ചെന്നൈ: തമിഴ്‌നാട്ടില്‍ ചൊവ്വാഴ്ച നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ വി കെ ശശികലയ്ക്ക് വോട്ടില്ല. ജയലളിതയുടെ പയസ് ഗാര്‍ഡനില്‍ നിന്ന് നീക്കിയ പത്തൊമ്പത് വോട്ടര്‍മാരുടെ പേരിനൊപ്പം വി കെ ശശികലയുടെ പേരു ഉള്‍പ്പെട്ടതിനാലാണ് ഇത്തവണ ശശികലയ്ക്ക് വോട്ട് നിഷേധിക്കപ്പെട്ടത്.
തൗസന്‍ഡ് ലൈറ്റ്‌സ് നിയോജക മണ്ഡലത്തിന് കീഴിലാണ് പയസ് ഗാര്‍ഡനും ഉള്‍പ്പെട്ടിരിക്കുന്നത്. പേര് നീക്കം ചെയ്ത കൂട്ടത്തില്‍ ശശികലയുടെ ബന്ധു ജെ. ഇളവരസിയുടെ പേരും നീക്കം ചെയ്തിട്ടുണ്ട്. അതേസമയം ഇളവരസിയുടെ മകന്‍ വിവേക് ജയരാമന്റെ പേര് വോട്ടര്‍പട്ടികയില്‍ ഉണ്ട്.
പയസ് ഗാര്‍ഡനെ സ്മൃതി മണ്ഡപമാക്കാനുള്ള നീക്കത്തിന് പിന്നാലെയാണ് ശശികലയുടെ പേര് നീക്കം ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ വോട്ടറെ വിവരം അറിയിക്കാതെ പേര് നീക്കം ചെയ്യുന്നതെങ്ങനെയാണന്നാണ് എ.എം.എം.കെ സ്ഥാനാര്‍ത്ഥിയായ വൈദ്യനാഥന്‍ ചോദിക്കുന്നത്. മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി കരുതിക്കൂട്ടിയാണ് ശശികലയുടെ പേര് നീക്കം ചെയ്തതെന്നാണ് വൈദ്യനാഥന്‍ ആരോപിക്കുന്നത്.
‘ശശികലയാണ് പളനിസ്വാമിയെ മുഖ്യമന്ത്രിയാക്കിയത്. ഇത് വഞ്ചനയാണ്. ചെന്നൈ കോര്‍പറേഷനോ ഇലക്ഷന്‍ കമ്മീഷനോ തനിച്ച് ഇങ്ങനൊരു തീരുമാനമെടുക്കാന്‍ കഴിയില്ല,’ വൈദ്യനാഥന്‍ ദ വീക്കിനോട് പറഞ്ഞു.
2019ലെ തെരഞ്ഞെടുപ്പ് സമയത്ത് ശശികലയും ഇളവരസിയും ജയിലില്‍ ആയിരുന്നതിനാല്‍ ഇരുവരും വോട്ട് ചെയ്തിരുന്നില്ല. എന്നാല്‍ ശശികല നാലര വര്‍ഷത്തെ ജയില്‍ വാസം കഴിഞ്ഞ് എത്തിയതിന് പിന്നാലെ തന്നെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നെങ്കിലും വോട്ടര്‍ പട്ടിക ഇതിനോടകം പൂര്‍ത്തിയാക്കി പ്രസിദ്ധപ്പെടുത്തിയിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക