പരസ്യ ചിത്രങ്ങളും സിനിമകളും സംവിധാനം ചെയ്ത് ശ്രദ്ധേയനായ വ്യക്തിയാണ് വി.കെ. പ്രകാശ്. സ്റ്റോറി ടെല്ലിങ് രീതിയില്‍ അവതരിപ്പിക്കപ്പെടുന്ന സിനിമളാണ് വി.കെ. പ്രകാശ് എന്ന സംവിധായകനെ വ്യത്യസ്തനാക്കുന്നത്.
ഈയൊരു പ്രത്യേകത അദ്ദേഹത്തിന്റെ പരസ്യങ്ങളിലും കാണാം. കണ്ണന്‍ ദേവന്റേയും സൈക്കിള്‍ അഗര്‍ബത്തീസിന്റെ ദൈവമുണ്ടെന്ന് പറയുന്ന പരസ്യവുമെല്ലാം വി.കെ. പ്രകാശ് മാജിക്കില്‍ പിറന്നതാണ്.
‘ഒരുത്തീ’യാണ് വി.കെ. പ്രകാശ് സംവിധാനം ചെയ്ത് ഏറ്റവുമൊടുവിലിറങ്ങിയ ചിത്രം. ഏറെ നാളത്തെ ഇടവേളക്ക് ശേഷം നവ്യ നായരുടെ തിരിച്ചുവരവ് എന്നൊരു പ്രത്യേകത കൂടി ഒരുത്തീക്കുണ്ട്.
സിനിമയുടെ പ്രൊമോഷനിടക്ക് വി.കെ. പ്രകാശ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ബിഹൈന്‍ഡ്‌വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തിലാണ് വി.കെ. പ്രകാശ് സംസാരിക്കുന്നത്. നത്തോലി ഒരു ചെറിയ മീനല്ല എന്ന ചിത്രത്തിന്റെ പരാജയം തന്നെ ഒട്ടും വിഷമിപ്പിച്ചിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്.
‘ഞങ്ങളൊക്കെ വളരുന്ന സമയത്ത് ഒരുപാട് കോമഡി സിനിമകളുണ്ടായിരുന്നു. അതില്‍ നിന്നൊരു പ്രചോദനം പോലെയൊക്കെയാണ് നത്തോലി ഒരു ചെറിയ മീനല്ല എന്ന സിനിമ ചെയ്തത്. കണ്ടന്റിലും ഫോമിലുമൊക്കെ വ്യത്യസ്തമായൊരു സിനിമ ചെയ്ത് നോക്കിയതാണ്. അങ്ങനെ ഫഹദിനെ കണ്ട് ഡേറ്റ് ഫിക്‌സ് ചെയ്തു.
നത്തോലി പോലൊരു സിനിമ എല്ലാവര്‍ക്കും ആസ്വദിക്കാന്‍ പറ്റുന്ന ഒന്നല്ല. അതിന്റെ പരാജയത്തില്‍ എനിക്ക് വിഷമമില്ല. പക്ഷെ നിര്‍ണായകം പരാജയപ്പെട്ടതില്‍ എനിക്ക് വിഷമമുണ്ട്. അത് വളരെ റിയലിസ്റ്റിക് ആയിട്ടുള്ളൊരു സിനിമയാണ്,’ വി.കെ. പ്രകാശ് പറയുന്നു.
അരപ്പട്ടകെട്ടിയ ഗ്രാമത്തില്‍, അമ്മയറിയാതെ തുടങ്ങിയ ചിത്രങ്ങളാണ് തനിക്കിഷ്ടം. കനക മുന്തിരികള്‍ എന്ന പാട്ട് സിനിമയുടെ എഡിറ്റിംഗ് ഒക്കെ കഴിഞ്ഞാണ് എഴുതുന്നതും ഷൂട്ട് ചെയ്യുന്നതും. ഗിരീഷ് പുത്തഞ്ചേരിയാണ് ചിത്രത്തിലെ പാട്ടുകള്‍ എഴുതുന്നത്. അതിന് നാഷണല്‍ അവാര്‍ഡ് കിട്ടിയെന്നും അദ്ദേഹം പറഞ്ഞു.
മാര്‍ച്ച് 18നാണ് ഒരുത്തീ തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. ഒരു സാധാരണ സ്ത്രീ തനിക്ക് ഒട്ടും പരിചിതമല്ലാത്ത ഒരു അവസ്ഥയില്‍പ്പെട്ടുപോകുന്നതും തുടര്‍ന്നുള്ള അവളുടെ പോരാട്ടവുമാണ് സിനിമയുടെ ഇതിവൃത്തം. വിനായകനും സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
Content Highlights: VK Prakash says about Fahad Fasil’s movie