| Thursday, 3rd March 2022, 8:10 am

ഇന്ത്യക്കാരെ റഷ്യന്‍ അതിര്‍ത്തി വഴി ഒഴിപ്പിക്കാന്‍ സമ്മതമറിയിച്ച് പുടിന്‍; ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഉക്രൈന്‍ മനുഷ്യകവചമാക്കുന്നുവെന്ന് റഷ്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മോസ്‌കോ: ഉക്രൈനിലുള്ള ഇന്ത്യക്കാരെ റഷ്യന്‍ അതിര്‍ത്തി വഴി ഒഴിപ്പിക്കാന്‍ സമ്മതമറിയിച്ച് റഷ്യ. അടിയന്തരമായി ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി നടത്തിയ നിര്‍ണായക ചര്‍ച്ചയിലാണ് തീരുമാനം. ഖാര്‍ക്കീവില്‍ നിന്ന് ദൈര്‍ഘ്യം കുറഞ്ഞ മാര്‍ഗം വഴി ഇന്ത്യക്കാരെ റഷ്യയിലെത്തിക്കാനാണ് തീരുമാനം.

ഉക്രൈനിലുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ സഹായിക്കാമെന്ന് റഷ്യ ഉറപ്പ് നല്‍കിയതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുകയായിരുന്നു. എന്നാല്‍ വിഷയത്തില്‍ ഉക്രൈനിന്റെ നിലപാട് കൂടി നിര്‍ണായകമാണ്. ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഉക്രൈന്‍ മനുഷ്യകവചമായി ഉപയോഗിക്കുകയാണെന്നാണ് റഷ്യയുടെ വിമര്‍ശനം. വിദേശികളെ കൂടുതല്‍ ഒഴിപ്പിക്കുന്നതോടെ റഷ്യ യുദ്ധത്തിന്റെ തീവ്രത കടുപ്പിക്കുമോ എന്ന ഭയമാണ് ഉക്രൈനുള്ളത്.

അതേസമയം, ഉക്രൈന്‍- റഷ്യ രണ്ടാംഘട്ട ചര്‍ച്ച ഇന്ന് നടക്കും. പോളണ്ട്- ബെലാറൂസ് അതിര്‍ത്തിയിലാണ് ചര്‍ച്ച നടക്കുക. വെടിനിര്‍ത്തലും ചര്‍ച്ചയാകുമെന്ന് റഷ്യ അറിയിച്ചിട്ടുണ്ട്.

ഉക്രൈനിലെ സൈനിക നീക്കത്തില്‍ നിന്ന് റഷ്യ പിന്മാറണമെന്ന് ഐക്യരാഷ്ട്ര സഭയില്‍ ഇന്നലെ അവതരിപ്പിച്ച പ്രമേയത്തെ 141 രാജ്യങ്ങള്‍ അനുകൂലിച്ചു. അഞ്ച് രാജ്യങ്ങള്‍ പ്രമേയത്തെ എതിര്‍ത്തു. ഇന്ത്യ ഉള്‍പ്പടെ 35 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ വിട്ടുനിന്നു. റഷ്യ, ബെലാറൂസ്, വടക്കന്‍ കൊറിയ, സിറിയ, എറിത്രിയ എന്നീ രാജ്യങ്ങളാണ് പ്രമേയത്തെ എതിര്‍ത്തത്.

ഇന്ത്യക്ക് പുറമേ ഇറാനും ചൈനയും പാകിസ്ഥാനും വോട്ടെടുപ്പില്‍ വിട്ടുനിന്നു. ഇതിനിടെ യുദ്ധത്തില്‍ തങ്ങളുടെ 498 സൈനികര്‍ മരിച്ചെന്ന് റഷ്യ സ്ഥിരീകരിച്ചു.

സൈനിക നീക്കം തുടങ്ങിയശേഷം ഇതാദ്യമായാണ് ആള്‍നാശമുണ്ടായെന്ന റഷ്യയുടെ വെളിപ്പെടുത്തല്‍. 1597 സൈനികര്‍ക്ക് പരിക്കേറ്റു.

CONTENT HIGHLIGHTS:  Vladimir Putin agrees to evacuate Indians across Russian border; Russia says Ukraine is using Indian students as human shields

We use cookies to give you the best possible experience. Learn more