|

പാശ്ചാത്യ രാജ്യങ്ങള്‍ക്ക് കൊളോണിയല്‍ ധാര്‍ഷ്ട്യം; മണ്ടന്‍ ഉപരോധങ്ങള്‍ കൊണ്ട് റഷ്യയെ തകര്‍ക്കാന്‍ ശ്രമം: പുടിന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മോസ്‌കോ: പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യക്ക് മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധങ്ങളെ വിമര്‍ശിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. പാശ്ചാത്യ രാജ്യങ്ങള്‍ക്ക് ‘കൊളോണിയല്‍ ധാര്‍ഷ്ട്യ’മാണ് എന്നാണ് പുടിന്‍ പറഞ്ഞത്.

വിവേകശൂന്യമായ ഉപരോധങ്ങള്‍ കൊണ്ട് റഷ്യയെ ഞെരിച്ച് നശിപ്പിച്ച്, ഒരു സാമ്പത്തിക നേട്ടത്തിനാണ് (economic blitzkrieg) പാശ്ചാത്യര്‍ ശ്രമിക്കുന്നതെന്നും പുടിന്‍ ആരോപിച്ചു.

സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് ഇന്റര്‍നാഷണല്‍ എക്കണോമിക് ഫോറത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പുടിന്‍. പാശ്ചാത്യ രാജ്യങ്ങളുടെ സാന്നിധ്യമില്ലാതെയാണ് ഇത്തവണ ഫോറം നടന്നത്.

ഉക്രൈന് മേലുള്ള ‘സ്‌പെഷ്യല്‍ മിലിറ്ററി ഓപ്പറേഷന്‍’ തുടരുമെന്നും ഫോറത്തില്‍ വെച്ച് പുടിന്‍ വ്യക്തമാക്കി.

”നമ്മള്‍ ശക്തരാണ്, ഏത് വെല്ലുവിളിയും നമുക്ക് നേരിടാം. നമ്മുടെ പൂര്‍വികരെ പോലെത്തന്നെ നമ്മളും എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടെത്തും. നമ്മുടെ രാജ്യത്തിന്റെ ആയിരം വര്‍ഷത്തെ ചരിത്രം പറയുന്നതും ഇതാണ്,” പുടിന്‍ കൂട്ടിച്ചേര്‍ത്തു.

ദൈവത്തിന്റെ ഭൂമിയിലെ ദൂതരാണ് തങ്ങള്‍ എന്നാണ് അമേരിക്ക സ്വയം കരുതിയിരിക്കുന്നതെന്നും, സാമ്പത്തിക രംഗത്തെ റഷ്യയുടെ സര്‍വാധിപത്യവും മേല്‍ക്കോയ്മയെയും കുറിച്ച് അറിയാതെയാണ് പാശ്ചാത്യര്‍ തങ്ങള്‍ക്ക് മേല്‍ ഉപരോധമേര്‍പ്പെടുത്തിയതെന്നും പുടിന്‍ പറഞ്ഞു.

നാറ്റോ രാജ്യങ്ങളും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുമാണ് ഉക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യക്കെതിരായ ഉപരോധങ്ങള്‍ കടുപ്പിച്ചത്.

നേരത്തെ, റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ മൂന്നില്‍ രണ്ട് ഭാഗവും നിരോധിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ തീരുമാനിച്ചിരുന്നു. ബ്രസല്‍സില്‍ വെച്ച് നടന്ന ഉച്ചകോടിയിലായിരുന്നു റഷ്യന്‍ എണ്ണ നിര്‍ത്തലാക്കുന്നത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.

90 ശതമാനം റഷ്യന്‍ എണ്ണയുടെയും ഇറക്കുമതി നിര്‍ത്തലാക്കാന്‍ തീരുമാനമെടുത്ത വിവരം യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ചാള്‍സ് മൈക്കലായിരുന്നു പുറത്തുവിട്ടത്.

യൂറോപ്യന്‍ യൂണിയന്‍ റഷ്യക്ക് മേല്‍ ചുമത്തിയിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ ഉപരോധ മാര്‍ഗമായിരുന്നു ഇത്.

യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുക, റഷ്യയുടെ വരുമാന മാര്‍ഗങ്ങള്‍ക്ക് തടയിടുക എന്നിവയാണ് നിരോധനത്തിലൂടെ ലക്ഷ്യമിടുന്നതെന്നും യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് പറഞ്ഞിരുന്നു.

റഷ്യന്‍ സ്റ്റേറ്റ് ഉടമസ്ഥതയിലുള്ള മൂന്ന് ബ്രോഡ്കാസ്റ്റര്‍മാരെ നിരോധിക്കുക, ഉക്രൈനിലെ യുദ്ധ കുറ്റകൃത്യങ്ങളില്‍ ഉത്തരവാദികളായ റഷ്യക്കാരെ നിരോധിക്കുക എന്നീ നടപടികളിലേക്കും ഇ.യു ഇതിനൊപ്പം കടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുതിയ തീരുമാനപ്രകാരം അംഗങ്ങളായ 27 രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനിലേക്കുള്ള റഷ്യന്‍ എണ്ണയുടെ ഇറക്കുമതി നിരോധിക്കുന്നതിന് സമ്മതം നല്‍കും. അതേസമയം പൈപ്പ്‌ലൈന്‍ വഴിയുള്ള ക്രൂഡ് ഓയില്‍ ഡെലിവറിക്ക് ഇതില്‍ നിന്നും ഇളവ് ലഭിക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്.

അതേസമയം, ഉക്രൈന്‍- റഷ്യ യുദ്ധം 100 ദിവസം പിന്നിട്ടതിന് ശേഷം പുറത്തുവന്ന ഒരു റിപ്പോര്‍ട്ടില്‍ ഫോസില്‍ ഇന്ധനങ്ങളില്‍ നിന്നുള്ള റഷ്യയുടെ വരുമാനം കുത്തനെ ഉയര്‍ന്നതായി വ്യക്തമാക്കിയിരുന്നു. റഷ്യന്‍ എണ്ണയുടെ കയറ്റുമതിയും അതിന്റെ ഏറ്റവും ഉയര്‍ന്ന ലെവലിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

യൂറോപ്യന്‍ ഉപരോധങ്ങള്‍ റഷ്യ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്നാണ് സെന്റര്‍ ഫോര്‍ റിസര്‍ച്ച് ഓണ്‍ എനര്‍ജി ആന്‍ഡ് ക്ലീന്‍ എയര്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

എണ്ണ വിലയിലുണ്ടായ വലിയ വര്‍ധനവും, ഇന്ത്യയും യു.എ.ഇയുമടക്കമുള്ള രാജ്യങ്ങള്‍ റഷ്യയുമായുണ്ടായിരുന്ന എണ്ണ സംബന്ധ വ്യാപാരങ്ങള്‍ നിലനിര്‍ത്തിയതുമാണ് വരുമാനം ഇടിവ് കൂടാതെ നിലനിര്‍ത്താന്‍ റഷ്യയെ സഹായിച്ചത്.

Content Highlight: Vladimir Putin says Western countries have colonial arrogance and trying to crush Russia with stupid sanctions