മോസ്‌കോ: ഇസ്രഈല്‍-ഫലസ്തീന്‍ യുദ്ധം പശ്ചിമേഷ്യക്ക് പുറത്തേക്ക് വ്യാപിക്കാന്‍ സാധ്യതയെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിർ പുടിന്‍.
ബുധനാഴ്ച ക്രെംലിനില്‍ നടന്ന റഷ്യന്‍ മത നേതാക്കളുമായുള്ള കൂടിക്കാഴ്ച്ച്‌യിലാണ് പുടിന്‍ ഇക്കാര്യം വ്യക്തമാക്കിയതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
ഇസ്രഈല്‍ ഗസയിലെ സ്ത്രീകളെയും കുട്ടികളെയും വൃദ്ധരെയും വേട്ടയാടുന്നത് തെറ്റാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഉടനടി യുദ്ധം അവസാനിപ്പിച്ചില്ലെങ്കില്‍ വ്യാപകമായ പ്രത്യാഘതങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് താന്‍ മറ്റ് ലോകനേതാക്കളെ വിളിച്ചറിയിച്ചതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഇപ്പോള്‍ ഞങ്ങളുടെ പ്രധാന ലക്ഷ്യം മേഖലയിലെ രക്തച്ചൊരിച്ചിലും അക്രമവും ഇല്ലാതാക്കുക എന്നതാണ്. അല്ലാത്തപക്ഷം പ്രത്യാഘാതങ്ങള്‍ വളരെ വലുതായിരിക്കും. ഇത് പശ്ചിമേഷ്യന്‍ മേഖലയ്ക്ക് മാത്രമല്ല, മറിച്ച് പശ്ചിമേഷ്യന്‍ അതിര്‍ത്തികള്‍ക്ക് അപ്പുറത്തേക്ക് വ്യാപിക്കും. ഇത്തരത്തില്‍ അതിരുകള്‍ക്കപ്പുറം അരാജകത്വത്തിന്റെയും പരസ്പര വിദ്വേഷത്തിന്റെയും വിത്തുകള്‍ പാകുകയാണ് പലരുടെയും ലക്ഷ്യം. ഈ ആവശ്യത്തിനായി ദശലക്ഷക്കണക്കിന് ആളുകളുടെ മതപരവും ദേശീയപരവുമായ വികാരങ്ങളെ വെച്ച് കളിക്കുകയാണ്. സ്ത്രീകളും കുട്ടികളും വയോധികരും അടക്കമുള്ള ലക്ഷക്കണക്കിന് ആളുകള്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നുമില്ലാതെ കഴിയുമ്പോള്‍ കൂട്ടുത്തരവാദിത്വത്തില്‍ നിന്നും ഒഴിയാന്‍ സാധിക്കില്ല’, ക്രെംലിനില്‍ നടന്ന മതനേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ പുടിന്‍ പറഞ്ഞു.
നിലവില്‍ ഇസ്രഈല്‍ ആക്രമണത്തില്‍ 6,500 ലധികം ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 18,000 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം ഇസ്രഈല്‍ ബോംബ് ആക്രമണങ്ങളിലും ഉപരോധത്തിലുമായി ആയിരക്കണക്കിന് കെട്ടിടങ്ങള്‍ നശിക്കുകയും ഒരു ദശലക്ഷത്തിലധികം ആളുകളെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തു.
Content Highlight: Vladimir putin on Israel-Gaza conflict