ന്യൂദല്‍ഹി: ഫരീദാബാദ് സംഭവത്തില്‍ താന്‍ നടത്തിയ പരാമര്‍ശം വിവാദമായതോടെ കേന്ദ്ര മന്ത്രി വി.കെ സിംങ് മാപ്പ് പറഞ്ഞു. ഹൃദയം കൊണ്ട് മാപ്പ് ചോദിക്കുന്നുവെന്നും ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചായിരുന്നില്ല തന്റെ വാക്കുകളെന്നും അത്തരത്തിലൊരു താരതമ്യമല്ല താന്‍ ഉദ്ദേശിച്ചതെന്നും വി.കെ സിംങ് പറഞ്ഞു.
പ്രസ്താവനയ്‌ക്കെതിരെ ശക്തമായ പ്രതിഷേധമുയര്‍ന്നതിന് പിന്നാലെയാണ് ക്ഷമാപണവുമായി മന്ത്രി രംഗത്ത് വന്നത്.
ഹരിയാനയില്‍ ദളിത് കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് വി.കെ സിങ് നടത്തിയ പരാമര്‍ശമാണ് വിവാദമായത്. “ഒരു പട്ടിയെ ആരെങ്കിലും കല്ലെറിഞ്ഞാല്‍ അതില്‍ സര്‍ക്കാറിന് ഉത്തരവാദിത്തമില്ല” എന്നായിരുന്നു വി.കെ സിങ്ങിന്റെ പരാമര്‍ശം. ഇത് രണ്ടു കുടുംബങ്ങള്‍ തമ്മിലുള്ള പ്രശ്‌നമാണെന്നും സര്‍ക്കാറിനെ ഇതുമായി ബന്ധപ്പെടുത്തേണ്ടതില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
ഇതിനെതിരെ വിവിധ കോണുകളില്‍ നിന്നും വിമര്‍ശനമുയരുകയും സിങ്ങിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തുവരികയും ചെയ്തു.
ഹരിയാനയില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് പറഞ്ഞുകൊണ്ടാണ് വി.കെ സിങ് ഈ വിവാദ പരാമര്‍ശം നടത്തിയത്. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള മനോഹര്‍ ലാല്‍ ഖട്ടാര്‍ സര്‍ക്കാറാണ് ഹരിയാന ഭരിക്കുന്നത്.
ഹരിയാനയില്‍ തിങ്കളാഴ്ചയാണ് സവര്‍ണ വിഭാഗക്കാര്‍ ദളിത് കുഞ്ഞുങ്ങളെ ചുട്ടുകൊന്നത്. ഇവരുടെ വീടിന്റെ ജനലിലൂടെ പെട്രോളൊഴിച്ച് തീക്കൊളുത്തുകയായിരുന്നു. രണ്ടരവയസുള്ള കുട്ടിയും 11മാസം പ്രായമായ കുട്ടിയുമാണ് കൊല്ലപ്പെട്ടത്.