| Saturday, 2nd November 2019, 11:03 am

'കോഴിക്കൂട് എന്ന് പോലും ആ ഷെഡ്ഡിനെ വിളിക്കാന്‍ പറ്റില്ല; മാവോയിസ്റ്റ് വേട്ടയെ കുറിച്ച് പൊലീസ് പറഞ്ഞതെല്ലാം വ്യാജം'; മഞ്ചിക്കണ്ടി സന്ദര്‍ശിച്ച ശേഷം വി.കെ ശ്രീകണ്ഠന്‍ എം.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: മഞ്ചിക്കണ്ടിയില്‍ നടന്ന മാവോയിസ്റ്റ് വേട്ടയുമായി ബന്ധപ്പെട്ട് പൊലീസ് പറഞ്ഞ കഥകളെല്ലാം പച്ചക്കളമാണെന്ന് പാലക്കാട് എം.പി വി.കെ ശ്രീകണ്ഠന്‍.

വെടിവെപ്പിന് ശേഷം ആ സ്ഥലം ആദ്യമായി സന്ദര്‍ശിച്ച ആളെന്ന നിലയ്ക്ക് അവിടെ താന്‍ കണ്ട കാര്യങ്ങളെല്ലാം പൊലീസ് വാദത്തെ ഖണ്ഡിക്കുന്നതാണെന്നും ശ്രീകണ്ഠന്‍ എം.പി പറഞ്ഞു.

”അവിടെ ഒരു ഘോര സംഘട്ടനം നടന്ന പ്രതീതിയൊന്നും ഉണ്ടായിരുന്നില്ല. പൊലീസ് വെളിപ്പെടുത്തിയ ആദ്യത്തെ കഥ അവിടെ കഴിഞ്ഞ രണ്ട് മാസമായി ഒരു ഷെഡ് കെട്ടി ആറിലധികം പേര്‍ താമസിച്ചു എന്നാണ്. ആ ഷെഡ് എന്നത് പൊലീസ് വ്യാജമായി പടച്ചുണ്ടാക്കിയതാണ്. നാല് കമ്പ് കുത്തി അതിന്റെ മുകളില്‍ ടാര്‍പോളിന്‍ വലിച്ചുകെട്ടി ഫോട്ടോ എടുത്ത് അവര്‍ മാധ്യമങ്ങള്‍ക്ക് കൊടുത്തു.

മാധ്യമങ്ങള്‍ അതെല്ലാം വേണ്ടക്ക അക്ഷരത്തില്‍ പ്രസിദ്ധീകരിച്ചു. എന്നാല്‍ അവിടേക്ക് രണ്ട് ദിവസം പ്രവേശിപ്പിക്കാത്തതിന് ഒരു മാധ്യമങ്ങളും പ്രതിഷേധിച്ച് കണ്ടില്ല. എന്റെ കൂടെയാണ് മാധ്യമ സുഹൃത്തുക്കളൊക്കെ സംഭവ സ്ഥലം ആദ്യം കണ്ടത്. ലോകത്തിന് അവിടെ നടന്ന കാര്യങ്ങളെ കുറിച്ച് പ്രാഥമികമായി അറിയാന്‍ കഴിഞ്ഞത് അപ്പോള്‍ മാത്രമാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എന്നാല്‍ അന്നും വലിയ പ്രാധാന്യത്തോടെ ഇതൊന്നും പ്രസിദ്ധീകരിച്ച് കണ്ടില്ല. രാഷ്ട്രീയ ആരോപണത്തിനൊന്നും മറുപടി പറയാന്‍ എനിക്ക് കഴിയില്ല. ഇതൊന്നും ശാസ്ത്രീയമായി തെളിയിക്കാന്‍ കഴിയുന്ന ആളുമല്ല ഞാന്‍. ജനപ്രതിനിധിയെന്ന നിലയില്‍ സത്യാവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ അവിടെ പോയതാണ്.

രണ്ട് ദിവസം അവിടെ പത്രമാധ്യമങ്ങളെ വിലക്കി. അവിടെ പൊലീസ് എന്ത് നടത്തിയെന്ന് അവിടെ പോയപ്പോഴാണ് മനസിലായത്. വളരെ ചുരുങ്ങിയ സ്ഥലത്ത് പൊലീസ് പല കാര്യങ്ങളും വ്യാജമായി ഉണ്ടാക്കിയെടുക്കുകയായിരുന്നു. ഷെഡ്ഡൊന്നൊന്നും അതിനെ വിളിക്കാന്‍ കഴിയില്ല. കോഴിക്കൂട് എന്ന് പോലും വിളിക്കാന്‍ കഴിയില്ല. രണ്ട് പേര്‍ക്ക് അതിനുള്ളില്‍ ഇരിക്കാന്‍ പോലും കഴിയില്ല. അവിടെ അടുപ്പുകല്ല് കൂട്ടി കത്തിയ അവസ്ഥ കണ്ടു. പൊലീസിന്റെ ഒളിച്ചുകളിയായാണ് ഇതിനെയെല്ലാം തോന്നിയത്. അവിടെ ഘോര സംഘട്ടനം നടക്കുകയാണെന്നും അങ്ങോട്ട് പോകാന്‍ കഴിയില്ലെന്നും പറഞ്ഞ് പൊലീസ് എന്നെ വിലക്കി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അവിടെ നിരോധനാജ്ഞ ഇല്ലാത്ത സ്തിതിക്ക് ഞാന്‍ പോകുമെന്ന് അവരോട് പറഞ്ഞു. അവിടെ ഒരു മനുഷ്യക്കുഞ്ഞ് പോലുമില്ല. കിലോമീറ്ററുകളോളം കാട്ടിലൂടെ നടന്നിട്ടും ഒരു കമാന്‍ഡോസിനെ പോലും കണ്ടില്ല. ഇതെല്ലാം മനപൂര്‍വം കെട്ടിച്ചമച്ചതാകാനാണ് വഴി.

തണ്ടര്‍ബോള്‍ട്ട് സ്വയരക്ഷയ്ക്ക് വേണ്ടി വെടിയുതിര്‍ത്തു എന്ന് മുഖ്യമന്ത്രി പറഞ്ഞത് ശുദ്ധ അസംബന്ധമാണ്. ട്രെയിന്‍ഡ് ആയിട്ടുള്ള അവര്‍ക്ക് ആളെ പിടിക്കാനും കീഴ്ചപ്പെടുത്താനുമുള്ള പരിശീലനം കിട്ടിവരാണ്. കാടിനെ കുറിച്ച് വ്യക്തമായി അറിയുന്നവരുമാണ്. വിചിത്രമായ കഥകളാണ് ഇതുമായി ബന്ധപ്പെട്ട പുറത്തുവന്നത്. സത്യാവസ്ഥ പുറത്തുകൊണ്ടുവരാനുള്ള ശ്രമമാണ് നടന്നത്.- വി.കെ ശ്രീകണ്ഠന്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more