയുടെ ബന്ധം ഇവര്‍ നാറ്റോയില്‍ ചേരുന്നതോടെ വഷളാകും എന്ന സൂചനയും പുടിന്‍ നല്‍കുന്നു.
”ഉക്രൈനുമായി ഉള്ളതുപോലുള്ള പ്രശ്‌നം സ്വീഡനുമായോ ഫിന്‍ലാന്‍ഡുമായോ ഞങ്ങള്‍ക്കില്ല. അവര്‍ക്ക് നാറ്റോയില്‍ ചേരണമെങ്കില്‍ അങ്ങനെ മുന്നോട്ട് പോകട്ടെ.
പക്ഷെ അവര്‍ മനസിലാക്കേണ്ട ഒരു കാര്യമുണ്ട്, മുമ്പ് ഇവിടെ ഒരു ഭീഷണിയുണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന്, മിലിറ്ററിയെയോ ഇന്‍ഫ്രാസ്ട്രക്ചറോ ഈ രാജ്യങ്ങളില്‍ നാറ്റോ വിന്യസിക്കുകയാണെങ്കില്‍ ഞങ്ങള്‍ക്ക് പ്രതികരിക്കേണ്ടി വരും.
ഞങ്ങള്‍ക്ക് നേരെ ഈ പ്രദേശങ്ങളില്‍ നിന്ന് ഭീഷണി ഉയരുകയാണെങ്കില്‍ ഞങ്ങള്‍ക്കും അതേ നാണയത്തില്‍ തിരിച്ച് ഭീഷണി ഉയര്‍ത്തേണ്ടി വരും.
ഞങ്ങള്‍ക്കിടയില്‍ എല്ലാം ശരിയായിരുന്നു. എന്നാല്‍ ഇനിയങ്ങോട്ട് കുറച്ച് ടെന്‍ഷന്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്, തീര്‍ച്ചയായും ഉണ്ട്,” റഷ്യന്‍ സ്റ്റേറ്റ് ടെലിവിഷന് നല്‍കിയ പ്രതികരണത്തില്‍ പുടിന്‍ പറഞ്ഞു.
നാറ്റോ ഉച്ചകോടിക്ക് മുന്നോടിയായി ചൊവ്വാഴ്ച നടന്ന യോഗത്തിലാണ് നാറ്റോയില്‍ ഫിന്‍ലാന്‍ഡും സ്വീഡനും അംഗത്വമെടുക്കുന്നതിന് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗന്‍ സമ്മതം നല്‍കിയത്. ഇവരുടെ നാറ്റോ പ്രവേശനത്തിനെതിരായ വീറ്റോ തുര്‍ക്കി പിന്‍വലിക്കുകയും ചെയ്തു.
നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടന്‍ബര്‍ഗ്, എര്‍ദോഗന്‍, സ്വീഡിഷ് പ്രധാനമന്ത്രി മഗ്ദലീന ആന്‍ഡേഴ്‌സണ്‍, ഫിന്‍ലാന്‍ഡ് പ്രസിഡന്റ് സൗലി നിനിസ്റ്റോ എന്നിവര്‍ തമ്മിലാണ് യോഗം ചേര്‍ന്നത്. ഇതിന് പിന്നാലെ തുര്‍ക്കിയും സ്വീഡനും ഫിന്‍ലാന്‍ഡും ട്രൈലാറ്ററല്‍ മെമ്മോറാണ്ടത്തില്‍ ഒപ്പുവെച്ചു.
ഇതോടെ നാറ്റോ പ്രവേശനത്തിന് അപേക്ഷ നല്‍കിയതുമായി ബന്ധപ്പെട്ട നടപടികളുമായി ഇരുരാജ്യങ്ങളും മുന്നോട്ട് പോകും. ഇതുവരെ ന്യൂട്രല്‍ പൊസിഷന്‍ സ്വീകരിച്ചിരുന്ന ഈ നോര്‍ഡിക് രാജ്യങ്ങള്‍ നാറ്റോയില്‍ അംഗങ്ങളാകുന്നതോടെ യൂറോപ്യന്‍ സെക്യൂരിറ്റിയില്‍ തന്നെ വലിയൊരു ഷിഫ്റ്റായിരിക്കും സംഭവിക്കുക.
ജൂണ്‍ 29, 30 തീയതികളിലാണ് നാറ്റോ ഉച്ചകോടി നടക്കുന്നത്. അവിടെ വെച്ച് നാറ്റോ അംഗത്വത്തിന് അപേക്ഷിക്കാന്‍ സ്വീഡന്‍ പ്രധാനമന്ത്രി ലക്ഷ്യമിടുന്നുണ്ട്.
നാറ്റോ അംഗത്വത്തിന് അപേക്ഷിക്കുമെന്ന് ഫിന്‍ലാന്‍ഡ് പ്രധാനമന്ത്രി സന്ന മരിനും പ്രസിഡന്റ് സൗലി നിനിസ്റ്റോയും വ്യക്തമാക്കിയിരുന്നു.
Content Highlight: Vladimir Putin warns Finland and Sweden joining NATO, condemns NATO’s imperial ambitions