| Monday, 8th February 2021, 9:56 pm

'നീക്കങ്ങള്‍ കാത്തിരുന്ന് കാണാം'; സജീവ രാഷ്ട്രീയത്തിലേക്കെന്ന് പ്രഖ്യാപിച്ച് വി. കെ ശശികല

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണെന്ന് പ്രഖ്യാപിച്ച് അമ്മ മക്കള്‍ മുന്നേട്ര കഴകം നേതാവ് വി. കെ ശശികല. തന്നെ തളര്‍ത്താനാകില്ലെന്നും ശശികല പറഞ്ഞു.

അണ്ണാ ഡി.എം.കെ തന്നെ ഭയപ്പെടുന്നുവെന്നും അതുകൊണ്ടാണ് തിരിച്ച് തമിഴ്‌നാട്ടിലേക്ക് തിരിച്ച് വരുന്ന തന്നെ അതിര്‍ത്തിയില്‍ വെച്ച് തടഞ്ഞതെന്നും ശശികല പറഞ്ഞു.

തന്റെ നീക്കം കാത്തിരുന്നു കാണാം എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

നാല് വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം ജയില്‍ മോചിതയായി തമിഴ്‌നാട്ടിലേക്ക് തിരിച്ച വി.കെ ശശികലയുടെ വാഹനവ്യൂഹത്തെ തമിഴ്‌നാട് അതിര്‍ത്തിയില്‍ തടഞ്ഞിരുന്നു. ബെംഗളൂരുവില്‍ നിന്ന് ചെന്നൈയിലേക്ക് തിരിച്ച ശശികലയുടെയും അനുയായികളുടെയും വാഹനവ്യൂഹമാണ് പൊലീസ് തടഞ്ഞത്.

അണ്ണാ ഡി.എം.കെയുടെ കൊടി വെച്ച കാറിലായിരുന്നു ശശികല യാത്രചെയ്തിരുന്നത്. എന്നാല്‍ അതിര്‍ത്തിയില്‍ തടഞ്ഞ എ.ഐ.ഡി.എം.കെ പ്രവര്‍ത്തകര്‍ കൊടി എടുത്ത് മാറ്റുകയും ചെയ്തിരുന്നു.

നേരത്തെ തമിഴ്‌നാട്ടിലേക്ക് പ്രവേശിക്കുന്നതിന് പൊലീസ് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു.എന്നാല്‍ ഈ നിര്‍ദ്ദേശങ്ങള്‍ തള്ളിയാണ് ശശികല ചെന്നൈയിലേക്ക് തിരിച്ചിരിക്കുന്നത്. അതിര്‍ത്തി മുതല്‍ മുപ്പത്തിരണ്ട് സ്ഥലങ്ങളിലാണ് ശശികലയ്ക്ക് സ്വീകരണം ഒരുക്കിയത്.

ശശികലയുടെ തിരിച്ചുവരവ് അണ്ണാ ഡി.എം.കെയില്‍ തന്നെ ചേരി തിരിവ് സൃഷ്ടിച്ചിരിക്കുകയാണ്. ഒരൂകൂട്ടം നേതാക്കള്‍ ശശികലയ്ക്ക് പരസ്യ പിന്തുണ പാര്‍ട്ടിയില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം തമിഴ്‌നാട് സര്‍ക്കാര്‍ ശശികലയുടെ വരവിനെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്. ശശികല സന്ദര്‍ശിക്കാന്‍ സാധ്യതയുള്ള അണ്ണാ ഡി.എം.കെ കേന്ദ്രങ്ങളിലെല്ലാം ഇന്ന് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തുകയും സുരക്ഷ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: VK Sasikala says she will be involved in active politics on her return to TN

We use cookies to give you the best possible experience. Learn more