പാലക്കാട്: വന്ദേഭാരത് ട്രെയിനില്‍ തന്റെ അറിവോടെ ആരും പോസ്റ്റര്‍ ഒട്ടിച്ചിട്ടില്ലെന്ന് വി.കെ. ശ്രീകണ്ഠന്‍ എം.പി. സമൂഹ മാധ്യമങ്ങളില്‍ വ്യാജ പ്രചരണമാണ് നടക്കുന്നതെന്നും പൊതുമുതല്‍ നശിപ്പിക്കുന്ന ഒരു കാര്യത്തിലും താന്‍ ഇതുവരെ ഇടപെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു ശ്രീകണ്ഠന്റെ പ്രതികരണം.
‘സ്വന്തം പാര്‍ട്ടിയുടെ ജാള്യത മറയ്ക്കാന്‍ ബി.ജെ.പിക്കാര്‍ സോഷ്യല്‍ മീഡിയയിലൂടെ ചില പ്രചരണങ്ങള്‍ നടത്തുന്നുണ്ട്. വന്ദേഭാരത് ട്രെയിനിന്റെ എല്ലാ കോച്ചിലും എന്റെ ഫോട്ടോ വെച്ചു എന്നുള്ളത് അസത്യ പ്രചരണമാണ്. വലിയ സുരക്ഷ അവിടെയുണ്ടായിരുന്നു. അത് മറികടന്ന് ട്രെയിനിന്റെ മുകളില്‍ പശ ഒക്കെ തേച്ച് പോസ്റ്റര്‍ ഒട്ടിച്ചു എന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ.
ട്രെയിന്‍ വന്നപ്പോള്‍ മഴ പെയ്തിരുന്നു. മഴവെള്ളത്തില്‍ നനച്ച പോസ്റ്റര്‍ ആരൊക്കയോ ഒട്ടിച്ചു എന്നാണ് എനിക്ക് അറിയാന്‍ കഴിഞ്ഞത്. അത് ഫോട്ടോ എടുത്ത് ഞാന്‍ പറഞ്ഞിട്ട് ചെയ്തു എന്ന രീതിയിലാണ് പ്രചരിപ്പിക്കുന്നത്. ഫോട്ടോ വെക്കേണ്ട ദുരുദ്ദേശമൊന്നും ഞങ്ങള്‍ക്കില്ല. പോസ്റ്റര്‍ ഒട്ടിച്ചതില്‍ എന്റെ അറിവോ സമ്മതമോ ഇല്ല,’ വി.കെ. ശ്രീകണ്ഠന്‍ എം.പി പറഞ്ഞു.
പോസ്റ്റര്‍ ഇല്ലാത്ത വന്ദേഭാരത് ട്രെയിന്‍ ഷൊര്‍ണൂര്‍ സ്റ്റേഷന്‍ വിട്ട് തിരൂരിലേക്ക് പോകുന്ന വീഡിയോയും അദ്ദേഹം പങ്കുവെച്ചു. ഷൊര്‍ണൂര്‍ വിട്ട ട്രെയിനില്‍ പോസ്റ്റര്‍ കാണിച്ചാല്‍ പരസ്യമായി മാപ്പ് പറയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘വന്ദേഭാരതിന് ഷൊര്‍ണൂരില്‍ സ്റ്റോപ്പ് അനുവദിക്കാന്‍ പോരാടിയ വി.കെ. ശ്രീകണ്ഠന്‍ എം.പിക്ക് അഭിവാദ്യങ്ങള്‍’ എന്ന് എഴുതിയ പോസ്റ്റര്‍ വന്ദേഭാരത് എക്സ്പ്രസില്‍ പതി ച്ച സംഭവത്തിലാണ് വി.കെ.ശ്രീകണ്ഠന്റെ വിശദീകരണം.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫ്ളാഗ് ഓഫ് ചെയ്ത ആദ്യ വന്ദേഭാരത് എക്സ്പ്രസ് ഷൊര്‍ണൂരില്‍ എത്തിയപ്പോള്‍ പോസ്റ്റര്‍ പതിച്ചെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
Content Highlight: VK Sreekanthan M.P said that no one had pasted the poster on the Vandebharat train with his knowledge