| Monday, 3rd May 2021, 11:37 am

കയ്യില്‍ ചരട് കെട്ടിയവന്റെ എതിര്‍പ്പില്‍ രേഖയില്ലാതെ, പൗരത്വം തെളിയിക്കാനാവാതെ മടങ്ങേണ്ടി വന്ന ഉമ്മാ... നിങ്ങടെ അരിവാള്‍ ജയിച്ചിട്ടുണ്ട്

Vk Jobhish

ഈ തെരഞ്ഞെടുപ്പിന് പ്രിസൈഡിംഗ് ഓഫീസറായി എന്നെ ചുമതലപ്പെടുത്തിയത് കേരളത്തിലെ ഏക ഉറുദു മീഡിയം സ്‌കൂളായ കാസര്‍ഗോഡ് ഉപ്പളയിലെ ഹിന്ദുസ്ഥാനി യു.പി. സ്‌കൂളിലെ ഒരു ബൂത്തിലായിരുന്നു. പ്രിസൈഡിംഗ് ഓഫീസറായിട്ട് ആദ്യമായിട്ടായതുകൊണ്ട് അതിന്റെ അസ്വസ്ഥത ഓര്‍ഡര്‍ കിട്ടിയ അന്നു മുതല്‍ തുടങ്ങിയിരുന്നു.

തെരഞ്ഞെടുപ്പ് ശരിയായ രീതിയില്‍ എന്നെക്കൊണ്ട് നടത്താന്‍ കഴിയുമോ? പ്രശ്‌നബാധിത പ്രദേശമാണെങ്കില്‍ ബൂത്തിലെ തര്‍ക്കങ്ങളൊക്കെ എങ്ങനെ കൈകാര്യം ചെയ്യും. അതിന് ഈയുള്ളവന്‍ മതിയാവുമോ? ഈ ആശങ്കകളുമൊക്കെയായാണ് കുമ്പളയിലെ കളക്ഷന്‍ സെന്ററില്‍ നിന്ന് ഞാന്‍ ഈ സ്‌കൂളിലേക്ക് എത്തിച്ചേര്‍ന്നത്.

എന്റെ ആശങ്ക അറിഞ്ഞപ്പോള്‍ ‘പേടിക്കാനൊന്നുമില്ല മാഷേ സംഗതി പാളിയാല്‍ ഇരുനൂറു മീറ്ററിനുള്ളില്‍ വെടിവെക്കാനുള്ള ഉത്തരവിടാമല്ലോ’
എന്ന സഹഓഫീസറുടെ ഉപദേശം കേട്ടപ്പോള്‍ ഉള്ളിലൊരു വെടിപൊട്ടി.! പോലീസ് കാവലില്‍ ഇരിപ്പ്, നടപ്പ്, ഉറക്കം. കാണുന്നവര്‍ക്ക് നല്ല സുഖം തോന്നും. കളക്ഷന്‍ സെന്ററില്‍ കൊടുക്കേണ്ട ആവശ്യത്തിനും അനാവശ്യത്തിനുമുള്ള ഫോമുകളും കവറുകളുമെഴുതി തലേദിവസം തളര്‍ന്നുറങ്ങിപ്പോയി.

അങ്ങനെ തെരഞ്ഞെടുപ്പു ദിവസമായി. പുലര്‍ച്ചെ മോക്ക് പോള്‍ കഴിഞ്ഞു. ഏഴു മണിക്ക് വോട്ടിംഗ് തുടങ്ങി. വലിയ ബുദ്ധിമുട്ടുകളില്ലാതെ വോട്ടെടുപ്പ് തുടരുകയാണ്. കാര്യമായ തിരക്കുകളൊന്നുമില്ല. ബൂത്ത് ഏജന്റുമാരും വോട്ടര്‍മാരും തമ്മില്‍ വലിയ ഐഡന്റിറ്റി തര്‍ക്കങ്ങളൊന്നും ഇല്ലാതെ കാര്യങ്ങള്‍ നീങ്ങി.

