| Tuesday, 2nd August 2016, 7:47 am

സൗദിയിലെ തൊഴില്‍ പ്രതിസന്ധി; വി.കെ സിങ് ഇന്ന് ജിദ്ദയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജിദ്ദ: സൗദി അറേബ്യയിലെ ഇന്ത്യന്‍ തൊഴിലാളികളുടെ പ്രശ്‌നത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നു. പ്രശ്‌ന പരിഹാരത്തിനായി വിദേശ കാര്യസഹമന്ത്രി വി.കെ സിങ്  ഇന്ന് ജിദ്ദയിലെത്തും. ജിദ്ദയിലെ വിവിധ ലേബര്‍ ക്യാംപുകള്‍ വി.കെ സിങ് സന്ദര്‍ശിക്കും. തൊഴിലാളികളുടെ പ്രതിസന്ധി പരിഹരിക്കുന്നതിനായി സൗദി തൊഴില്‍മന്ത്രാലയ അധികൃതരുമായും വി.കെ സിങ് ചര്‍ച്ച നടത്തും. അതെസമയം പട്ടിണിയിലായ തൊഴിലാളിക്ക് പത്തുദിവസത്തേക്കുള്ള ഭക്ഷണം ഉറപ്പ് വരുത്തിയതായി ജിദ്ദയില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ അറിയിച്ചു.

സൗദി അറേബ്യയില്‍ വിവിധ നിര്‍മ്മാണ കമ്പനികളിലെ പതിനായിരത്തിലധികം ഇന്ത്യന്‍ തൊഴിലാളികളാണ് മാസങ്ങളായി ശമ്പളം ലഭിക്കാതെ കുടുങ്ങിയിരിക്കുന്നത്. പല ലേബര്‍ ക്യാംപുകളിലും മാസങ്ങളായി ഭക്ഷണം പോലും ലഭ്യമല്ല. പ്രതിസന്ധിയിലായ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ അടിയന്തരമായി പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ റിയാദില്‍ ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ നടന്നുവരുന്നത്. പട്ടിണി അനുഭവിക്കുന്ന തൊഴിലാളികള്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ കഴിഞ്ഞ രണ്ട് ദിവമായി എത്തിച്ച് നല്‍കുന്നുണ്ട്. ഭക്ഷണം എത്താത്ത കൂടുതല്‍ ഇടങ്ങളിലേക്ക് ഭക്ഷണം എത്തിക്കാനാണ് ഇപ്പോള്‍ ശ്രമം നടക്കുന്നത്.

അതേസമയം ജിദ്ദയില്‍ വിവിധ ലേബര്‍ ക്യാമ്പുകളില്‍ എത്തി കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ തൊഴിലാളികളുടെ പട്ടിക തയ്യാറാക്കി. അടിയന്തരമായി നാട്ടിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍, സൗദി തുടരാന്‍ താല്‍പ്പര്യപ്പെടുന്നവര്‍, മറ്റൊരു സ്‌പോണ്‍സറുടെ കീഴിലേക്ക് മാറാന്‍ ആഗ്രഹിക്കുന്നവര്‍ എന്നിങ്ങനെ തിരിച്ചാണ് പട്ടിക തയ്യാറാക്കുന്നത് സൗദി ബിന്‍ ലാദന്‍, സൗദി ഓജര്‍ തുടങ്ങി കമ്പനികളിലെ തൊഴിലാളികളാണ് മാസങ്ങളായി ശമ്പളം ലഭിക്കാതെ പ്രതിസന്ധിയിലായത്.

ശമ്പള കുടിശ്ശികയും മറ്റ് ആനുകൂല്യങ്ങളും ലഭിക്കാതെ നാട്ടിലേക്ക് മടങ്ങാനാകില്ല എന്നാണ് ഭൂരിഭാഗം തൊഴിലാളികളുടെയും നിലപാട്. ഇരുപത് വര്‍ഷത്തിലധികം ഓരേ കമ്പനിയില്‍ ജോലി ചെയ്ത തൊഴിലാളികള്‍ ഇക്കൂട്ടത്തില്‍ ഉണ്ട്. ശമ്പള കുടിശിക കൂടാതെ ലക്ഷക്കണക്കിന് രൂപ പിരിയുമ്പോള്‍ ഉള്ള ആനുകൂല്യമായി ഇവര്‍ക്ക് ലഭിക്കണം.

We use cookies to give you the best possible experience. Learn more