| Sunday, 24th November 2019, 3:22 pm

'ഹെല്‍മെറ്റില്ലായിരുന്നെങ്കില്‍ ഇപ്പോള്‍ക്കാണുന്ന ഞാനുണ്ടാകുമായിരുന്നില്ല'; അധ്യാപകന്റെ കുറിപ്പ് ശ്രദ്ധേയമാവുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇരുചക്ര വാഹനങ്ങളുടെ പിറകില്‍ ഇരിക്കുന്നവരും നിര്‍ബന്ധമായും ഹെല്‍മറ്റ് ധരിക്കണമെന്ന ഹൈക്കോടതി വിധിയോട് പ്രതികരിക്കുകയാണ് ഒരു അധ്യാപകന്‍. തന്റെ ജീവിതത്തില്‍ സംഭവിച്ച ഒരു അപകടത്തെ കുറിച്ചും ഹെല്‍മറ്റുള്ളത് കൊണ്ട് മാത്രം ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞതിനെ കുറിച്ചും വി.കെ ജോബിഷ് എന്ന അധ്യാപകന്‍ എഴുതിയ കുറിപ്പ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായി കഴിഞ്ഞു.

വി.കെ ജോബിഷിന്റെ കുറിപ്പ് വായിക്കാം..

മരണമെത്തുന്ന നേരത്ത്.
………………………………….
ഒരപകടത്തില്‍പ്പെട്ടു കഴിഞ്ഞാല്‍ അതിനു മുമ്പുള്ള നിമിഷങ്ങളിലേക്ക് ഏതൊരാളും ഒരായിരം വട്ടം പോയി വരും.അപ്പോള്‍ ഓരോന്നോരോന്നായി കൂടുതല്‍ക്കൂടുതല്‍ തെളിയും. കഴിഞ്ഞുപോയതെല്ലാം ആ അപകടത്തിനു വേണ്ടി ഒറ്റയ്‌ക്കൊറ്റയ്ക്കു നിന്ന സംഭവങ്ങളായിരുന്നെന്ന് അപ്പോഴറിയും. ഇനി മടങ്ങിച്ചെന്ന് നേരെയാക്കാനാവാത്തവ. അതുകൊണ്ടുതന്നെ ഈ കഴിഞ്ഞ നവംബര്‍ പത്തിന്റെ ഞായറാഴ്ചയിലെ നിമിഷങ്ങളെയെല്ലാം ഓര്‍മ്മയില്‍ ഞാന്‍ ഫ്രീസ് ചെയ്തു വെച്ചിട്ടുണ്ട്.