ഇതിനിടയിലാണ് പ്രായമുള്ള ഒരു ഉമ്മയും അവരുടെ മകനും വോട്ട് ചെയ്യാന്‍വേണ്ടി വന്നത്. ഉമ്മ പര്‍ദ്ദയാണ് ധരിച്ചത്. മകന്‍ ജീന്‍സും ടീഷര്‍ട്ടും. ഉമ്മയ്ക്ക് എണ്‍പതും മകന് അന്‍പതിനു മുകളിലും പ്രായം തോന്നും. മകന്റെ കയ്യില്‍ ആധാര്‍ കാര്‍ഡുണ്ട്. ഉമ്മയുടെ കയ്യില്‍ വോട്ടേഴ്‌സ് സ്ലിപ്പല്ലാതെ മറ്റൊന്നുമില്ല. ഒന്നാം പോളിംഗ് ഓഫീസര്‍ പേരു വിളിച്ചതിനുശേഷം ഐഡന്റിറ്റി കാര്‍ഡ് ആവശ്യപ്പെട്ടു. തന്റെ രേഖകളെല്ലാം ഭര്‍ത്താവിന്റെ കയ്യിലാണെന്നും അദ്ദേഹം ഓര്‍മ്മപോയി തളര്‍ന്നു കിടക്കുകയാണെന്നും അതെല്ലാം അദ്ദേഹം ഏതോ ഒരു പെട്ടിയില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും പറഞ്ഞു.

ബൂത്ത് ഏജന്റുമാര്‍ നല്ല സൗഹൃദാന്തരീക്ഷത്തിലാണ് അതുവരെ പെരുമാറിയിരുന്നത്. അവര്‍ മൂന്നു പേരുണ്ടായിരുന്നു. ഞാന്‍ അവരിലേക്ക് നോക്കി. രണ്ടുപേര്‍ ഉമ്മ വോട്ട് ചെയ്യുന്നതില്‍ ഞങ്ങള്‍ക്ക് പ്രശ്‌നമില്ലെന്നും ഉമ്മയെ ഞങ്ങള്‍ക്കറിയാമെന്നും പറഞ്ഞു. അപ്പോഴാണ് തൊട്ടടുത്ത ചെറുപ്പക്കാരന്‍ ഒബ്ജക്ഷനുയര്‍ത്തിയത്. ഐഡന്റിറ്റി കാര്‍ഡില്ലാതെ വോട്ട് ചെയ്യുന്നതിന് സമ്മതമില്ലെന്ന് ഞങ്ങളോടെല്ലാവരോടുമായി അവന്‍ പറഞ്ഞു. യുവാവാണ്. കയ്യിലൊരു ചരടും നെറ്റിയിലൊരു കുറിയുമുണ്ട്. അവന്‍ പറഞ്ഞതു തന്നെയാണ് വോട്ടെടുപ്പിന്റെ രീതി.

പക്ഷെ ആ ഉമ്മയ്ക്ക് അത് താങ്ങാന്‍ കഴിഞ്ഞില്ല. അപ്പോള്‍ ഞാന്‍ ഉമ്മയോട് വോട്ടെടുപ്പിന് ഉപയോഗിക്കാന്‍ കഴിയുന്ന ആധാര്‍, പാസ്‌പോര്‍ട്ട്, ബാങ്ക് ഐഡന്റിറ്റി… തുടങ്ങി പല രേഖകള്‍ ചോദിച്ചു തുടങ്ങി. ഒന്നും തന്റെ കയ്യിലില്ലെന്നും എല്ലാം ഓര്‍മ്മപോയിക്കിടക്കുന്ന ഭര്‍ത്താവാണ് സൂക്ഷിച്ചതെന്നും അവര്‍ വീണ്ടുമാവര്‍ത്തിച്ചു. അപ്പോള്‍ ഒപ്പംവന്ന അവരുടെ മകന്‍ ”ഉമ്മയെ ഇവര്‍ക്കൊക്കെ അറിയാമല്ലോ പിന്നെന്താ വോട്ടു ചെയ്യുന്നതില്‍ പ്രശ്‌നം” എന്ന് ചോദിച്ചു. അതൊക്കെ ശരിയാണ് പക്ഷെ ഈ രാജ്യത്തെ പൗരയാണ് എന്ന് തെളിയിക്കുന്ന എന്തെങ്കിലും രേഖ വേണം. ആ ഉമ്മ നിസ്സഹായയായി ചുറ്റിലും നോക്കി. അകത്തുള്ളവരെല്ലാം ഒരു നിമിഷം പരസ്പരം നോക്കി. അപ്പോള്‍ താനീ രാജ്യത്തെ പൗരയല്ലേ എന്ന് ഒരു നിമിഷം അവരും സംശയിച്ച പോലെ.!

