| Friday, 16th August 2019, 12:40 pm

പ്രളയകാലത്തെ മികച്ച പ്രകടനം വട്ടിയൂര്‍ക്കാവിലെ വി.കെ പ്രശാന്തിന്റെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിക്കുമോ?; ഇപ്പോഴത്തേത് ഓപ്പറേഷന്‍ വട്ടിയൂര്‍ക്കാവ് മിഷനെന്ന് ആരോപിച്ച് കോണ്‍ഗ്രസ് മാധ്യമം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മഴക്കെടുതി അനുഭവിക്കുന്ന മലബാറിലേക്ക് തിരുവനന്തപുരം കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ നടത്തിയ വിഭവസമാഹരണം മികച്ച അഭിപ്രായമാണ് നേടിയത്.വിഭവസമാഹരണത്തിന് നേതൃത്വം നല്‍കിയ മേയര്‍ വി.കെ പ്രശാന്തിന് സാമൂഹ്യ മാധ്യമങ്ങളിലും പുറത്തും അഭിനന്ദന പ്രവാഹമാണ്. ഇപ്പോള്‍ ലഭിക്കുന്ന അംഗീകാരം വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ വി.കെ പ്രശാന്തിന്റെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.

വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ സി.പി.ഐ.എം സാധ്യത പട്ടികയില്‍ ഇടം നേടിയിരുന്നു വി.കെ പ്രശാന്ത്. മുന്‍ എം.എല്‍.എയും സ്പീക്കറുമായിരുന്ന എം.വിജയകുമാറിന്റെയും വി.കെ പ്രശാന്തിന്റെയും പേരാണ് ചര്‍ച്ചകളില്‍ ഉണ്ടായിരുന്നത്. ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ പ്രശാന്തിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ സി.പി.ഐ.എംനെ പ്രേരിപ്പിച്ചേക്കും.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലും ലോക്‌സഭ തെരഞ്ഞെടുപ്പിലും എല്‍.ഡി.എഫ് മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്താണ്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് 53545 വോട്ടും ബി.ജെ.പി 50709 വോട്ടും നേടിയപ്പോള്‍ എല്‍.ഡി.എഫിന് 29414 വോട്ട് മാത്രമേ നേടാനായുള്ളൂ. ഇത്തരമൊരവസ്ഥയില്‍ എല്‍.ഡി.എഫിന് തിരിച്ചു വരണമെങ്കില്‍ ശക്തനായ സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കിയേ പറ്റൂ. വി.കെ പ്രശാന്തിന് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന അംഗീകാരം വട്ടിയൂര്‍ക്കാവിലും വോട്ടായി മാറാമെന്നാണ് സി.പി.ഐ.എം വൃത്തങ്ങളിലെ ചര്‍ച്ച.

വി.കെ പ്രശാന്തിനെ സ്ഥാനാര്‍ത്ഥിയായി അവതരിപ്പിക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനമാണ് ഇപ്പോള്‍ തിരുവനന്തപുരത്ത് നടത്തുന്നതെന്ന് കോണ്‍ഗ്രസ് മാധ്യമമായ ജയ്ഹിന്ദ് ആരോപിക്കുന്നു.
പ്രളയ മേഖലയില്‍ ആവശ്യവസ്തുക്കള്‍ എത്തിക്കുന്നതിന് നേതൃത്വവും നല്‍കണ്ടേ ജില്ലാകളക്ടര്‍ അവധിക്ക് അപേക്ഷയും നല്‍കി. നിര്‍ണ്ണായകമായ ദിവസങ്ങളായിരുന്നിട്ടുകൂടി കളക്ടറുടെ അവധി അപേക്ഷ സര്‍ക്കാര്‍ അംഗീകരിച്ചു. തുടര്‍ന്നാണ് കളക്ടറുടെ അസാനിധ്യത്തില്‍ മേയര്‍ വി.കെ.പ്രശാന്ത് ആവശ്യവസ്തുക്കള്‍ സമാഹരിക്കുന്നതിനുള്ള നേത്യത്വം ഏറ്റെടുക്കുന്നത്. ഇത് വ്യക്തമായ തിരക്കഥയുടെ അടിസ്ഥാനത്തിലാണെന്ന് ജയ്ഹിന്ദ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വി.കെ പ്രശാന്തിനെ മഹത്വവല്‍ക്കരിക്കാന്‍ വേണ്ടിസി.പി.ഐ.എം നടത്തിയ ഓപ്പറേഷന്‍ വട്ടിയൂര്‍ക്കാവ് മിഷനാണെന്നാണ് ജയ്ഹിന്ദ് പറയുന്നത്.

We use cookies to give you the best possible experience. Learn more