അന്നായിരുന്നു കൂട്ടുകാര്‍ സഫിയയും സാജുബായിയും കൂടി മുഴപ്പിലങ്ങാട് പുതിയ വീട്ടിലേക്ക് താമസിക്കുന്നത്.ആ സന്തോഷത്തില്‍ ചേര്‍ന്നുനില്‍ക്കാന്‍ അവര്‍ എന്നെയും വിളിച്ചിരുന്നു. അപ്പോള്‍ ആ വീട്ടില്‍ ഞാന്‍ കൊടുക്കുന്നൊരു ചിത്രം ചുമരില്‍ എക്കാലവും തൂങ്ങിക്കിടക്കുന്നതായി സ്വപ്നം കണ്ടു. ഒപ്പം എനിക്കപരിചിതമായ ഒരിടത്തു നിന്നും വരച്ചുകൊണ്ടിരുന്ന ചിത്രകാരന്‍ അഭിലാഷ് തിരുവോത്തിനെയും ഓര്‍ത്തു. പിന്നെ അവനെനിക്കായി വരച്ച് ഫ്രെയിം ചെയ്തുവെച്ച പെയിന്റിംഗെടുക്കാന്‍ ചെല്ലാന്‍ ശനിയാഴ്ച വൈകുന്നേരം മുതല്‍ വിളിച്ചുകൊണ്ടിരുന്നു. പക്ഷെ ആ വിളികളൊന്നും എന്റെ ചെവിയറിഞ്ഞില്ല. വരാനിരിക്കുന്ന അപകടത്തിനുവേണ്ടി ശബ്ദം ഒളിച്ചു നിന്നതാവാമെന്ന് പിന്നെത്തോന്നി.!
പാതിരാത്രിയാണ് അവന്റെ മിസ്ഡ് കോള്‍ കണ്ടത്. അതുകൊണ്ട് ഞായര്‍ രാവിലെ ചിത്രവുമായി അവന്‍ പേരാമ്പ്രയില്‍ കാത്തുനിന്നു. രാവിലെയുടെ തിരക്കു കഴിഞ്ഞ് ഒന്‍പത് മണിയില്‍ നിന്ന് ഞാനും മരുമകള്‍ മാളുവും കൂടി ബൈക്കുമായി പന്ത്രണ്ട് കിലോമീറ്റര്‍ അകലെയുള്ള അവനിലേക്ക് പുറപ്പെട്ടു. ആ ചിത്രവും വാങ്ങി കണ്ണൂരേക്കു പോണം. ഞായറാഴ്ചയായതിനാല്‍ റോഡില്‍ വാഹനങ്ങളും കുറവായിരുന്നു. പന്നിമുക്കെന്ന സ്ഥലത്തെത്തിയപ്പോള്‍ എതിരെ വരുന്ന ഒരു ബൈക്കുകാരന്റെ കണ്‍ഫ്യൂഷനെ ഞാന്‍ തിരിച്ചറിഞ്ഞിരുന്നു. പെട്ടെന്നയാള്‍ ഞങ്ങള്‍ക്കു മുന്നില്‍ ബൈക്കുമായി ക്രോസ് ചെയ്യാനൊരുങ്ങിയതും അയാളെ ഇടിക്കരുതല്ലോയെന്ന് കരുതി കൈപ്പിഴ സംഭവിച്ചതും ഓര്‍മ്മയിലുണ്ട്. പാഞ്ഞുപോയ ബൈക്ക് സ്‌കിഡായി ഞങ്ങള്‍ റോഡിലേക്ക് തെറിച്ചുവീണതും ആളുകള്‍ കൂടിയതും താടിപൊട്ടി ചോരവന്നതും നിയമം പാലിക്കാതെ പെട്ടെന്ന് വണ്ടി ക്രോസ് ചെയ്തതിനെ ഞാനും ഓടിക്കൂടിയവരും കുറ്റം പറഞ്ഞതും തല പെരുത്തതുമെല്ലാം ഒരുമിച്ച്. പിന്നെ അവന്‍ എന്നെയും മാളുവിനെയും കയറ്റി ഓട്ടോയില്‍ തൊട്ടടുത്തെ ഹോസ്പിറ്റലില്‍ പോയി.