തൊട്ടടുത്ത നിമിഷം ആ ക്ലാസ് മുറിയില്‍ നിന്ന് രേഖകളില്ലാത്തതിന്റെ പേരില്‍ അവര്‍ പുറത്താകാന്‍ പോകുകയാണ്. നാടകീയമായ ആ സന്ദര്‍ഭത്തില്‍ ആ ക്ലാസ് മുറി എനിക്കൊരു രാജ്യമായനുഭവപ്പെട്ടുതുടങ്ങി. ഈ രാജ്യത്ത് പൗരത്വബില്‍ നടപ്പിലാക്കപ്പെടുമ്പോള്‍ ഇങ്ങനെയൊരിക്കല്‍ ക്ലാസ് മുറിയില്‍ നിന്നെന്നപോലെ കാണിക്കാന്‍ രേഖകളില്ലാത്തതിന്റെ പേരില്‍ നാളെ അവര്‍ക്കും ഈ രാജ്യത്തു നിന്നും പുറത്തുപോകേണ്ടി വരുമോ.? ഞാന്‍ വെറുതേ ആലോചിച്ചു. മകന്‍ വോട്ട് ചെയ്ത് വന്നു. ഉമ്മ അത് കണ്ടു നിന്നു. ശേഷം സങ്കടവും പ്രതിഷേധവും നിറഞ്ഞ് എന്തോ നിശ്ചയിച്ച് നിശ്ശബ്ദമായി ആ ഉമ്മയും മകനും പുറത്തെ വെയിലിലേക്കിറങ്ങി. ഞാന്‍ മേശപ്പുറത്തിരുന്ന ഇലക്ഷന്‍ കമ്മീഷന്‍ തയ്യാറാക്കിയ ഹാന്‍ഡ് ബുക്കിന്റെ കവറിനു പുറത്തുള്ള വാക്യത്തിലേക്ക് നോക്കി.
‘No voter to be left behind’.

വോട്ടെടുപ്പ് അവസാനിക്കാന്‍ ഒന്നോ രണ്ടോ മണിക്കൂറേ ബാക്കിയുള്ളൂ. ലിസ്റ്റിലെ പകുതിക്കുമുകളില്‍ ആളുകളേ വോട്ട് ചെയ്തുള്ളൂ. അതില്‍ സങ്കടം തോന്നി. ഏജന്റുമാരോട് നാട്ടിലെ പൗരബോധത്തെക്കുറിച്ചും ജനാധിപത്യത്തെക്കുറിച്ചുമൊക്കെ ഇടയ്‌ക്കൊന്നു വാചാലമാകുന്നതിനിടയിലാണ് ആ ഉമ്മ വീണ്ടും കയറി വന്നത്. ഇപ്പോള്‍ അവര്‍ക്കൊപ്പം മകനില്ല. ഒറ്റയ്ക്കാണ്. തന്റെ ഐഡന്റിറ്റിതെളിയിക്കുന്ന ഏതോ ഒരു കാര്‍ഡ് കയ്യിലുണ്ട്. എനിക്ക് ഭയങ്കര സന്തോഷം തോന്നി. പോളിംഗ് ഓഫീസര്‍ പേരു വിളിച്ചു. രണ്ടാം പോളിംഗ് ഓഫീസര്‍ മഷി പുരട്ടി. ഉമ്മ രജിസ്റ്ററിലേക്ക് ഒപ്പിനു പകരം കൈവിരല്‍ കൊടുത്തു. മൂന്നാം പോളിംഗ് ഓഫീസര്‍ നിര്‍ദേശം കൊടുത്തു. തുടര്‍ന്ന് അവര്‍ വോട്ട് ചെയ്യാന്‍ മെഷീനിനടുത്തേക്ക് പോയി.]

