| Wednesday, 2nd May 2018, 10:16 am

അവിസ്മരണീയ ക്യാച്ചുമായി ഡി കോക്കും കോഹ്‌ലിയും; പുറത്താക്കിയത് രോഹിത്തിനെയും ഹാര്‍ദിക്കിനെയും

സ്പോര്‍ട്സ് ഡെസ്‌ക്

ബാംഗ്ലൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ മുംബൈ ഇന്ത്യന്‍സ് മത്സരത്തില്‍ അവിസ്മരണീയ ക്യാച്ചുമായി ഡി കോക്കും വിരാട് കോഹ്‌ലിയും. 21 ന് 2 എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് മുംബൈയുടെ നായകന്‍ രോഹിത്ത് ശര്‍മ്മയെ കിടിലന്‍ ക്യാച്ചെടുത്ത് പവലിയനിലേക്ക് പറഞ്ഞയച്ചത്. ഉമേഷ് യാഥവ് എറിഞ്ഞ പന്തില്‍ എഡ്ജായി പോയ പന്ത് ഒരു മുഴുനീള ഡൈവിലൂടെ കീപ്പര്‍ ഡി കോക്ക് കൈപിടിയിലൊതുക്കുകയായിരുന്നു. രോഹിത്ത് പൂജ്യത്തിലാണ് പുറത്തായത്.

എന്നാല്‍ തകര്‍പ്പന്‍ പ്രകടനവുമായി ക്രീസിലുണ്ടായിരുന്ന ഹാര്‍ദിക്ക് പാണ്ഡ്യയെ നിര്‍ണ്ണായക സമയത്ത് പുറത്താക്കിയത് നായകന്‍ കോഹ്‌ലിയുടെ ഒരു മനോഹര ക്യാച്ചിലൂടെയായിരുന്നു. ഹാര്‍ദിക്ക് പറത്തിയടിച്ച പന്തിനെ ബൗണ്ടറി ലൈനിന് തൊട്ടിപ്പുറത്ത് കോഹ്‌ലി പറന്ന് കൊണ്ട് കൈപിടിയിലൊതുക്കുകയായിരുന്നു. മുംബൈയ്ക്ക് ജയിക്കാന്‍ 6 പന്തില്‍ നിന്ന് 25 റണ്‍സ് വേണ്ടപ്പോഴാണ് ഹാര്‍ദിക്ക് പുറത്താവുന്നത്. 42 പന്തില്‍ 50 റണ്‍സെടുത്താണ് ഹാര്‍ദിക്ക് പുറത്തായത്.

മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ 14 റണ്‍സിനാണ് ബാംഗ്ലൂര്‍ തോല്‍പ്പിച്ചത്. ഇതോടെ മുംബൈ ഇന്ത്യന്‍സിനേയും രാജസ്ഥാന്‍ റോയല്‍സിനേയും പിന്തള്ളി അഞ്ചാം സ്ഥാനത്തേക്ക് കയറാനും ബാംഗ്ലൂരിനായി. രണ്ട് വീതം വിക്കറ്റ് വീഴ്ത്തിയ ടിം സൗത്തി, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ് എന്നിവരുടെ ബൗളിങ്ങാണ് മുംബൈയെ തോല്‍പ്പിച്ചത്. 50 റണ്‍സെടുത്ത ഹാര്‍ദിക് പാണ്ഡ്യയാണ് മുംബൈയുടെ ടോപ് സ്‌കോറര്‍.

168 റണ്‍സിന്റെ വിജലക്ഷ്യമാണ് ബാംഗ്ലൂര്‍ മുന്നില്‍ വച്ചത്. ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ആതിഥേയര്‍ 167 റണ്‍സെടുത്തത്. ഓപ്പണര്‍ മനന്‍ വോഹ്റ (45)യാണ് ടോപ് സ്‌കോറര്‍. ബ്രണ്ടന്‍ മക്കല്ലം (37), വിരാട് കോഹ്‌ലി (32), കോളിന്‍ ഡി ഗ്രാന്‍ഡ്ഹോം എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. മുംബൈയ്ക്ക് വേണ്ടി ഹാര്‍ദിക് പാണ്ഡ്യ മൂന്ന് വിക്കറ്റെടുത്തു.

ഇവര്‍ തമ്മില്‍ നടന്ന ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് 46 റണ്‍സിന്റെ അനായാസ വിജയം നേടിയിരുന്നു. ചിന്നസ്വാമിയില്‍ നടന്ന അവസാന രണ്ട് മത്സരത്തിലും ഹോം ടീം തോറ്റിരുന്നു.

വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യുക 

വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യുക 

Latest Stories

We use cookies to give you the best possible experience. Learn more