തലയ്ക്കകത്തു നിന്ന് കഠിനമായ വേദന തുടങ്ങിയപ്പോള്‍ താടിയില്‍ നിന്നൊഴുകുന്ന ചോരയെ ഞാന്‍ മറന്നു തുടങ്ങി.ബോധം മറയുമെന്ന സൂചന വന്നതോടെ ഫോണില്‍ കൂട്ടുകാരിലൊരാളിലേക്ക് മാളു വിവരം കൈമാറി. മെല്ലെപ്പോയിക്കൊണ്ടിരിക്കുന്ന ഓട്ടോ ക്ലിനിക്കിനു മുന്നിലെത്തിയപ്പോള്‍ ചാടിയിറങ്ങി സ്ട്രച്ചറില്‍ക്കിടന്ന ചോരയൊഴുകുന്ന എന്റെ മുഖം കണ്ട് ‘ഇവിടെ നിന്ന് ഒന്നും ചെയ്യാനാവില്ല. വേഗം മറ്റെവിടെയെങ്കിലുമെത്തിക്കൂ’ എന്ന് അവിടുത്തെ ഡോക്ടര്‍. പിന്നെയും വണ്ടിയില്‍ ഓടിക്കയറി.പേരാമ്പ്ര ഇ.എം.എസ് ഹോസ്പിറ്റലിലേക്ക്. അവിടുത്തെ കാഷ്വാലിറ്റിയിലേക്ക് പാഞ്ഞുകയറി ബെഡ്ഡില്‍ക്കിടന്ന എന്നോട് ‘പേടിക്കേണ്ട പ്രശ്‌നമല്ലെന്ന് ‘ ഹെഡ്‌നഴ്‌സ്. അപ്പോളവിടെ ആകെയുണ്ടായിരുന്ന ഒരു ഡോക്ടര്‍ മറ്റൊരാളുമായി തിരക്കിലുമായിരുന്നു.
എന്റെ കാര്യത്തില്‍ അതെപ്പോഴും അങ്ങനെയാണ്. അതവിടെയും ആവര്‍ത്തിച്ചു.!
തലയ്ക്കകത്തു നിന്നും ഭീകരവേദനയെന്ന് പറഞ്ഞപ്പോള്‍ ‘ഇതൊക്കെ ബൈക്ക് ആക്‌സിഡന്റില്‍ സാധാരണയെന്ന്’ ഇടയില്‍ വന്ന നഴ്‌സ് പിന്നെയും ആശ്വസിപ്പിച്ചു.അപ്പോഴേക്കും ചിത്രവുമായി കാത്തു നിന്ന അഭിലാഷും, നിധിനും അവിടെയെത്തിയിരുന്നു. ആക്‌സിഡന്റ് കേസിന് വേണ്ടത്ര ഗൗരവം കൊടുക്കാത്തതെന്താണെന്ന അവരുടെ ചോദ്യം ഉയര്‍ന്നതോടെ തിരക്കില്‍ നിന്നും ഡോക്ടര്‍ വന്നു. ‘ഓ.. ഇതോ ഇത്..താടിയില്‍ സ്റ്റിച്ചിട്ട് വീട്ടിലേക്ക് പോകാമെന്നും താടിയല്ലേ പേടിക്കാനില്ലെന്നും’ അവര്‍.പിന്നെയും കിടന്നു പത്തു മിനിറ്റ്. പക്ഷെ എനിക്ക് വേദന കൂടിക്കൂടി വന്നു. ശേഷം ഡോക്ടര്‍ സ്റ്റിച്ചിടാനായി വന്നു.തലയ്ക്കകം പെരുക്കുന്നു എന്ന് ഞാന്‍. പിന്നെ എന്തൊക്കെയോ.. ആ സംഭാഷണം അവസാനിക്കുന്നതിനു മുന്‍പ് എന്റെ രണ്ട് ചെവിയിലൂടെയും ചോരയൊഴുകാന്‍ തുടങ്ങി. അതുകണ്ടുനിന്ന ഡോക്ടറും നഴ്‌സും ഉടന്‍ ഗൗരവത്തിലായി.’അയ്യോ ഇതിനി ഇവിടെ നിന്നാല്‍ കുഴപ്പമാവും. മെഡിക്കല്‍ കോളെജിലേക്ക് റഫര്‍ ചെയ്തുവിടാ’മെന്ന് ഡോക്ടര്‍ നഴ്‌സിനോട്. അതോടെ എന്റെ മനസില്‍ തീ കാളി. തുടര്‍ന്ന് ജീവിതത്തിന്റെ അവസാന നിമിഷങ്ങളിലാണ് നില്‍ക്കുന്നതെന്ന തോന്നല്‍ എങ്ങനെയോ എന്റെയുള്ളിലേക്ക് കയറിക്കൂടി. വീല്‍ച്ചെയറില്‍ മുറ്റത്തുള്ള ആംബുലന്‍സിലെ സ്‌ട്രെചറില്‍ക്കിടത്തി. ശേഷം ആശുപത്രിയില്‍ നിന്ന് നിശ്ചലമായി എന്നിലേക്കു തുറിച്ച ആള്‍ക്കൂട്ടത്തിന്റെ കണ്ണുകളെ പിന്നിലാക്കി ആംബുലന്‍സ് കോഴിക്കോട്ടേക്ക് പാഞ്ഞു. ഒപ്പം ബൈക്കുമായി ക്രോസ് ചെയ്തവനും അഭിലാഷും നിധിനും മാളുവും. എന്റെ ചെവിയില്‍ നിന്നുള്ള ചോരയിറക്കം അവരുടെ പിന്നീടുള്ള കോളുകളിലെല്ലാം ഭയം നിറച്ചു. മിംമ്‌സ്, ബേബി മെമ്മോറിയല്‍, മെഡിക്കല്‍ കോളെജ് എവിടേക്കാണ് പോകേണ്ടത്. എവിടേക്കു പോയാലും അവിടുന്ന് കുറഞ്ഞത് ഒരു മണിക്കൂറെങ്കിലുമെടുക്കുമെന്നറിയാം.
ഞായറാഴ്ച ഡോക്ടര്‍മാര്‍ ലീവായിരിക്കുമോ. സ്‌കാനിംഗ് പെട്ടെന്നു നടക്കുമോ.തലയായതുകൊണ്ട് പെട്ടെന്നെല്ലാം നടക്കണം. അല്ലെങ്കിലപകടമാകും. അവര്‍ നഗരത്തിലുണ്ടായിരുന്ന സുഹൃത്ത് കരുണനെ ഓര്‍മ്മിപ്പിച്ചു. അവന്‍ മിംമ്‌സിലേക്കു പോയി. അവിടേക്കു വരാന്‍ പറഞ്ഞു.ചെവിയില്‍ നിന്ന് ചോരയൊഴുകുന്നുണ്ട്. അഭിലാഷ് ആംബുലന്‍സിലെ ഡ്രൈവറോട് പഞ്ഞിയുണ്ടോ എന്ന് ചോദിക്കുന്നതും ഇല്ലെന്ന് അയാള്‍ പറഞ്ഞതും പിന്നെ നിധിന്‍ ടവ്വലെടുത്ത് തലയ്ക്കടിയില്‍ വെച്ചതും ഓര്‍മ്മയുണ്ട്.

ഞാന്‍ കോഴിക്കോടെത്തുമോ.അതോ..!
വണ്ടിയുടെ വേഗം എന്റെ ആലോചനയെ വഴിതെറ്റിച്ചു തുടങ്ങി. വേദന കൂടുമ്പോള്‍ ദൂരവും കൂടുമല്ലോ.! കോഴിക്കോടെത്തിയോയെന്ന് ഇടയ്ക്കിടെ ഞാന്‍ ചോദിച്ചു കൊണ്ടിരുന്നു.
സമയം കഴിഞ്ഞിട്ടും ഞങ്ങളെത്താത്തതിനാല്‍ വീട്ടില്‍ നിന്നും ലിസ്‌നയുടെ ഫോണ്‍ കോളുകള്‍. ഫോണെടുത്താല്‍ ആംബുലന്‍സിന്റെ ശബ്ദം കേള്‍ക്കുമെന്നതുകൊണ്ട് കോഴിക്കോടെത്തിയിട്ടെടുത്താല്‍ മതിയെന്ന് തീരുമാനം. എനിക്കാണെങ്കില്‍ അപ്പോഴേക്കും വേദനയെല്ലാം മാറി. മരണത്തിന്റെ പടിവാതില്‍ക്കല്‍ നില്‍ക്കുന്നതു പോലെ തോന്നി. മാത്രമല്ല അപകടത്തില്‍ തീര്‍ന്നു പോയ പല ജീവിതങ്ങളും അപ്പോള്‍ ഓര്‍മ്മയില്‍ തൂങ്ങിക്കയറി.അവരില്‍ പലരും ആശുപത്രിയിലേക്കുള്ള വഴിമദ്ധ്യേയാണ് മരിച്ചതെന്നും ഞാനോര്‍ത്തു. പിന്നെ അവരോടൊപ്പം ഞാന്‍ എന്നെയും ചേര്‍ത്തു വെച്ചു. ജീവിതമിങ്ങനെ പെട്ടെന്നു തീര്‍ന്നു പോയല്ലോ എന്ന നിരാശയായിരുന്നു പിന്നീടെനിക്ക്.
ചിത്രം വാങ്ങാന്‍ പോയ ഒരാള്‍ റോഡില്‍ ചുവന്ന ചിത്രമായിത്തീരുന്ന ഒരു ദൃശ്യത്തെയും ആ കിടപ്പില്‍ ഞാന്‍ ഭാവന ചെയ്തു.

