അമിത് ഷാ പറഞ്ഞ ആ കണക്ക് ശരിയല്ല: ബാലാകോട്ടില്‍ പുതിയ വിശദീകരണവുമായി വി.കെ സിങ്
national news
അമിത് ഷാ പറഞ്ഞ ആ കണക്ക് ശരിയല്ല: ബാലാകോട്ടില്‍ പുതിയ വിശദീകരണവുമായി വി.കെ സിങ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 5th March 2019, 1:46 pm

ന്യൂദല്‍ഹി: ബാലാകോട്ട് വ്യോമാക്രമണത്തില്‍ 250 തീവ്രവാദികള്‍ കൊല്ലപ്പെട്ടെന്ന ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ പ്രസ്താവന തള്ളി മുന്‍ കരസേനാ മേധാവിയും വിദേശകാര്യ സഹമന്ത്രിയുമായ വി.കെ സിങ്.

അമിത് ഷാ പറഞ്ഞത് കൃത്യമായ കണക്കല്ലെന്നും അത്രയേറെ പേര്‍ മരണപ്പെട്ടിട്ടുണ്ടാകുമെന്നായിരിക്കാം അദ്ദേഹം ഉദ്ദേശിച്ചതെന്നും വി.കെ സിങ് പറഞ്ഞു.

വ്യോമാക്രമണം നടക്കുമ്പോള്‍ ജെയ്‌ഷെ മുഹമ്മദിന്റെ കെട്ടിടത്തില്‍ എത്രപേര്‍ ഉണ്ടായിരുന്നു എന്നതിനെ ആശ്രയിച്ചിരിക്കും മരണസംഖ്യയെന്നും വി.കെ സിങ് പറഞ്ഞു.

250 പേര്‍ കൊല്ലപ്പെട്ടോയെന്ന് മാധ്യമപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ചു ചോദിച്ചപ്പോള്‍ അമിത് ഷാ പറഞ്ഞത് ഒരു കൃത്യമായ കണക്കല്ലെന്നും അത്രയും പേര്‍ മരിച്ചിട്ടുണ്ടാകാമെന്നാവാം അദ്ദേഹം ഉദ്ദേശിച്ചതെന്നുമായിരുന്നു വി.കെ സിങ് നല്‍കിയ മറുപടി.


ഐസ്‌ക്രീം പാര്‍ലര്‍ കേസ്; വി.എസിന്റെ ഹരജി തള്ളണമെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാര്‍


എത്ര തീവ്രവാദികള്‍ ബാലാകോട്ട് കൊല്ലപ്പെട്ടിട്ടുണ്ട് എന്ന ചോദ്യത്തിന് അതെല്ലാം പറയേണ്ടത് സര്‍ക്കാരാണെന്നും മരിച്ചവരുടെ കണക്കെടുക്കുന്ന പതിവ് സേനക്കില്ലെന്നുമായിരുന്നു എയര്‍ ചീഫ് മാര്‍ഷല്‍ ധനോവ കഴിഞ്ഞ ദിവസം പ്രതികരിച്ചത്.

വ്യോമാക്രമണത്തില്‍ 250 ലേറെ പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ഉറി ആക്രമണത്തിന് ശേഷം സൈന്യം സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയെന്നും എന്നാല്‍ പുല്‍വാമ ആക്രമണത്തിന് തിരിച്ചടിയായി സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തുന്നത് അത്ര നല്ല തീരുമാനമായിരിക്കില്ലെന്ന തിരിച്ചറിവിലാണ് വ്യോമാക്രമണം നടത്തിയതെന്നും അമിത് ഷാ പറഞ്ഞിരുന്നു. ഒരു നഷ്ടവും സംഭവിക്കാതെ പ്രത്യാക്രമണം നടത്തുകയെന്നതാണ് ലക്ഷ്യമിട്ടതെന്നും 250 ലേറെ തീവ്രവാദികള്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തിരുന്നു.