തിരുവനന്തപുരം: കേരളത്തിന് വന്ദേഭാരത് ട്രെയിന്‍ അനുവദിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ ബി.ജെ.പി രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്.
റെയില്‍വെ ബജറ്റുകളില്‍ കാലങ്ങളായി കേരളത്തിനെ അവഗണിക്കുന്ന സമീപമനമാണ് കേന്ദ്ര സര്‍ക്കാരിനുള്ളതെന്നും അതുകൊണ്ട് തന്നെ ഒന്നിലധികം വന്ദേഭാരത് ട്രെയിനുകള്‍ ലഭിക്കേണ്ടത് സംസ്ഥാനത്തിന്റെ അവകാശമാണെന്നും അദ്ദേഹം പറഞ്ഞു. അതിനെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നത് അല്‍പ്പത്തരമാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് സനോജിന്റെ പരാമര്‍ശം.
കേരളത്തിന്റെ നിലവിലുള്ള റെയില്‍വെ പാതകളുടെ അവസ്ഥ വെച്ച് വന്ദേഭാരത് ട്രെയിനുകള്‍ സംസ്ഥാനം നേരിടുന്ന യാത്രാ പ്രതിസന്ധിക്ക് പരിഹാരമാകില്ലെന്നും സനോജ് പറഞ്ഞു. അതേസമയം ഇപ്പോഴെങ്കിലും റെയില്‍വെ മേഖലയില്‍ കേരളത്തെ പരിഗണിച്ചതില്‍ സന്തോഷമുണ്ടെന്നും വന്ദേഭാരത് അനുവദിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്യുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.
‘വന്ദേഭാരത് ട്രെയിന്‍ രാജ്യത്ത് ഏറ്റവും വൈകിയെത്തിയ സംസ്ഥാനമാണ് കേരളം. അയല്‍ സംസ്ഥാനങ്ങളായ കര്‍ണാടകയിലും തമിഴ്‌നാടിലും വന്ദേഭാരത് ട്രെയിനുകള്‍ ഓടുന്നത് കാണുമ്പോഴും കേരളത്തിനോടുള്ള അവഗണന പല തവണ നമ്മള്‍ ചര്‍ച്ച ചെയ്തതാണ്. കേരളത്തിന് സ്വാഭാവികമായും ലഭിക്കേണ്ട വന്ദേഭാരത് ട്രെയിനിനെ മഹാ സംഭവമായി അവതരിപ്പിക്കാന്‍ ബി.ജെ.പി ശ്രമിക്കുകയാണ്. കേരളം ഇന്ത്യയുടെ ഭാഗമാണ്.
കേരളത്തില്‍ വന്ദേഭാരതോ തത്തുല്യമായ മറ്റ് ഏത് ആധുനിക ട്രെയിനികളും ലഭിക്കുന്നത് സന്തോഷകരമായിരിക്കുമ്പോള്‍ തന്നെ കേരളത്തിന്റെ റെയില്‍ യാത്രാ ദുരിതത്തിന് അത് പരിഹാരമാകില്ലെന്നതാണ് യാഥാര്‍ഥ്യം. കേരളത്തിലെ നിലവിലെ വളഞ്ഞ പാതയില്‍ കൂടിയ വേഗതയില്‍ ട്രെയിന്‍ ഓടിക്കാന്‍ സാധിക്കില്ലെന്ന് ഇന്ത്യന്‍ റെയില്‍വേ തന്നെ വ്യക്തമാക്കിയ കാര്യമാണ്.
പാതയിലെ വളവ് നിവര്‍ത്തുക എന്നത് കേരളത്തിന്റെ ഭൗമ സാഹചര്യത്തില്‍ പ്രായോഗികമല്ലെന്നിരിക്കെ മറ്റൊരു സാമാന്തര റെയില്‍ ശൃംഖല വരുന്നത് വരെ ഈ പാതയില്‍ വന്ദേഭാരത് അടക്കമുള്ള ഏത് ട്രെയിനുകള്‍ക്കും കുറഞ്ഞ വേഗതയില്‍ മാത്രമേ യാത്ര ചെയ്യാന്‍ സാധിക്കൂ. ഫലത്തില്‍ മെച്ചപ്പെട്ട യാത്രാ സുഖത്തില്‍ എന്നാല്‍ വലിയ സമയ ലാഭമുണ്ടാക്കാത്ത യാത്ര തന്നെയാണ് വന്ദേ ഭാരതിലും ലഭ്യമാകുക.
വന്ദേഭാരത് തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ 482 കലോമീറ്ററാണ് യാത്ര വരുന്നത്. 2138 രൂപ ചെലവും എട്ട് മണിക്കൂര്‍ യാത്രയും വേണ്ടിവരും. എന്നാല്‍ നിര്‍ദ്ദിഷ്ട കെ റെയില്‍ 1325 രൂപയ്ക്ക് മൂന്ന് മണിക്കൂര്‍ സമയം കൊണ്ട് എത്തിച്ചേരാനാകും. അതേസമയം കണ്ണൂര്‍ മുതല്‍ തിരുവനനന്തപുരം വരെ വിമാനത്തില്‍ ഒരു മണിക്കൂര്‍ കൊണ്ട് എത്തിച്ചേരാനാകും. ചിലവ് വരുന്നത് 1325 രുപ മാത്രമാണ്.
എന്നാല്‍ കാലങ്ങളായി അവഗണന നേരിടുന്ന കേരളത്തിലെ റെയില്‍വേക്ക് മരുഭൂമിയില്‍ പെയ്യുന്ന മഴ പോലെയാണ് പുതിയ ട്രെയിന്‍ ലഭിക്കുന്നത്. ബി.ജെ.പി ഗവണ്‍മെന്റ് റെയില്‍വെ ബജറ്റ് കൂടി നിര്‍ത്തലാക്കിയ ശേഷം കേരളം സമ്പൂര്‍ണ്ണമായും റെയില്‍വെ ഭൂപടത്തിന് വെളിയിലായിരുന്നു.
അങ്ങനെയുള്ള അവസരത്തില്‍ ഒന്നിലധികം വന്ദേഭാരത് ട്രെയിനുകള്‍ ലഭിക്കേണ്ടത് കേരളത്തിന്റെ അവകാശമാണ്. അതിനെ രാഷ്ട്രീയ മുതലെടുപ്പിനുപയോഗിക്കാന്‍ ശ്രമിക്കുന്ന അല്പത്തരം തുറന്നുകാട്ടുക തന്നെ ചെയ്യും. അതേ സമയം കേരളത്തിലെ റെയില്‍ യാത്രാ ദുരിതത്തിന് വന്ദേഭാരത് ട്രെയിനുകള്‍ ഒരു പരിഹാരവുമല്ല.
Content Highlight: vk sanoj facebook post on vandhe bharath