വണ്ടി മിംമ്‌സിലെത്തി. എമര്‍ജന്‍സിയില്‍ ഡോക്ടര്‍മാരും സംഘവും.ആദ്യം തന്നെ സംഭവം സമയം തുടങ്ങിയ ചോദ്യങ്ങള്‍ ചോദിച്ച് മെമ്മറിയിലേക്ക് പ്രവേശിക്കുന്നു. തുടര്‍ന്ന് കാഴ്ചയിലേക്കുള്ള ചോദ്യങ്ങള്‍.തിരിച്ചും മറിച്ചുമിട്ട് എല്ലുകളെല്ലാം തൊട്ടു നോക്കി ചോദ്യങ്ങള്‍ തുടരുന്നു. ശേഷം സ്‌കാനിംഗ്. അതുകഴിഞ്ഞാലേ എന്തെങ്കിലും പറയാന്‍ കഴിയൂ എന്ന് ഡോക്ടര്‍മാര്‍ ഒപ്പമുള്ളവരോട്.
പിന്നെ തൊട്ടടുത്ത നിമിഷങ്ങളെ കാത്തുകിടന്നു.അത് പ്രതീക്ഷയുടേതാകുമോ..!
അരമണിക്കൂറിനകം റിസല്‍റ്റ് വന്നു.
‘പേടിക്കേണ്ട കാര്യമായ കുഴപ്പമൊന്നുല്ല’ എന്നു പറഞ്ഞു കൊണ്ട് ഡോക്ടര്‍മാരും വന്നു.
‘ചെവിക്കകത്ത് പൊട്ടുണ്ട്. അതാണ് ചോര. അതു അടുത്ത ദിവസം വരെയുണ്ടാവാം . വേറെ പ്രശ്‌നമൊന്നും ഉണ്ടാകാന്‍ സാധ്യതയില്ല. എന്നാലും നമുക്ക് ഇരുപത്തിനാല് മണിക്കൂര്‍ ഒബ്‌സര്‍വേഷന് വെക്കാം’
എന്നും പറഞ്ഞു.
ഹൊ …
ആശ്വാസമായി.ശേഷം താടിക്ക് സ്റ്റിച്ചിട്ടു. ഒരു ഇഞ്ചക്ഷനെടുക്കുമ്പോള്‍ വരെ സഹിക്കാനാവാത്ത ഞാന്‍ പച്ചയ്ക്ക് താടിക്ക് സ്റ്റിച്ചിടുമ്പോള്‍ ശ്രദ്ധിച്ചു പോലുമില്ല. കാരണം ജീവിതം തിരിച്ചുകിട്ടിയല്ലോ. തലയ്ക്കകത്ത് പ്രശ്‌നമൊന്നുമില്ലെന്നറിഞ്ഞപ്പോള്‍ കൂടെയുളളവരുടെ തലവേദനയ്ക്കും ആശ്വാസം.
തല തിരിച്ചു കിട്ടിയതിന്റെ സന്തോഷത്തില്‍ ഞാന്‍ തലയുയര്‍ത്തിക്കിടന്നു. അപ്പോള്‍ എനിക്കു ചുറ്റും കൂടിയ പ്രിയപ്പെട്ട സുഹൃത്തുക്കളുടെ കണ്ണിലും പ്രതീക്ഷയുടെ വെള്ളി വെളിച്ചം. അവരുടെ വേഗം കൂടിയാണ് ഈ ജീവിതം.
പിന്നെ ഇ.എന്‍.ടി ഡോക്ടര്‍ വന്ന് രണ്ടാഴ്ച്ചത്തെ റസ്റ്റ് പറഞ്ഞു.
മാത്രമല്ല സംസാരം കുറയ്ക്കണമെന്നും.
പിന്നെയും ചെവിയില്‍ നിന്ന് രക്തം വന്നിരുന്നു. ഓരോ തുള്ളിയായി മാറി അത് പതിയെ പിന്‍വാങ്ങി. തൊട്ടടുത്ത ദിവസം വരെ പരിശോധനയും മരുന്നുമൊക്കെയായി അവിടെക്കിടന്നു. അങ്ങനെ
ഞായറാഴ്ച ചിത്രം വാങ്ങാനിറങ്ങിയ ഞാന്‍ തിങ്കളാഴ്ച രാത്രിയോടെ വീട്ടിലെത്തി.
ആശ്വാസമായി.തിരിച്ച് വീടെത്തിയല്ലോ. എത്രയോ പേര്‍ അപകടത്തില്‍പ്പെട്ട് വീടെത്താതെ പോയിട്ടുണ്ട്.!