‘ഇതിലെവിടെയാണ് വോട്ട് ചെയ്യേണ്ടത്. എനിക്ക് ശരിക്ക് കണ്ണ് കാണില്ല’
അവര്‍ അവിടുന്ന് വിളിച്ചു പറഞ്ഞു.
ങ്ങേ…!
‘കണ്ണ് ശരിക്കു കാണാത്ത നിങ്ങള്‍ പിന്നെ… ഓപ്പണ്‍ വോട്ട് ചെയ്യായിരുന്നില്ലേ..?’
ആരോ ചോദിച്ചു.
”എന്റെ വോട്ട് എനിക്കു തന്നെ ചെയ്യണം”.
അവര്‍ ചെറുതായി ശബ്ദമുയര്‍ത്തി.
പക്ഷെ എങ്ങനെ?
‘എനിക്കു കുറച്ചു കണ്ണു കാണാം’
‘എന്നാല്‍ വോട്ട് ചെയ്യൂ’.
എന്ന് ഞാന്‍.

അവര്‍ വോട്ടിംഗ് മെഷീനില്‍ എവിടെയോ അമര്‍ത്തി. വോട്ട് വീണില്ല. ശേഷം ഞാന്‍ മെഷീന്റെ മാതൃകാരൂപം ഉയര്‍ത്തിക്കാണിച്ചു. നിങ്ങള്‍ക്ക് ഇഷ്ടമുള്ള ചിഹ്നത്തിന് നേര്‍ക്ക് അമര്‍ത്തൂ എന്ന് ഞാന്‍ വിളിച്ചു പറഞ്ഞു. അപ്പോള്‍ അവര്‍ ചെറിയ ശബ്ദത്തില്‍
‘കത്തിയാണ് കത്തി. അത് ഇതില്‍ക്കാണുന്നില്ലല്ലോ’
എന്ന് എനിക്കു മാത്രമായി മറുപടി തന്നു. പക്ഷെ അത് എല്ലാവരും കേട്ടു എന്നു തോന്നി.
കത്തിയോ..!
‘അങ്ങനെയൊരു ചിഹ്നം മെഷീനിലില്ലല്ലോ’.
ഞാന്‍ പറഞ്ഞു.
അപ്പോള്‍ അവര്‍ എന്തോ ഓര്‍ത്തു.
‘കത്തിയല്ല. സാറേ. അരിവാള്‍, അരിവാള്‍’ ആ ഓര്‍മ്മയില്‍
അവരുടെ മുഖം തെളിഞ്ഞു. മുഖത്ത് ഒരു ചെറുചിരി വിടര്‍ന്നു. അവര്‍ ചിഹ്നം കണ്ടെന്നു തോന്നുന്നു. ശേഷം കൈ മെഷീനിലെവിടെയോ അമര്‍ത്തി. തുടര്‍ന്ന് ബീപ് ശബ്ദം വന്നു.

‘വോട്ട് കഴിഞ്ഞു ഉമ്മാ. തിരിച്ചു പോരൂ’ ഞാന്‍ പറഞ്ഞു.
അവര്‍ എന്റെ അടുത്തുവന്നു.
‘അല്ല സാറേ വോട്ട് ശരിക്കും വീണിട്ടുണ്ടാവില്ലേ’ അവര്‍ സംശയം പറഞ്ഞു.
‘വീണു’
ഞാന്‍ പറഞ്ഞു.
അതെന്താ സംശയം.? ഞാന്‍ ചോദിച്ചു.

