കൊവിഡ്-19; രണ്ടാം ഘട്ടം കടുത്തത്, കൂടുതല്‍ രോഗികള്‍ ഐ.സി.യുവിലാകുന്നു
Kerala News
കൊവിഡ്-19; രണ്ടാം ഘട്ടം കടുത്തത്, കൂടുതല്‍ രോഗികള്‍ ഐ.സി.യുവിലാകുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 23rd June 2020, 8:39 am

കോഴിക്കോട്: കൊവിഡ് 19 ന്റെ രണ്ടാം ഘട്ടം ശക്തമാണെന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ വി.കെ ഷമീര്‍. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് ഡോക്ടര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

മറ്റ് അസുഖമില്ലാത്തവരും ചെറുപ്പക്കാരും രോഗത്തെ അതിജീവിക്കാന്‍ പ്രയാസപ്പെടുകയാണെന്ന് ഡോക്ടര്‍ പറയുന്നു. ഐ.സി.യുവിലാകുന്ന രോഗികളുടെ എണ്ണം കൂടുതലാണെന്നും ഡോക്ടര്‍ പറഞ്ഞു.

‘കൊവിഡിലെ രണ്ടാമൂഴം പ്രതീക്ഷിച്ച പോലെ കടുത്തതു തന്നെ. ചിലരെയെങ്കിലും കൊവിഡ് പ്രഹരിക്കുന്നത് എല്ലാ സാമാന്യ നീതികളേയും കാറ്റില്‍ പറത്തിക്കൊണ്ടാണെന്ന് കണ്‍മുന്നില്‍ കാണുന്നുണ്ട്. ചെറിയ പ്രായക്കാര്‍, മറ്റ് അസുഖം ഒന്നും ഇല്ലാത്തവര്‍ ഒക്കെ ഇടക്കെങ്കിലും മരണവുമായി മല്ലിടേണ്ടി വരുന്നതും കാണാന്‍ കഴിയുന്നുണ്ട്. അവിടെ ജോലി ചെയ്യുന്ന എല്ലാവരേയും അത് വല്ലാതെ അസ്വസ്ഥരാക്കുന്നുമുണ്ട്’

വി.കെ ഷമീറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

കോവിഡിലെ രണ്ടാമൂഴം പ്രതീക്ഷിച്ച പോലെ കടുത്തതു തന്നെ. ചിലരെയെങ്കിലും കോവിഡ് പ്രഹരിക്കുന്നത് എല്ലാ സാമാന്യ നീതികളേയും കാറ്റില്‍ പറത്തിക്കൊണ്ടാണെന്ന് കണ്‍മുന്നില്‍ കാണുന്നുണ്ട്. ചെറിയ പ്രായക്കാര്‍, മറ്റ് അസുഖം ഒന്നും ഇല്ലാത്തവര്‍ ഒക്കെ ഇടക്കെങ്കിലും മരണവുമായി മല്ലിടേണ്ടി വരുന്നതും കാണാന്‍ കഴിയുന്നുണ്ട്. അവിടെ ജോലി ചെയ്യുന്ന എല്ലാവരേയും അത് വല്ലാതെ അസ്വസ്ഥരാക്കുന്നുമുണ്ട്.

ഇത്തവണ കോവിഡ് ഡ്യൂട്ടിയില്‍ കയറിയ ശേഷം അഞ്ചാമത്തെ ആളാണ് ഐ സി യു വില്‍ പ്രവേശിക്കുന്നത്. ഒരു ചെറുപ്പക്കാരന്‍. ഭൂമിയില്‍ ഇന്ന് കോവിഡിനെതിരെ ഗുണം ചെയ്യുമെന്ന് വിശ്വസിക്കുന്ന എല്ലാ മരുന്നുകളും മൂന്നോ നാലോ മണിക്കൂറുകള്‍ കൊണ്ട് നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്. ഒന്ന് ബാക്കിയുണ്ട്, പ്ലാസ്മ. അയാള്‍ മോശമായിക്കൊണ്ടിരിക്കുന്ന വേഗത കണ്ടാല്‍ അറിയാം നമുക്ക് അധികം സമയം കാത്തു നില്‍ക്കാന്‍ കഴിയില്ല. പ്ലാസ്മ കൂടി നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ അതെന്നും ഒരു കുറ്റബോധമായി വേട്ടയാടിക്കൊണ്ടിരിക്കും, അതുറപ്പാണ്.

