2012-14 കാലയളവില്‍ രണ്ടാം യു.പി.എ സര്‍ക്കാറില്‍ മന്ത്രിയായിരുന്ന കാലഘട്ടത്തില്‍ പ്രതിരോധ വകുപ്പ് സ്റ്റാന്റിങ് കമ്മിറ്റി അംഗമായിരുന്ന തനിക്ക് ഇത്തരമൊരു സംഭവം നടന്നതായി അറിയാമെന്നാണ് തിവാരി പറഞ്ഞത്.
“”ആ സമയത്ത് ഞാന്‍ പ്രതിരോധമന്ത്രാലയത്തിലെ സ്റ്റാന്റിങ്ങ് കമ്മിറ്റിയിലുണ്ടായിരുന്നു. സംഭവം നിര്‍ഭാഗ്യകരമാണ്, പക്ഷേ, വസ്തുതാപരമാണ്.””, തിവാരി പറഞ്ഞു. താന്‍ ഈ വിഷയത്തിലൊരു തര്‍ക്കത്തിനില്ലെന്നും തന്റെ അറിവു വച്ച് സംഭവം സത്യമാണെന്നും ദല്‍ഹിയില്‍ ഒരു പുസ്തകപ്രകാശനത്തിനിടെ മുന്‍ മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതിനിടെ മനീഷ് തിവാരിയുടെ ആരോപണങ്ങള്‍ അസംബന്ധം ആണെന്ന് പറഞ്ഞ് വി.കെ സിങ് തള്ളി. മനീഷ് തിവാരിക്ക് വേറെ പണിയില്ലെന്നു പറഞ്ഞ് പരിഹസിക്കുകയും ചെയ്തു. തിവാരി തന്റെ പുസ്തകം വായിക്കണമെന്നും അതില്‍ എല്ലാം വ്യക്തമാക്കുന്നുണ്ടെന്നും വി.കെ സിങ് നിര്‍ദേശിച്ചു.
2012 ജനുവരി 16ന് അര്‍ധരാത്രിയില്‍ സൈന്യത്തിലെ രണ്ട് സംഘങ്ങള്‍ അപ്രതീക്ഷിതമായും സര്‍ക്കാറിനെ അറിയിക്കാതെയും രാജ്യതലസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തിയെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് 2012 ഏപ്രല്‍ 4 ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. മെക്കനൈസ്ഡ് ഇന്‍ഫെന്ററി യൂണിറ്റും ആഗ്രയിലെ പാരച്യൂട്ട് റജിമെന്റിലെ 50ാം ബ്രിഗേഡും ദല്‍ഹി ലക്ഷ്യമാക്കി നീങ്ങിയത് സൈനിക അട്ടിമറി നീക്കമായിരുന്നു എന്നായിരുന്നു വാര്‍ത്ത.
എന്നാല്‍ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് സൈന്യവും സര്‍ക്കാര്‍ തള്ളിയിരുന്നു.
മാര്‍ച്ച് നടന്നു എന്നു പറയപ്പെടുന്ന ദിവസമായിരുന്നു അന്നത്തെ ആര്‍മി ചീഫായിരുന്ന ജനറല്‍ വി.കെ.സിങ്ങിന്റെ ജനനത്തീയതിയുമായി ബന്ധപ്പെട്ട വിവാദമുണ്ടായതും. അന്നായിരുന്നു വി.കെ സിങ് ഇതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്.