അനൂപ് മേനോന്റെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കാനായിരുന്നു തീരുമാനം, പക്ഷേ വര്‍ക്ക് ഔട്ട് ആയില്ല: വി.കെ പ്രകാശ്
Film News
അനൂപ് മേനോന്റെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കാനായിരുന്നു തീരുമാനം, പക്ഷേ വര്‍ക്ക് ഔട്ട് ആയില്ല: വി.കെ പ്രകാശ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 22nd March 2022, 1:39 pm

മമ്മൂട്ടി ഉള്‍പ്പെടെയുള്ള പ്രമുഖ താരങ്ങളെ നായകന്മാരാക്കി നിരവധി സിനിമകള്‍ ചെയ്ത സംവിധായകനാണ് വി.കെ. പ്രകാശ്. എന്നാല്‍ മോഹന്‍ലാലുമൊത്ത് അദ്ദേഹം ഇതുവരെ സിനിമ ചെയ്തിട്ടില്ല. അനൂപ് മേനോന്റെ തിരക്കഥയില്‍ മോഹന്‍ലാലിനൊപ്പം സിനിമ ചെയ്യാനിരുന്നതാണെന്നും എന്നാല്‍ അത് നടന്നില്ലെന്നും വി.കെ. പ്രകാശ് പറയുന്നു.

വെസ്റ്റേണ്‍ മ്യൂസിക് കമ്പോസറുടെ കഥ പറയുന്ന മനോഹരമായ ഒരു സിനിമ ആയിരുന്നു അതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

”മോഹന്‍ലാലിന്റെ അടുത്ത് ഒന്നോ രണ്ടോ സ്‌ക്രിപ്റ്റുമായി ഞാന്‍ ചെന്നിട്ടുണ്ട്. പക്ഷേ അതൊന്നും വര്‍ക്ക് ഔട്ട് ആയില്ല.

അനൂപ് മേനോന്റെ ഇന്‍ട്രസ്റ്റിംഗായ ഒരു സ്‌ക്രിപ്റ്റ് ഉണ്ടായിരുന്നു. ഒരു വെസ്റ്റേണ്‍ ക്ലാസിക്കല്‍ മ്യൂസിക്ക് കമ്പോസറുടെ കഥയായിരുന്നു. മൊസാര്‍ട്ടിന്റെ ഒരു ഇന്ത്യന്‍ രൂപം. മനോഹരമായ സ്‌ക്രിപ്റ്റായിരുന്നു അത്.

പക്ഷേ അത് വര്‍ക്ക് ഔട്ട് ആയില്ല. കാരണം, അപ്പോള്‍ ഷാജി സാര്‍ അതുപോലെയൊരു സബ്‌ജെക്ട് ചെയ്യാനിരിക്കുകയായിരുന്നു. അനൂപ് തന്നെ ചിലപ്പോള്‍ ആ സ്‌ക്രിപ്റ്റ് മറന്നിട്ടുണ്ടാവും.

ഭാവിയില്‍ ഈ സിനിമ പ്രതീക്ഷിക്കാം എന്ന് പറയാന്‍ പറ്റില്ല. എല്ലാം ഓക്കെ ആവുകയാണെങ്കില്‍ ചിലപ്പോള്‍ സംഭവിച്ചേക്കാം,” വി.കെ പ്രകാശ് പറഞ്ഞു.

അതേസമയം, വി.കെ. പ്രകാശ് സംവിധാനം ചെയ്ത ഒരുത്തീ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.
നീണ്ട ഇടവേളക്ക് ശേഷം നവ്യ നായരുടെ തിരിച്ചുവരവിന് കളമൊരുക്കിയ ചിത്രം കുടുംബ പശ്ചാത്തലത്തില്‍ അതീജീവനത്തിന്റെയും സ്നേഹബന്ധങ്ങളുടെയും കഥയാണ് പറയുന്നത്. കെ.പി.എ.സി. ലളിത അവസാനമായി അഭിനയിച്ച ചിത്രം കൂടിയാണിത്.

എസ്. സുരേഷ് ബാബു തിരക്കഥയൊരുക്കിയ ചിത്രം നിര്‍മിച്ചിരിക്കുന്നത് കെ.വി.അബ്ദുള്‍ നാസറാണ്. ജിംഷി ഖാലിദാണ് ഛായാഗ്രഹണം. ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത് ലിജോ പോളാണ്. സംഗീതം ഗോപി സുന്ദറും തകര ബാന്‍ഡും ചേര്‍ന്നാണ്.

വിനായകന്‍, സൈജു കുറുപ്പ്, സന്തോഷ് കീഴാറ്റൂര്‍, അരുണ്‍ നാരായണ്‍, മുകുന്ദന്‍, ജയശങ്കര്‍ കരിമുട്ടം, മനു രാജ്, മാളവിക മേനോന്‍, ചാലി പാല എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.


Content Highlight: vk prakash about his movie with mohanlal