ന്യൂദല്‍ഹി: കോടികള്‍ മറിയുന്ന ഇന്ത്യന്‍ പ്രതിരോധ മേഖലയിലെ അഴിമതിയിലേക്ക് വിരല്‍ചൂണ്ടിക്കൊണ്ട് കരസേനാ മേധാവി ജനറല്‍ വി.കെ സിങ്ങിന്റെ വെളിപ്പെടുത്തല്‍. സൈന്യത്തിലേക്ക് വാഹനങ്ങള്‍ വാങ്ങുന്നതില്‍ ക്രമക്കേട് നടത്താനായി ഇടപാടുകാര്‍ 14 കോടി രൂപ കൈക്കൂലി വാഗ്ദാനം ചെയ്തുവെന്നാണ് സിങ്ങിന്റെ വെളിപ്പെടുത്തല്‍. വെളിപ്പെടുത്തല്‍ വിവാദമായതോടെ സംഭവത്തെക്കുറിച്ച് സി.ബി.ഐ അന്വേഷിക്കുമെന്ന് പ്രതിരോധ മന്ത്രി എ.കെ ആന്റണി വ്യക്തമാക്കി.
ജനനതീയതി സംബന്ധിച്ച് പ്രതിരോധ മന്ത്രാലയവുമായുള്ള തര്‍ക്കം കെട്ടടങ്ങുംമുമ്പാണ് ജനറല്‍ വി.കെ സിങ്ങ് പുതിയ വിവാദത്തിന് വഴിതെളിച്ചുകൊണ്ട് പ്രസ്താവന നടത്തിയത്. കരസേനയിലേക്ക് ഉപകരണങ്ങള്‍ വാങ്ങുന്നതിന് അനുമതി നല്‍കിയാല്‍ 14 കോടി രൂപ ഇടനിലക്കാര്‍ കോഴയായി വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ഇക്കാര്യം താന്‍ പ്രതിരോധമന്ത്രി എ.കെ ആന്റണിക്ക് റിപ്പോര്‍ട്ട് ചെയ്തിരുന്നുവെന്നും “ദ ഹിന്ദു”വിന് അനുവദിച്ച അഭിമുഖത്തില്‍ സിംങ് വ്യക്തമാക്കുന്നു.
“സൈന്യത്തിലേക്ക് നിലവാരം കുറഞ്ഞ 600 വാഹനങ്ങള്‍ വാങ്ങാന്‍ കരാര്‍ നല്‍കിയാല്‍ കോഴ നല്‍കാമെന്നായിരുന്നു ഇടനിലക്കാരുടെ വാഗ്ദാനം. സൈന്യത്തില്‍ മുന്‍കാലങ്ങളില്‍ വാങ്ങിയ നിലവാരം കുറഞ്ഞ 7000 വാഹനങ്ങള്‍ ഇപ്പോള്‍ തന്നെ ഉപയോഗത്തിലുണ്ട്. അന്യായവില കൊടുത്താണ് മുന്‍ വര്‍ഷങ്ങളില്‍ ഇവ വാങ്ങിയിരുന്നതെന്നും ജനറല്‍ സിംങ് തുറന്നടിച്ചു. സൈന്യത്തിന് വാഹനങ്ങള്‍ നല്‍കാന്‍ ശരിയായ മാര്‍ഗ്ഗത്തിലുള്ള ഒരു സംവിധാനവും ഇതുവരെയും രൂപീകരിച്ചിട്ടില്ലെന്നും അറിയിച്ച സിംഗ്, തന്നെ സന്ദര്‍ശിച്ച ഇടപാടുകളില്‍ ഒരാള്‍ പണം എടുത്ത് തന്റെ മുന്‍പില്‍ വച്ചുവെന്നും വ്യക്തമാക്കി.
“ഈ സംഭവം തന്നെ ഞെട്ടിച്ചുകളഞ്ഞു. ഇടപാടുകാര്‍ക്കൊപ്പമെത്തിയവരില്‍ ഒരാള്‍ സൈനികനായിരുന്നു. അയാള്‍ അടുത്തകാലത്താണ് സൈന്യത്തില്‍ നിന്ന് വിരമിച്ചത്. ഇക്കാര്യങ്ങള്‍ താന്‍ ആന്റണിയോട് വ്യക്തമാക്കി. ഇതുമായി പൊരുത്തപ്പെടാന്‍ കഴിയാത്തയാളാണ് താനെന്ന് താങ്കള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ താന്‍ പുറത്തുപോകാമെന്ന് ആന്റണിയെ അറിയിച്ചു”- സിങ് വ്യക്തമാക്കി.
സിങ്ങിന്റെ വെളിപ്പെടുത്തല്‍ പാര്‍ലമെന്റിന്റെ ഇരുസഭകളേയും സ്തംഭിപ്പിച്ചു. ബഹളം നിയന്ത്രണാതീതമായതിനെ തുടര്‍ന്ന് സഭകള്‍ ഉച്ചവരെയ്ക്ക് നിര്‍ത്തിവെച്ചു. ഗുരുതരമായ വിഷയമാണ് ഇതെന്ന് സഭയില്‍ പ്രതിപക്ഷാംഗങ്ങള്‍ ആരോപിച്ചു. ബി.ജെ.പിയുടെ എം.പി. പ്രകാശ് ജാദവേക്കറാണ് സഭയില്‍ വിഷയം ഉന്നയിച്ചത്. അഴിമതിയില്‍ കഴുത്തറ്റം മുങ്ങിക്കിടക്കുകയാണ് കോണ്‍ഗ്രസ് സര്‍ക്കാരെന്നും പ്രതിപക്ഷാംഗങ്ങള്‍ ആരോപിച്ചു. മാര്‍ച്ച് 31 ന് വിരമിക്കാനിരിക്കെയാണ് ഹിന്ദു ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ വി.കെ.സിങ് കൈക്കൂലി വാഗ്ദാനം വെളിപ്പെടുത്തിയത്. നേരത്തെ ജനനത്തീയതി തിരുത്തല്‍ വിവാദത്തില്‍ ആരോപണ വിധേയനായ ആളാണ് ജനറല്‍ വി.കെ.സിങ്.