ട്രംപ് ചെയ്ത കാര്യങ്ങള്‍ ഒരിക്കലും കമല ചെയ്യില്ല, അതിനാല്‍ ഞാന്‍ അവരെ പിന്തുണയ്ക്കുന്നു: പുടിന്‍
World News
ട്രംപ് ചെയ്ത കാര്യങ്ങള്‍ ഒരിക്കലും കമല ചെയ്യില്ല, അതിനാല്‍ ഞാന്‍ അവരെ പിന്തുണയ്ക്കുന്നു: പുടിന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 5th September 2024, 6:40 pm

മോസ്‌കോ: നവംബറില്‍ നടക്കാനിരിക്കുന്ന യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി കമലാ ഹാരിസിന് പിന്തുണയുമായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍. വ്‌ളാഡിവോസ്‌കില്‍ നടന്ന ഈസ്‌റ്റേണ്‍ എക്കണോമിക് ഫോറത്തില്‍ സംസാരിക്കവയെയാണ് പുടിന്റെ വെളിപ്പെടുത്തല്‍.

‘അമേരിക്കന്‍ തെരഞ്ഞെടുപ്പിലെ ഒരു ഇഷ്ട സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുക്കാന്‍ പറയുകയാണെങ്കില്‍ ഞാന്‍ ജോ ബൈഡനെയാകും തെരഞ്ഞെടുക്കുക. എന്നാല്‍ അദ്ദേഹം സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ച സ്ഥിതിക്ക് എന്റെ പിന്തുണ മിസ്.ഹാരിസിനാണ്.

കാരണം ജോ ബൈഡന്‍ തന്നെ പ്രചരണ വേളയില്‍ ഹാരിസിനെ നേരിട്ട് പിന്തുണച്ചതാണ്. അതിനാല്‍ ഞാനും അത് തന്നെയാണ് ചെയ്യാന്‍ പോകുന്നത്. അവരുടെ ചിരി വളരെ ആകര്‍ഷണീയമാണ്. അതിന്റെ അര്‍ത്ഥം കാര്യങ്ങളെല്ലാം വളരെ നന്നായി മുന്നോട്ട് പോകും എന്ന് തന്നെയാണ്,’ പുടിന്‍ പറഞ്ഞു.

മുന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്റെ പ്രവര്‍ത്തനകാലയളവില്‍ റഷ്യയുടെ മേല്‍ നിരവധി ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. അതിനാല്‍ തന്നെ കമലാ ഹാരിസ് അത്തരം ഉപരോധങ്ങളില്‍ ഏര്‍പ്പെടില്ല എന്ന് താന്‍ പ്രതീക്ഷിക്കുന്നതായും പുടിന്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഈ വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് അമേരിക്കയിലെ ജനങ്ങള്‍ ആണെന്നും പുടിന്‍ അഭിപ്രായപ്പെട്ടു.

റഷ്യന്‍ സര്‍ക്കാരിന്റെ കീഴിലുള്ള വാര്‍ത്താ ചാനലായ ആര്‍.ടി ന്യൂസിന്റെ രണ്ട് പ്രധാന എഡിറ്റര്‍മാര്‍ അമേരിക്കന്‍ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നു എന്ന് യു.എസ് സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് ആരോപിച്ചതിന് പിന്നാലെയാണ് പുടിന്റെ പ്രതികരണം. കഴിഞ്ഞ ജനുവരിയിലും സമാനമായി പുടിന്‍ പരസ്യമായി ബൈഡന് പിന്തുണ പ്രഖ്യപിച്ചിരുന്നു. എന്നാല്‍ അന്ന് വൈറ്റ് ഹൗസ് പുടിനോട് അമേരിക്കയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടരുതെന്ന് നിര്‍ദേശം നല്‍കിയിരുന്നു.

Content Highlight: Vladimir Putin supports Kamala Harris