| Monday, 31st October 2022, 6:51 pm

ചെടികളെയും മരങ്ങളെയും കിളികളെയുമറിയുന്ന വനചാരി, ഇതാരെന്ന് ചോദിക്കല്ല്, ഇയ്ക്ക് ആളെ നിശ്ശല്ല; പോസ്റ്റുമായി വി.കെ. ശ്രീരാമന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അഭിനയത്തിന് പുറമേ മനോഹരമായ ഫേസ്ബുക്ക് കുറിപ്പുകള്‍ കൊണ്ട് ശ്രദ്ധ നേടുന്ന താരമാണ് വി.കെ. ശ്രീരാമന്‍. മമ്മൂട്ടിയുടെ വീട് സന്ദര്‍ശിച്ചതിനെ പറ്റി ശ്രീരാമന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്.

മമ്മൂട്ടിയുടെ പേര് പറയാതെ ഒപ്പമുള്ള സംഭാഷണങ്ങള്‍ കുറിച്ച ശ്രീരാമന്‍ ഇതാരാണെന്ന് തന്നോട് ചോദിക്കരുതെന്നും പോസ്റ്റില് പറഞ്ഞിട്ടുണ്ട്. ഫോട്ടോഗ്രഫി നിരോധിച്ചതിനാല്‍ ആളറിയാതെ എടുത്തതെന്ന് പറഞ്ഞ് പിന്നില്‍ നിന്നെടുത്ത ചിത്രമാണ് ശ്രീരാമന്‍ പോസ്റ്റിനൊപ്പം പങ്കുവെച്ചിരിക്കുന്നത്.

‘ചെടികളുടെയും മരങ്ങളുടേയും കിളികളുടെയും പൂമ്പാറ്റകളുടെയും നാടന്‍ പേരുകളും ശാസ്ത്രീയ നാമങ്ങളും പറഞ്ഞു തന്നു കൊണ്ട് വനചാരി മുമ്പെ നടന്നു. ഫോട്ടോഗ്രഫി നിരോധിച്ചിരിക്കുന്നു എന്ന മുന്നറിയിപ്പുള്ളതുകൊണ്ട് പിന്നില്‍ നിന്ന് ഒളിക്കാമറ വെച്ചാണ് വന്യന്റെ ഫോട്ടം പിടിച്ചത്. എന്നിട്ടും ജ്ഞാനദൃഷ്ടിയാല്‍ അതു കണ്ടു തിരിഞ്ഞു നിന്ന് എന്നെ നോക്കി ഭസ്മമാക്കാന്‍ ശ്രമിച്ചു. ഞാന്‍ വടുതലവടാശ്ശേരി ഉണ്ണിമാക്കോതയേയും കണ്ടര് മുത്തപ്പനേയും സേവിച്ചുപാസിച്ച ആളായ കാരണം ഇന്നെ ഒന്നും ചെയ്യാന്‍ പറ്റീല്ല. ന്നാലും വെറുതെ വിടാന്‍ പറ്റില്ലല്ലോ? ഞാനൊരു പാരിസ്ഥിതിക പ്രശ്‌നം ഉന്നയിച്ചു.

‘ബടെ ഇങ്ങളെന്തിനാ ഇങ്ങനെ കോങ്ക്രീറ്റം ഇട്ടത്. സ്വാഭാവിക റെയിന്‍ഫോറസ്റ്റിന്റെ ഇക്കോളജിക്കല്‍ ബാലന്‍സ്‌പോവില്ലെ?’ ആ ചോദ്യത്തിലെ എന്റെ ജ്ഞാനപ്പെരുമ കേട്ട് ഞെട്ടിയിട്ടുണ്ടാവുമെന്ന് ഉറപ്പ്. എന്നാല്‍ അതു പുറത്തു കാണിക്കാതെ ഇങ്ങനെ പറഞ്ഞു. ചെളിപ്പറ്റുള്ള മണ്ണാണ്‍ഡാ. കോണ്‍ക്രീറ്റിട്ടില്ലെങ്കി നടന്നാ ബാലന്‍സുപോയി മലര്‍ന്നു വീഴും.