‘ആദ്യമായിട്ടാ സാറേ അരിവാളിന് വോട്ട് ചെയ്യുന്നത്’
അതിനെന്താ? ഞാന്‍ ചോദിച്ചു.
‘ഇപ്പോഴത്തെ ഞങ്ങളുടെ അരിയാ സാറേ അത്. ഈ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നില്ലെങ്കില്‍ എന്റെ അരിയും മുടങ്ങും പെന്‍ഷനും മുടങ്ങും. അതുകൊണ്ടാ. ഉറപ്പിക്കണം’

‘സംശയിക്കണ്ട. വോട്ട് പെട്ടിയില്‍ത്തന്നെ വീണിട്ടുണ്ട്. ഉമ്മ ധൈര്യായി പോയ്‌ക്കോളൂ’ ഞാന്‍ പറഞ്ഞു.
ശേഷം അവര്‍ പര്‍ദയുടെ മുഖഭാഗം താഴ്ത്തി വലിയൊരാശ്വാസത്തില്‍ നേരത്തെ തന്റെ ഐഡന്റിറ്റിയെ എതിര്‍ത്ത യുവാവിലേക്കൊരു ചിരികൊടുത്ത് പുറത്തേക്കിറങ്ങി.

ഇന്നലെ വോട്ടെണ്ണിത്തുടങ്ങുമ്പോള്‍ ഞാനവരെ വീണ്ടുമോര്‍ത്തു. കഴിഞ്ഞപ്പോള്‍ അവരുടെ മുഖം കൂടുതല്‍ കൂടുതല്‍ തെളിഞ്ഞു വന്നു. അവരിപ്പോള്‍ ഉപ്പളയിലെ ഏതോ വീട്ടില്‍ നിന്ന് ചിരിക്കുന്നുണ്ടാവും.

അതെ; അവരെപ്പോലെ മുഖമറിയാത്ത ആയിരക്കണക്കിനാളുകള്‍ ഈ ദുരിതകാലത്ത് തിരിച്ചറിഞ്ഞ രാഷ്ട്രീയമുണ്ട്. അതിന്റെ പേരാണ് ഇടതുപക്ഷം. അതുകൊണ്ട് അവരൊക്കെ ഈ തിരഞ്ഞെടുപ്പില്‍ വോട്ടുകള്‍ ബോധപൂര്‍വ്വം മാറ്റി ചെയ്തിട്ടുണ്ട്. അതവരുടെ ഭാവി ജീവിതമാണ്. അതാണവരെപ്പോലുള്ളവരെ ഈ രാജ്യത്ത് നിലനിര്‍ത്തുക. ആരോ പറയുന്നത് കേട്ട് ആചാരം പോലെ ഇന്നലെവരെയുള്ളതിനെ ആവര്‍ത്തിക്കുന്നതല്ല അവര്‍ക്കിപ്പോഴത്തെ രാഷ്ട്രീയം. അത് കേരളത്തില്‍ നിന്ന് രാജ്യത്തിലേക്കും പടരട്ടെ.
കോവിഡ് ഒരു ദുരന്തമാണെങ്കിലും ഈ കാലത്ത് നമ്മുടെ നാട് മൂല്യമുള്ള ഒരു രാഷ്ട്രീയം തിരിച്ചറിഞ്ഞ സന്ദര്‍ഭം കൂടിയാണ്. ആ മൂല്യത്തിന്റെ രണ്ടാമൂഴമാണ് ഇനി കാണാനിരിക്കുന്നത്. ആ രണ്ടാമൂഴത്തിന് ഉപ്പളയിലെ ആ ഉമ്മയുടെ ഓര്‍മ്മയില്‍ ഒരിക്കല്‍ക്കൂടി ആശംസകള്‍.

(ലേഖനങ്ങളുടെ ഉള്ളടക്കം ഡൂള്‍ന്യൂസിന്റെ എഡിറ്റോറിയില്‍ നിലപാടുകളോട് ചേര്‍ന്നതാവണമെന്നില്ല)

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: VK Jobish writes about polling booth experiences

Vk Jobhish

Teacher, Writter

We use cookies to give you the best possible experience. Learn more