ദല്‍ബീര്‍ നിരപരാധികളെ കൊന്നൊടുക്കിയ സേനാ യൂണിറ്റിന്റെ സംരക്ഷകന്‍- വി.കെ സിങ്
Daily News
ദല്‍ബീര്‍ നിരപരാധികളെ കൊന്നൊടുക്കിയ സേനാ യൂണിറ്റിന്റെ സംരക്ഷകന്‍- വി.കെ സിങ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 11th June 2014, 11:36 am

[] ന്യൂദല്‍ഹി:കരസേനാ മേധാവി ദല്‍ബീര്‍സിങ് സുഹാഗിനെതിരെ തുറന്നടിച്ച് കേന്ദ്ര മന്ത്രി വി.കെ സിങ് രംഗത്ത്. ദല്‍ബീര്‍ നിരപരാധികളെ കൊന്നൊടുക്കിയ സേനാ യൂണിറ്റിന്റെ സംരക്ഷകനാണെന്നാണ് മുന്‍ കരസേനാ മേധാവി കൂടിയായ വി.കെ സിങിന്റെ വിമര്‍ശനം. ട്വിറ്ററിലൂടെയായിരുന്നു വിവാദ പരാമര്‍ശം.

ദല്‍ബീര്‍ സിങിനെതിരെ നടപടി ഉണ്ടായത് മറച്ചുവെച്ചുകൊണ്ടാണ് ദല്‍ബീറിന് സ്ഥാനക്കയറ്റം നല്‍കിയെതെന്ന് ആരോപിച്ച് അദ്ദേഹം സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. എന്നാല്‍ ദല്‍ബീറിനെതിരെ അച്ചടക്ക നടപടിയെടുത്ത വി.കെ സിങിന്റെ മുന്‍ നടപടി തെറ്റായിരുന്നുവെന്നാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. ദല്‍ബീര്‍ സിങിനെതിരെ നടപടിയെടുത്തതിന് രേഖകളില്ലെന്നും കമാന്‍ഡോ ആയി സ്ഥാനക്കയറ്റം നല്‍കിയതിനാലാണ് കരസേന മേധാവിയായി നിയമിച്ചതെന്നുമായിരുന്നു കേന്ദ്ര സര്‍ക്കാര്‍ വാദിച്ചത്.

തന്റെ നിലപാടില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് വി.കെ സിങ് വ്യക്തമാക്കി. ഇത്തരക്കാര്‍ സംരക്ഷിക്കപ്പെട്ടാല്‍ കുറ്റവാളികള്‍ രക്ഷപെടാനുള്ള സാഹചര്യം ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് വി.കെ സിങ് രാജി വയ്ക്കണമെന്ന ശക്തമായ ആവശ്യവുമായി  കോണ്‍ഗ്രസ് രംഗത്തെത്തി.

അതേസമയം കരസേനാ മേധാവിയായ ദല്‍ബീര്‍ സിങിനെ ആ സ്ഥാനത്തു നിന്ന് മാറ്റില്ലെന്ന് പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അറിയിച്ചു. പ്രതിരോധവകുപ്പില്‍ രാഷ്ട്രീയം കലര്‍ത്തില്ലെന്നും അദ്ദേഹം പറഞ്ഞു.