| Sunday, 28th August 2022, 4:20 pm

ഉക്രൈന്‍ വിട്ട് റഷ്യയിലെത്തുന്നവര്‍ക്ക് മാസംതോറും പെന്‍ഷന്‍; പുതിയ പദ്ധതിയുമായി റഷ്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മോസ്‌കോ: ഉക്രൈന്‍ വിട്ട് റഷ്യയിലേക്ക് വരുന്നവര്‍ക്ക് വന്‍ സാമ്പത്തിക ആനുകൂല്യ ഓഫറുമായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍.

ഗര്‍ഭിണികള്‍, ഭിന്നശേഷിയുള്ളവര്‍ എന്നിവരുള്‍പ്പെടെ ഉക്രൈനില്‍ നിന്നും റഷ്യയിലേക്ക് വരുന്നവര്‍ക്ക് മാസം തോറും 10,000 റഷ്യന്‍ റൂബിള്‍സ് (170 ഡോളര്‍) പെന്‍ഷന്‍ പേയ്‌മെന്റ് നല്‍കാനാണ് റഷ്യന്‍ സര്‍ക്കാരിന്റെ തീരുമാനം.

ശനിയാഴ്ചയായിരുന്നു ഇത് സംബന്ധിച്ച ഉത്തരവില്‍ പുടിന്‍ ഒപ്പുവെച്ചത്. ഉത്തരവ് സര്‍ക്കാര്‍ പോര്‍ട്ടലിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഫെബ്രുവരി 18 മുതല്‍ ഉക്രൈന്‍ പ്രദേശം വിട്ടുപോകാന്‍ നിര്‍ബന്ധിതരായവര്‍ക്കായിരിക്കും ആനുകൂല്യം ലഭിക്കുക.

ഉക്രൈന്‍ പൗരന്മാര്‍ക്കൊപ്പം ഡൊണെട്‌സ്‌ക്, ലുഹാന്‍സ്‌ക് പീപ്പിള്‍സ് റിപ്പബ്ലിക്കുകളിലെ ജനങ്ങള്‍ക്കും പണം നല്‍കുമെന്നും ഉത്തരവില്‍ പറയുന്നു.

ഉക്രൈന്‍ പൗരന്മാര്‍ക്ക് റഷ്യന്‍ പാസ്പോര്‍ട്ടുകളും റഷ്യ നല്‍കിവരുന്നുണ്ട്. ഇതിനെതിരെ അമേരിക്കയും ഉക്രൈനും രംഗത്തെത്തുകയും ചെയ്തിരുന്നു. റഷ്യയുടെ നീക്കം നിയമവിരുദ്ധമാണെന്നായിരുന്നു യു.എസിന്റെയും ഉക്രൈന്റെയും വാദം.

ജൂലൈ മാസത്തിലായിരുന്നു റഷ്യന്‍ പൗരത്വം നേടാന്‍ ആഗ്രഹിക്കുന്ന എല്ലാ ഉക്രൈന്‍ പൗരന്മാര്‍ക്കും റഷ്യന്‍ പൗരത്വം നല്‍കുമെന്ന് പുടിന്‍ പ്രഖ്യാപിച്ചത്.

റഷ്യന്‍ പൗരത്വം നേടാന്‍ ആഗ്രഹമുള്ള ഉക്രൈന്‍ പൗരന്മാര്‍ക്ക് അതിന്റെ നടപടിക്രമങ്ങള്‍ കൂടുതല്‍ എളുപ്പത്തിലും വേഗത്തിലുമാക്കുന്നതിനുള്ള റഷ്യന്‍ നാചുറലൈസേഷന്‍ പ്രോസസ് ഉത്തരവിലായിരുന്നു വ്‌ളാഡിമിര്‍ പുടിന്‍ ഒപ്പുവെച്ചത്.

കിഴക്കന്‍ ഉക്രൈനിലെ ഡൊണെട്‌സ്‌ക്, ലുഹാന്‍സ്‌ക് എന്നീ പ്രവിശ്യകളില്‍ നിന്നും റഷ്യയിലെത്തുന്നവര്‍ക്കും 10,000 റഷ്യന്‍ റൂബിള്‍സ് പാരിതോഷികമായി നല്‍കാന്‍ ഇക്കഴിഞ്ഞ ഫെബ്രുവരി 18ന് പുടിന്‍ ഉത്തരവിട്ടിരുന്നു.

Content Highlight: Vladimir Putin signed a decree introducing financial benefits for people coming to Russia from Ukraine

We use cookies to give you the best possible experience. Learn more