വഖഫ് ബോർഡിൽ അമുസ്‌ലിങ്ങളെ ഉൾപ്പെടുത്തണമെന്ന് പറയുന്നവർ അയോധ്യയിൽ അഹിന്ദുക്കളെ ഉൾപ്പെടുത്തുമോ: കെ.സി വേണുഗോപാൽ
NATIONALNEWS
വഖഫ് ബോർഡിൽ അമുസ്‌ലിങ്ങളെ ഉൾപ്പെടുത്തണമെന്ന് പറയുന്നവർ അയോധ്യയിൽ അഹിന്ദുക്കളെ ഉൾപ്പെടുത്തുമോ: കെ.സി വേണുഗോപാൽ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 8th August 2024, 3:00 pm

ന്യൂദൽഹി: വഖഫ് നിയമ ഭേദഗതിയെ ചൊല്ലി ലോക്സഭയിൽ ചൂടേറിയ ചർച്ച. മുസ്‌ലിങ്ങളുടെ വിശ്വാസവുമായി മാത്രം ബന്ധപ്പെട്ടു നിലനില്‍ക്കുന്ന വഖഫ് ബോര്‍ഡില്‍ മുസ്‌ലിം ഇതരരായ രണ്ടുപേരെ കൊണ്ടുവരാൻ തീരുമാനിച്ചുള്ള സർക്കാരിന്റെ വഖഫ് നിയമ ഭേദഗതിക്കെതിരെ ലോക്സഭയിൽ കനത്ത പ്രതിഷേധം ഉയർന്നു.

വഖഫ് ബോർഡിൽ മുസ്‌ലിങ്ങൾ അല്ലാത്തവരെ ഉൾപ്പെടുത്തണമെന്ന് പറയുന്നവർ ദേവസ്വം ബോർഡിൽ ഹിന്ദുക്കളെയല്ലാത്തവരെ ആലോചിക്കുമോ എന്ന് എം.പി കെ.സി വേണുഗോപാൽ ലോക്സഭയിൽ ചോദിച്ചു.

 

‘എനിക്ക് സർക്കാരിനോട് ഒരു ചോദ്യം ചോദിക്കാനുണ്ട് അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ ഹിന്ദു അല്ലാത്ത ഒരാളെ നിർത്തുന്നത് നിങ്ങൾക്ക് ചിന്തിക്കാൻ സാധിക്കുമോ. കേരളത്തിലെ ഗുരുവായൂർ ക്ഷേത്രത്തിലെ ദേവസ്വം ബോർഡിൽ മറ്റൊരു മതസ്ഥൻ വരുന്നത് ചിന്തിക്കാൻ സാധിക്കുമോ. മുസ്‌ലിം അല്ലാത്തവരെ വഖഫ് ബോർഡിൽ നിയമിക്കാൻ ശ്രമിക്കുന്നത് വ്യക്തികളുടെ മതവിശ്വാസത്തിന് മേലുള്ള കടന്നുകയറ്റമാണ് ,’ അദ്ദേഹം പറഞ്ഞു.

മുസ്‌ലിം വിഭാഗത്തിന് നേരെ ഇപ്പോൾ നടക്കുന്ന ആക്രമണം ഭാവിയിൽ തന്നെ മറ്റ് മതസ്ഥരുടെ നേർക്കും ഉണ്ടാകുമെന്നും കെ.സി വേണുഗോപാൽ കൂട്ടിച്ചേർത്തു.

 

അതോടൊപ്പം വഖഫ് ബിൽ മതേതരത്വത്തിന് എതിരെയുള്ള കടന്നുകയറ്റമാണെന്നും ഹിന്ദു മുസ്‌ലിം ഐക്യം തകർക്കാനുള്ള ബി.ജെ.പിയുടെ തന്ത്രമാണിതെന്നും എം.പി ഇ .ടി മുഹമ്മദ് ബഷീർ പറഞ്ഞു.

‘വഖഫ് ബിൽ മതേതരത്വത്തിന് എതിരെയുള്ള കടന്നുകയറ്റമാണ്. ഇത് ജനങ്ങളുടെ മൗലീകാവകാശ ലംഘനമാണ്. ഭരണഘടനയിലെ ആർട്ടിക്കിൾ 14 , 15 , 25 , 26 , 30 എന്നിവ ഈ ബിൽ ലംഘിക്കുന്നു. കേന്ദ്രസർക്കാരിന്റെ കുതന്ത്രമാണിത്,’ അദ്ദേഹം പറഞ്ഞു

ബിൽ അംഗീകരിക്കരുതെന്ന് ഇന്ത്യ സഖ്യത്തിലുള്ള എല്ലാ കക്ഷികളും ഈ ബിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

വഖഫ് ബോർഡുകളുടെ അധികാരം വെട്ടിക്കുറക്കുന്ന തരത്തിലുള്ള നിയമനിർമാണത്തിനാണ് കേന്ദ്രസർക്കാർ തയ്യാറെടുക്കുന്നത്. 1995ലെ കേന്ദ്രവഖഫ് നിയമത്തിൽ നാൽപതിലധികം ഭേദഗതികൾ വരുത്തുന്ന ബിൽ പാർലമെന്റിൽ അവതരിപ്പിക്കാനാണ് കേന്ദ്രസർക്കാർ തയ്യാറെടുക്കുന്നത്.

ദാനമായി ലഭിച്ചിട്ടുള്ളതും വിജ്ഞാപനങ്ങളിലൂടെ ലഭിച്ചിട്ടുള്ളതുമായ സ്വത്തുക്കളിൽ നിന്നുള്ള വരുമാനവും അവയുടെ നടത്തിപ്പിനുള്ള അവകാശവും വഖഫ് ബോർഡുകൾക്ക് ലഭിക്കുന്നതാണ് 1995ലെ കേന്ദ്ര വഖഫ് നിയമം. ഈ നിയമത്തിലാണ് ഇപ്പോൾ ഭേദഗതി വരുത്താൻ കേന്ദ്രസർക്കാർ തയ്യാറെടുക്കുന്നത്. ഇത്തരത്തിൽ 9.4 ലക്ഷം ഏക്കറുകളിലായി 8.7 ലക്ഷം വസ്‌തുവകകൾ രാജ്യത്താകെയുള്ള വഖഫ് ബോർഡുകൾക്ക് കീഴിലുണ്ട്.

വഖഫ് ബോർഡുകളുടെ സ്വയംഭരണാധികാരത്തെ പ്രതികൂലമായി ബാധിക്കുന്നതാണ് പുതിയ ഭേദഗതികൾ. വഖഫ് എന്ന ഇസ്ലാമിക ആശയത്തെ റദ്ദ് ചെയ്യുന്നതും അതിന്റെ ലക്ഷ്യത്തെ തന്നെ അട്ടിമറിക്കുന്നതുമാണ് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന പുതിയ വഖഫ് ഭേദഗതി ബില്ലെന്ന് കേരള മുസ്‌ലിം ജമാഅത്ത് പറഞ്ഞിരുന്നു.

 

 

Content Highlight: vkhaf bill, k.c venugopal express his disagreement in lok sabha