മാധ്യമങ്ങളെ കുറ്റം പറയാന്‍ പറ്റില്ലെന്ന് സംവിധായകന്‍ വി.കെ.പ്രകാശ്. മാധ്യമങ്ങള്‍ക്ക് ജനങ്ങള്‍ക്ക് മേല്‍ നല്ല സ്വാധീനമുണ്ടെന്നും തന്റെ സിനിമയിലൂടെ മാധ്യമങ്ങളെ മോശമായി ചിത്രീകരിക്കാന്‍ തന്റെ പുതിയ സിനിമയായ ‘ലൈവിലൂടെ’ ശ്രമിച്ചിട്ടില്ലെന്നും കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ വി.കെ.പ്രകാശ് പറഞ്ഞു.
‘മാധ്യമങ്ങള്‍ക്ക് ജനങ്ങള്‍ക്ക് മേലുള്ള സ്വാധീനത്തെക്കുറിച്ചാണ് ‘ലൈവ്’ സംസാരിക്കുന്നത്. സാധാരണ മനുഷ്യരുടെ ജീവിതത്തില്‍ അതെത്രത്തോളം ഇംപാക്ട് ഉണ്ടാക്കുന്നുണ്ടെന്ന് സിനിമയിലൂടെ പറയാന്‍ ശ്രമിച്ചിട്ടുണ്ട്. ആളുകളുടെ സ്വകാര്യതയിലേക്കുള്ള മാധ്യമങ്ങളുടെ കടന്നുകയറ്റത്തെക്കുറിച്ചും ‘ലൈവ്’ ചര്‍ച്ച ചെയ്യുന്നുണ്ട്.
ഇപ്പോള്‍ 24 മണിക്കൂറും വാര്‍ത്തകളാണ്. അത് കൊണ്ട് നിരന്തരമായി കണ്ടന്റുകള്‍ ഉണ്ടാക്കേണ്ടിയിരിക്കുന്നു. മീഡിയക്കും നല്ല പ്രഷറുണ്ട്. കാരണം, കണ്ടന്റുകള്‍ക്ക് ആവശ്യക്കാരേറെയുണ്ട്. പണ്ട് ഒരു ദൂരദര്‍ശന്‍ ന്യൂസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. കുറേ സത്യങ്ങള്‍ പറയുമ്പോള്‍ സത്യങ്ങള്‍ കഴിഞ്ഞുപോകില്ലേ. അപ്പോള്‍ നുണകള്‍ സൃഷ്ടിക്കപ്പെടുന്നു. ഡിമാന്റ് കൂടുമ്പോള്‍ എപ്പോഴും സത്യം മാത്രം പറയാന്‍ മാധ്യമങ്ങള്‍ക്ക് കഴിയില്ല.
മാധ്യമരംഗം വളരെ മത്സരമുള്ള ഫീല്‍ഡാണ്. മത്സരം കൂടുമ്പോള്‍ ഓരോ മാധ്യമങ്ങളും വിജയിക്കാന്‍ ശ്രമിക്കുന്നു. ഇതൊക്കെയിങ്ങനെ തന്നെയാണ്. നമ്മള്‍ ഇതിന്റെയൊക്കെയിടയില്‍ വേണം ജീവിച്ചുപോകാന്‍.
ഒരു പാര്‍ട്ടിയുടെ ചാനലാണെങ്കില്‍ ആ പാര്‍ട്ടിയെ വിമര്‍ശിച്ചു കൊണ്ട് അവര്‍ക്ക് വാര്‍ത്ത കൊടുക്കാന്‍ പറ്റില്ല. മറ്റൊരു പാര്‍ട്ടിയെ പ്രകീര്‍ത്തിച്ചുകൊണ്ടും അവര്‍ക്ക് വാര്‍ത്ത കൊടുക്കാന്‍ പറ്റില്ല. ഇതൊരു യാഥാര്‍ത്ഥ്യമാണ്. ഇതുകൊണ്ടാക്കെ തന്നെ നമുക്ക് മാധ്യമങ്ങളെ കുറ്റം പറയാന്‍ പറ്റില്ല.
നമ്മള്‍ ഒരു സാധാരണ മീഡിയ പേഴ്‌സണിന്റെ ഭാഗത്ത് നിന്ന് ചിന്തിക്കുകയാണെങ്കില്‍, അവര്‍ക്ക് ഉണ്ടാകുന്ന പ്രഷര്‍ വളരെ വലുതാണ്. ഞാന്‍ സിനിമയില്‍ മാധ്യമങ്ങളെ മോശമായി ചിത്രീകരിക്കാന്‍ ശ്രമിച്ചിട്ടില്ല. മറിച്ച് അവര്‍ക്കുണ്ടാവുന്ന പ്രഷറുകള്‍കൊണ്ട് അവര്‍ സൃഷ്ടിക്കുന്ന വാര്‍ത്തള്‍ കാരണം സാധാരണ ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പറയാനാണ് ഞാന്‍ ശ്രമിച്ചത്,’ വി.കെ.പ്രകാശ് പറഞ്ഞു.
ഉദാത്തമായ സൃഷ്ടി ഉണ്ടാക്കാന്‍ കഴിയില്ലെന്നും അത് ഉണ്ടായിപ്പോവുന്നതാണെന്നും വി.കെ.പ്രകാശ് പറഞ്ഞു.
‘ഉദാത്തമായ സൃഷ്ടി ഉണ്ടാക്കാന്‍ കഴിയില്ല, അത് ഉണ്ടായിപ്പോവുന്നതാണ്. ആര്‍ട്ടിനെയും സിനിമയെയും എന്‍ജോയ് ചെയ്ത് വര്‍ക്ക് ചെയ്യാന്‍ നമ്മളൊരിക്കലും മടിക്കരുത്. നമ്മള്‍ ചെയ്യുന്നത് ചിലപ്പോള്‍ മോശമായേക്കാം, എന്നാലും അത് ചെയ്ത് നോക്കുക എന്നതിലാണ് കാര്യം.
എന്റെ കൂടെ വര്‍ക്ക് ചെയ്ത പലരും സ്വതന്ത്രമായി സിനിമകള്‍ ചെയ്യുകയും അതൊക്കെ ഭൂരിഭാഗവും ഹിറ്റാവുകയും ചെയ്തുവെന്നതില്‍ സന്തോഷമുണ്ട്,’ വി.കെ.പ്രകാശ് പറഞ്ഞു.
Content Highlights: Director V.K.Prakash about media