‘എന്നാല്‍ പിന്നെ മറ്റൊരു വഴി ചിന്തിക്കായിരുന്നു’ എന്തു വഴി? ‘തോടുണ്ടാക്കി, രണ്ടു സൈഡിലും കണ്ടല്‍കാടു വെച്ചു പിടിപ്പിക്കുക. എന്നിട്ട് ആ തോട്ടിലൂടെ കൊതുമ്പുവള്ളത്തില്‍ വീട്ടിലേക്കു വരാലോ? പിന്നെ ആ പാട്ടും പാടാം’ ഏതു പാട്ട്? ‘ആകാശപ്പൊയ്കയിലുണ്ടൊരു പൊന്നും തോണീ’ അത് ഫിമെയ്ല്‍ വോയ്‌സല്ലേ? ‘ഡ്യുവെറ്റായും കേട്ടിട്ടുണ്ട്’ ഉത്തരം ഒന്നുമുണ്ടായില്ല.

അപ്പോള്‍ ഞാന്‍ ചോദിച്ചു. ‘എന്താ ഒന്നും മുണ്ടീലാ എന്താ ങ്ങള് ചിന്തിക്കണത്?’ ഏത് നാശം പിടിച്ച നേരത്താണ് ഞാന്‍ നിന്നെ ഇങ്ങോട്ട് ക്ഷണിച്ചതെന്ന് ചിന്തിയ്ക്കായിരുന്നു. അത്രയും പറഞ്ഞ് അല്പനേരത്തിനു ശേഷം വീണ്ടും വന്യമായ വിവരണം തുടര്‍ന്നു.

സൂര്‍ത്തുക്കളേ
ഇതങ്ങേരല്ലെ
ഇങ്ങേരല്ലെ
ഇന്നയാളല്ലേ എന്നൊന്നും എന്നോട് ചോദിക്കരുത്.
ഇയ്ക്ക് ആളെ നിശ്ശല്ല.
ഞാനിതുവരെ മുഖം ശരിക്കു കണ്ടിട്ടില്ല.
സൗണ്ട് മാത്രേ കേട്ടിട്ടുള്ളൂ,’ ശ്രീരാമന്‍ കുറിച്ചു.

അതേസമയം ശ്രീരാമന്റെ പോസ്റ്റിന് രസകരമായ കമന്റുകളും വരുന്നുണ്ട്. ‘ആ കൈകള്‍ പിന്നില്‍ കെട്ടിയത് മതിയല്ലോ ശ്രീരാമേട്ടാ ആളേ തിരിച്ചറിയാന്‍,’ എന്നാണ് ഒരു കമന്റ്. ‘ഈ വന്യന്റെ ഓരോ രോമങ്ങള്‍ പോലും മലയാളിക്ക് സുപരിചിതമാണ്. ശബ്ദത്തിന്റെ കാര്യം പറയാനുമില്ല. കുഞ്ചാക്കോ ബോബന്റെ പിന്നീന്നുള്ള ഷേപ്പൊക്കെ മലയാളിക്ക് അറിയാം ശ്രീരാമേട്ടാ,’ എന്നാണ് മറ്റൊരു കമന്റ്.

പിന്നിലെ ഫേസ്‌കട്ട് കണ്ടാലും തിരിഞ്ഞു. ആള് മൂപ്പരന്നെ, ഇത് മ്മടെ സ്വന്തം ആളാണ്, ഇത് മൃഗയയിലെ വാറുണ്ണിയല്ലെ, എന്തിനാന്ന് ചോദ്യം? ഇങ്ങേരെ എല്ലാ ഏങ്കിളും മ്മക്ക് സുപരിചിതാ, സി.ബി.ഐ., പട്ടേലര്ടെ തോക്ക് ഇപ്പഴും കയ്യില്ണ്ട് ന്നാ കേക്കണ്…. ഒന്നു സൂച്ചിച്ചാളി, പിന്നാമ്പുറം കണ്ടിട്ട് ഒരെഴുപത്രണ്ട് വയസ് വരും, എന്നിങ്ങനെ പോകുന്നു കമന്റുകള്‍.

Content Highlight: vk Sriraman’s post on Facebook about his visit to Mammootty’s house is now gaining attention

Latest Stories

We use cookies to give you the best possible experience. Learn more