പാലക്കാട്: പാലക്കാട് നഗരസഭയില്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പിയുമായി ഒത്തുകളിച്ചത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന് ഡി.സി.സി അധ്യക്ഷന്‍ വി.കെ ശ്രീകണ്ഠന്‍.
പാലക്കാട് നഗരസഭയില്‍ ബി.ജെ.പിയുടെ വിജയം വലിയ ചര്‍ച്ചയാകുന്നതിനിടിയിലാണ് വി.കെ ശ്രീകണ്ഠന്‍ പരസ്യമായി ചില കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്.
” ബി.ജെ.പിയുമായി കൂട്ടുകച്ചവടം നടത്തുന്നവരെ കോണ്‍ഗ്രസിന്റെ പടി കയറ്റില്ല. മുന്‍.ബി.ജെ.പി ഭരണസമിതിയുടെ അഴിമതിക്ക് ചൂട്ടുപിടിച്ച ചില കോണ്‍ഗ്രസ് നേതാക്കളുടെ പ്രവര്‍ത്തനം അന്വേഷിക്കും,” വി.കെ ശ്രീകണ്ഠന്‍ പറഞ്ഞു.
കോണ്‍ഗ്രസിന്റെ പാലക്കാട് ബ്ലോക്ക് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ തെരഞ്ഞെടുക്കപ്പെട്ട കൗണ്‍സിലര്‍മാര്‍ പാര്‍ട്ടിയുടെ നിരീക്ഷണത്തിലായിരിക്കുമെന്നും യോഗത്തില്‍ അദ്ദേഹം പറഞ്ഞു.
പാലക്കാട് നഗരസഭയില്‍ ബി.ജെ.പി അധികാരത്തില്‍ വരാന്‍ കാരണക്കാര്‍ എല്‍.ഡി.എഫ് ആണെന്ന് ചൂണ്ടിക്കാട്ടി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഇത് തള്ളുന്ന വിധത്തിലുള്ള പ്രസ്താവനയാണ് വി.കെ ശ്രീകണ്ഠന്‍ നടത്തിയത്.
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ പാലക്കാട്ടെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറികള്‍ രൂപപ്പെട്ടിരുന്നു. പാലക്കാട് ഡി.സി.സി അധ്യക്ഷന്‍ വി.കെ ശ്രീകണ്ഠനാണ് തോല്‍വിയ്ക്ക് കാരണമെന്ന് ആരോപിച്ച് ഡി.സി.സി ഉപാധ്യക്ഷന്‍ സുമേഷ് അച്യുതന്‍ രംഗത്തെത്തിയിരുന്നു.
ജില്ലയില്‍ പാര്‍ട്ടിക്കും മുന്നണിക്കുമുണ്ടായ കനത്ത തിരിച്ചടിക്ക് കാരണം എം.പിയായ വികെ ശ്രീകണ്ഠന്റെ ഏകാധിപത്യ പ്രവണതകളാണെന്നാണ് സുമേഷ് അച്യുതന്‍ ആരോപിച്ചത്.
തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് വി.കെ.ശ്രീകണ്ഠന്‍ രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഉള്‍പ്പെടെ പ്രാദേശിക വികാരം മനസ്സിലാക്കി തീരുമാനമെടുക്കാന്‍ ഡി.സി.സി അധ്യക്ഷന് സാധിച്ചില്ലെന്നായിരുന്നു കോണ്‍ഗ്രസില്‍ നിന്നുയര്‍ന്ന മറ്റൊരു ആരോപണം.