തിരുവനന്തപുരം: വി.കെ.എന്‍ കഥാപാത്രങ്ങള്‍ സംസാരിച്ചത് സവര്‍ണ്ണ ഭാഷയാണെന്നും അദ്ദേഹം അരാഷ്ട്രീയ വാദത്തെ പിന്തുണച്ചിരുന്നതായും എം.മുകുന്ദന്‍. മാതൃഭൂമിയുടെ “ക” ലിറ്ററേച്ചര്‍ ഫെസ്റ്റിവെലില്‍, മാറിയ കാലത്തെ വി.കെ.എന്‍ എന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുകുന്ദനെ കൂടാതെ കല്‍പറ്റ നാരായണന്‍, വി.കെ.എന്റെ ജീവചരിത്രം എഴുതിയ കെ.രഘുനാഥന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
കാല്പനികതയിലൂന്നിയ മലയാളഭാഷയുടെ ഘടനയെ പൊളിച്ചെഴുതി പുതിയ ഒരു ഭാഷ വി.കെ.എന്‍ മലയാളത്തിന് സമ്മാനിച്ചെങ്കിലും അത് സവര്‍ണ്ണഭാഷയായിരുന്നെന്ന് മുകുന്ദന്‍ പറഞ്ഞു. തികഞ്ഞ അരാഷ്ട്രീയവാദിയായ വി.കെ.എന്നിന്റെത് സവര്‍ണഭാഷയാണ്. അദ്ദേഹത്തിന്റെ ചാത്തന്‍സ് എന്ന കഥാപാത്രത്തിന്റേതു പോലും ആ ഭാഷയാണ് എം. മുകുന്ദന്‍ പറഞ്ഞു.
ഇരുവരും എഴുപതുകളില്‍ ദല്‍ഹിയില്‍ ജോലി ചെയ്ത ഓര്‍മകളും മുകുന്ദന്‍ പങ്കുവെച്ചു. ദല്‍ഹിയിലെ ഫ്രഞ്ച് കോണ്‍സുലേറ്റില്‍ മുകുന്ദന്‍ ജോലി ചെയ്തിരുന്ന കാലത്ത് ദല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തനം നടത്തുകയായിരുന്നു വി.കെ.എന്‍.
എന്നാല്‍ ഒരു അധികാരസ്ഥാപനത്തോടും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേയും വിധേയത്വം ഇല്ലാത്ത ആളായിരുന്നു വി.കെ.എന്‍ എന്നും അദ്ദേഹത്തിന്റെ കൃതികളില്‍ അത് പ്രത്യക്ഷമായിരുന്നെന്നും എന്നും കല്‍പ്പറ്റ നാരായണന്‍ നരീക്ഷിച്ചു. കഥാപാത്ര സൃഷ്ടിയായിരുന്നു വി.കെ.എന്നിന്റെ ഏറ്റവും വലിയ കഴിവുകളിലൊന്നെന്ന് കെ.രഘുനാഥന്‍ പറഞ്ഞു.