| Tuesday, 22nd September 2015, 7:45 am

വി.കെ സിങ് രൂപീകരിച്ച രഹസ്യാന്വേഷണവിഭാഗവുമായി ബന്ധപ്പെട്ട രേഖകള്‍ അദ്ദേഹം നശിപ്പിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്രമന്ത്രി വി.കെ സിങ് കരസേനാ മേധാവിയയായിരുന്ന സമയത്ത് രൂപീകരിച്ച രഹസ്യാന്വേഷണ യൂണിറ്റിനെ കുറിച്ചുള്ള വിവരങ്ങള്‍ അടങ്ങുന്ന രേഖകള്‍ അദ്ദേഹം വിരമിക്കുന്നതിന് തൊട്ടുമുമ്പ് നശിപ്പിച്ചെന്ന കണ്ടെത്തല്‍ വിവാദമാകുന്നു. 2010ല്‍ വി.കെ സിങ് രൂപീകരിച്ച ടെക്‌നിക്കല്‍ സര്‍വ്വീസസ് ഡിവിഷന്‍(ടി.എസ്.ഡി) എന്ന രഹസ്യാന്വേഷണ വിഭാഗത്തെ കുറിച്ചുള്ള വിവരങ്ങളാണ് നശിപ്പിക്കപ്പെട്ടത്.

ഇതിന് ശേഷമാണ് 2012 മെയ് 31ന് വി.കെ സിങ് വിരമിക്കുകയും ബി.ജെ.പിയില്‍ പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്ത് മോദി സര്‍ക്കാരില്‍ വിദേശകാര്യ സഹമന്ത്രിസ്ഥാന മേല്‍ക്കുകയും ചെയ്തത്. ടി.എസ്.ഡിയുടെ പ്രവര്‍ത്തനങ്ങളും സംശയാസ്പദമാണ്.

2010-2011 വര്‍ഷങ്ങളില്‍ സാങ്കേതിക രഹസ്യാന്വേഷണ വിഭാഗത്തിന്റെ ധനവിനയോഗത്തിന്റെ കണക്കുകള്‍, യൂണിറ്റിന്റെ വിശദമായ പ്രതിമാസ ബാങ്ക് ഇടപാട് രേഖകള്‍, ടി.എസ്.ഡിയുടെ തലവനായിരുന്ന കേണല്‍ ഹണ്ണി ബക്ഷിയുടെ പണച്ചെലവ് കണക്കുകള്‍,ടി.എസ്.ഡിയുടെ തന്നെ ഭാഗമായിരുന്ന ലെഫ്റ്റനന്റ് കേണല്‍ സെര്‍വേഷ് ധാദ്വാലിന്റെയും ജോലി സമയ വിവരവും പണച്ചെലവ് കണക്കുകള്‍ ടിഎസ്ഡി ഉദ്യോഗസ്ഥരുടെ വിദേശ യാത്രകളുടെ വിവരങ്ങള്‍ തുടങ്ങി നിരവധി രേഖകള്‍ നശിപ്പിക്കപ്പെട്ടവയില്‍ ഉള്‍പ്പടുന്നുണ്ട്.

ഈ സാങ്കേതിക രഹസ്യാന്വേഷണ വിഭാഗത്തിന്റെ രഹസ്യരേഖകള്‍ പുറത്തുവിട്ടു എന്ന കുറ്റത്തിന് മലയാളിയായ ഹവില്‍ദാര്‍ ശ്യാം ദാസ് ഡി. യെ കോര്‍ട്ട് മാര്‍ഷ്യല്‍ ചെയ്ത് ജയിലിലടച്ചിരുന്നു. ശ്യാം ദാസ് ഈ രഹസ്യ രേഖകള്‍ റെവന്യൂ ഇന്റലിജന്‍സിന് വാഗ്ദാനം ചെയ്തുവെന്നായിരുന്നു ആരോപണം. 2012 ല്‍ മെയ് കൊച്ചിയില്‍ വെച്ചാണ് ശ്യാം ദാസിനെ അറസ്റ്റ് ചെയ്തത്

ടി.എസ്.ഡിയുടെ പ്രവര്‍ത്തനങ്ങളിലെ അധിക ചെലവിനെ തുടര്‍ന്ന് സൈനിക രഹസ്യന്വേഷണ ബജറ്റിന് അക്കാലത്തെ പ്രതിരോധ സെക്രട്ടറി എസ്.കെ ശര്‍മ അംഗീകാരം നല്‍കിയിരുന്നില്ല. ഈ വിവരങ്ങള്‍ പുറത്തുവന്നതോടെ ടി.എസ്.ഡി യുടെ രൂപീകരണവുമായി ബന്ധപ്പെട്ടും വി.കെ.സിങ്ങിന്റെ നടപടികളെ കുറിച്ചും സംശയങ്ങളുയര്‍ന്നിരിക്കുകയാണ്.

അതേസമയം, ഈ വാര്‍ത്തകള്‍ ജനറല്‍ വി.കെ. സിങ് നിഷേധിച്ചു. റിപ്പോര്‍ട്ട് തികച്ചും അവാസ്തവമാണെന്നും ഇതിന് പിന്നില്‍ നിക്ഷിപ്ത താത്പര്യക്കാരായിരിക്കാമെന്നും ഇപ്പോള്‍ കേന്ദ്ര വിദേശകാര്യ, പ്രവാസികാര്യ സഹമന്ത്രിയായ വി.കെ സിങ് പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more