നിരവധി കടമ്പകളുണ്ട്. പല ഭാഗങ്ങളില്‍ നിന്നും അനുവാദം വേണം. രക്ത ബാങ്കില്‍ പ്ലാസ്മ വേര്‍തിരിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കണം. അതിനേക്കാള്‍ എല്ലാം പ്ലാസ്മ നല്‍കാന്‍ രോഗിയുടെ അതേ ഗ്രൂപ്പിലുള്ള ഒരാള്‍ വേണം. ഏതോ ഒരാള്‍ അല്ല, നേരത്തേ രോഗം വന്ന് ഭേദമായി പോയ ഒരാള്‍!

ഇത്രയും കാര്യങ്ങള്‍ ഒന്നിച്ച് നടക്കാന്‍ സാദ്ധ്യത കുറവാണ്. എന്നാലും ശ്രമിക്കണം. മുകളില്‍ നിന്ന് പച്ചക്കൊടി. രോഗമുക്തി നേടിയവരുടെ ലിസ്റ്റ് എടുക്കുക, എല്ലാവരെയും വിളിച്ച് ഗ്രൂപ്പ് കണ്ടെത്തുക, ഉടന്‍ ലിസ്റ്റ് തയ്യാറാക്കുക, ഇതിന് സഹായിക്കാന്‍ രണ്ട് പി ജി വിദ്യാര്‍ത്ഥികളെ അനുവദിക്കാം.

എന്നാല്‍ ശ്രമിച്ചു നോക്കാം

പണ്ട് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നപ്പോള്‍ ഇവിടെ കിടന്നവരൊക്കെ ഇപ്പോഴും ഫോണില്‍ കിടപ്പുണ്ട്. പലരും ഇപ്പോള്‍ സുഹൃത്തുക്കളാണ്. പല കാര്യങ്ങള്‍ക്കും വിളിക്കുന്നവരുമാണ്. ഏറ്റവും കൂടുതല്‍ വിളി വരുന്ന ആളാണ് മഹമൂദ്.
മഹമൂദിനെ വിളിച്ചു, കൂടുതല്‍ വിശദീകരിക്കേണ്ടി വന്നില്ല,
‘അതിനെന്താ സാറേ, നമ്മള്‍ വരാണ്ടിരിക്ക്വോ……’

ഗ്രൂപ്പ് മാച്ചല്ലെങ്കിലും അതൊരു വല്ലാത്ത പ്രോല്‍സാഹനമായിരുന്നു.

‘മഹമുദേ വരേണ്ടപ്പോള്‍ ഞാന്‍ വിളിക്കാം, ഇപ്പോള്‍ വേണ്ട’

ഡിസ്ചാര്‍ജ് ആയി പോകുമ്പോള്‍ എന്ത് ആവശ്യമുണ്ടെങ്കിലും വിളിക്കണമെന്ന് പറഞ്ഞു പോയ ഒരാള്‍ ഉണ്ട് – സഞ്ചുള്‍

‘ ഡോക്ടറേ ഒരു കുഴപ്പമുണ്ട്, ഞാന്‍ അവിടെ എത്താന്‍ ഒരു മണിക്കൂര്‍ എടുക്കും’

ഒരു മണിക്കൂര്‍ പോലും വൈകാതെ ഇത് ചെയ്യണമെന്നാണ് സഞ്ചുള്‍ ആഗ്രഹിക്കുന്നത്.

പറഞ്ഞ പോലെ സഞ്ചുള്‍ വന്നു. ഒരു മണിക്കൂര്‍ തികച്ചെടുത്തില്ല. പ്ലാസ്മയെടുത്തു. രാത്രിയോടെ തന്നെ രോഗിക്ക് കൊടുക്കാനും കഴിഞ്ഞു.

ബാക്കി വിധി പോലെ. എന്നാലും ഒരു സമാധാനമുണ്ട്, ചെയ്യാന്‍ ഒന്നും ബാക്കി വെച്ചില്ലല്ലോ.

ഇന്നിപ്പോള്‍ ഒരു ഒ പോസിറ്റീവ് പ്ലാസ്മ വേണം, മൂന്നാമത്തെ ഫോണ്‍ വിളിയാണ്, പ്ലാസ്മക്ക് വേണ്ടി, പ്രസൂജിനെ. 100% റെഡി. ഇന്ന് പത്തു മണിക്കെത്തും, പ്രസൂജ് പ്ലാസ്മ കൊടുക്കാന്‍.

വളരെ ദുഷ്‌ക്കരമായ സമയമാണ്. അതില്‍ ഒത്തിരി ആശ്വാസമാണ് ഇവരുടെയൊക്കെ പ്രതികരണം കാണുമ്പോള്‍… നമ്മള്‍ അതിജീവിക്കുമെന്ന് തന്നെ തോന്നുന്നു…..