| Wednesday, 7th April 2021, 11:21 am

ശ്രീധരന്‍ പാലക്കാട്ട് ഓഫീസ് തുറന്നത് റെയില്‍വേയുടെ പ്രൊജക്ടിന് വേണ്ടി; എം.എല്‍.എ ഓഫീസ് ഷാഫിയുടേത് മാത്രമായിരിക്കുമെന്നും വി.കെ ശ്രീകണ്ഠന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: പാലക്കാട് വീടും എം.എല്‍.എ ഓഫീസും എടുക്കാന്‍ പോകുന്നുവെന്ന പാലക്കാട് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ഇ.ശ്രീധരന്റെ പ്രസ്താവനയെ പരിഹസിച്ച് പാലക്കാട് എം.പിയും ഡി.സി.സി അധ്യക്ഷനുമായ വി.കെ.ശ്രീകണ്ഠന്‍.

ശ്രീധരന്‍ പാലക്കാട്ട് ഓഫീസ് തുറന്നത് റെയില്‍വേയുടെ പ്രൊജക്ട് വരുന്നതിനാലാണെന്നും പാലക്കാട്ട് എം.എല്‍.എ ഓഫീസ് ഷാഫി പറമ്പിലിന്റേത് മാത്രമായിരിക്കുമെന്നും വി.കെ.ശ്രീകണ്ഠന്‍ പറഞ്ഞു.

തന്റെ വ്യക്തിത്വവും സ്വഭാവഗുണങ്ങളും നോക്കിയിട്ടാണ് ആളുകള്‍ വോട്ട് ചെയ്തതെന്നും ബി.ജെ.പിയുടെ വളര്‍ച്ച താന്‍ വന്നതോടെ കുറച്ച് കൂടിയെന്നും മറ്റു മണ്ഡലങ്ങളിലും എന്റെ വരവ് സ്വാധീനിച്ചിട്ടുണ്ടെന്നും ശ്രീധരന്‍ അവകാശപ്പെട്ടിരുന്നു.

സംസ്ഥാനത്ത് തൂക്കുമന്ത്രിസഭയ്ക്കാണ് സാധ്യതയെന്നും തൂക്കുമന്ത്രിസഭ വന്നാല്‍ ഒരു പക്ഷേ രാഷ്ട്രപതി ഭരണമാവാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

താന്‍ ആദ്യം പറഞ്ഞത് ബി.ജെ.പിക്ക് 42 മുതല്‍ 70 സീറ്റ് വരെ ലഭിക്കുമെന്നായിരുന്നു. ഇപ്പോള്‍ 35 മുതല്‍ 46 വരെ സീറ്റുകള്‍ ബി.ജെ.പിക്ക് ലഭിക്കുമെന്നാണ് തോന്നുന്നതെന്നായിരുന്നു ഇ. ശ്രീധരന്‍ പറഞ്ഞത്. തെരഞ്ഞെടുപ്പ് കഴിഞ്ഞാലും ബി.ജെ.പിയില്‍ തുടരുമെന്നും എന്നാല്‍ സജീവ രാഷ്ട്രീയത്തിലുണ്ടാവില്ലെന്നും ഇ.ശ്രീധരന്‍ പ്രതികരിച്ചിരുന്നു.

പാര്‍ട്ടിക്ക് അഡ്മിനിസ്‌ട്രേറ്റീവ് ഗൈഡന്‍സ് നല്‍കും. പാലക്കാട് വീടും എം.എല്‍.എ ഓഫീസും എടുത്തു, ജയിച്ചാലും തോറ്റാലും പാലക്കാട് ഉണ്ടാകുമെന്നും ശ്രീധരന്‍ പറഞ്ഞിരുന്നു.

ശ്രീധരന്റെ ഈ പ്രസ്താവനകള്‍ക്ക് പിന്നാലെയാണ് പരിഹാസവുമായി വി.കെ ശ്രീകണ്ഠന്‍ രംഗത്തെത്തിയത്.

അതേസമയം തെരഞ്ഞെടുപ്പിനിടെ വിമതനീക്കം നടത്തിയ എ.വി ഗോപിനാഥിനെതിരെ രൂക്ഷവിമര്‍ശനമാണ് ശ്രീകണ്ഠന്‍ നടത്തിയത്. യു.ഡി.എഫിന്റെ പോരാട്ടത്തെ ചിലര്‍ ദുര്‍ബലപ്പെടുത്തിയെന്നും ചില ആളുകള്‍ ഗൂഢാലോചന നടത്തിയെന്നും ശ്രീകണ്ഠന്‍ പറഞ്ഞു.

ഏതെങ്കിലും ഒരാള്‍ വിളിച്ചു കൂവിയാല്‍ ഇവിടെ പ്രശ്‌നം ആണ് എന്നു വരുത്താന്‍ ഉള്ള ശ്രമമാണ് നടന്നത്. കോണ്‍ഗ്രസിന് പുറത്തുള്ളവരുടെ ചട്ടുകമായി ചിലര്‍ പ്രവര്‍ത്തിച്ചു.

പുന:സംഘടന തീരുമാനിക്കുന്നത് ഹൈക്കമാന്‍ഡായിരിക്കുമെന്നും സ്ഥാനം കൊടുക്കാനും മറ്റാനും ചര്‍ച്ച നടന്നിട്ടില്ലെന്നും പാര്‍ട്ടിക്ക് വിഘാതമായി ചിലര്‍ പ്രവര്‍ത്തിച്ചത് ജനം കണ്ടിട്ടുണ്ടെന്നും ശ്രീകണ്ഠന്‍ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് വോട്ടുചോര്‍ച്ച ഉണ്ടായിട്ടില്ല. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.ശങ്കരനാരായണന്റെ വീട്ടില്‍ അഭ്യര്‍ഥനയും സ്ലിപ്പും എത്താത്തത് പരിശോധിക്കുമെന്നും ശ്രീകണ്ഠന്‍ വ്യക്തമാക്കി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content highlight: VK SREEKANDAN AGAINST  E SREEDHARAN

We use cookies to give you the best possible experience. Learn more