ഇപ്പോള്‍ കാര്യങ്ങളെല്ലാം ശരിയായി വരുന്നു. സംസാരിച്ചു തുടങ്ങി.ഭക്ഷണം ചവച്ചു തുടങ്ങിയിട്ടില്ല. ശ്രമിച്ചു നോക്കാറുണ്ട്. അപ്പോള്‍ ചെവി വേദനയോടെ അടക്കം പറയും. ഇതൊന്നും ആരെയും അറിയിച്ചിരുന്നില്ല. അറിഞ്ഞവരൊക്കെ വീട്ടിലും ആശുപത്രിയിലുമായി വന്നു പോയി. അവരോടൊക്കെ ലിസ്‌ന സംഭവങ്ങള്‍ വിവരിച്ചുകൊണ്ടേയിരുന്നു.അപ്പോഴൊക്കെ ആവര്‍ത്തിച്ചു കേട്ട ഒരു ചോദ്യം ഹെല്‍മറ്റുണ്ടായിരുന്നില്ലേ എന്നാണ്. അതിനുമാത്രം ചെറിയ ഒച്ചയില്‍ ഞാന്‍ മറുപടിയിട്ടു.

”ഹെല്‍മെറ്റില്ലായിരുന്നെങ്കില്‍ ഇപ്പോള്‍ക്കാണുന്ന ഞാനുണ്ടാകുമായിരുന്നില്ല.”

എനിക്കുണ്ടായ ഒരു ചെറിയ ഒരപകടത്തെക്കുറിച്ച് ഇത്രയുമെഴുതിയത് ഹെല്‍മറ്റിനെക്കുറിച്ചുമാത്രം പറയാനാണ്.
അതുകൊണ്ട് സുഹൃത്തുക്കളേ,
ഞാന്‍ ഹൈക്കോടതിക്കൊപ്പമാണ്. നിയമത്തിനൊപ്പമാണ്.
ഗവണ്‍മെന്റിനൊപ്പമാണ്. കാരണം ഇപ്പോള്‍ ഞാന്‍ വായിക്കുന്ന പത്രങ്ങളിലെ വാര്‍ത്തകളില്‍ നിന്ന് ഞാനാദ്യം കാണുന്നത് അപകടങ്ങളെക്കുറിച്ചും മരണത്തെക്കുറിച്ചും മാത്രമാണ്. അതങ്ങനെയാണ്. നമ്മളൊരു ദുരന്തത്തില്‍പ്പെടുമ്പോള്‍ എല്ലാ ദുരന്തങ്ങളെയും ആദ്യം കാണുന്ന ആള്‍ നമ്മളാകും.
വായിച്ച വാര്‍ത്തകളിലൊന്ന് ഇങ്ങനെയാണ്…

-കഴിഞ്ഞ വര്‍ഷം കേരളത്തില്‍ ഹെല്‍മറ്റില്ലാതെ മരിച്ചവരുടെ എണ്ണം 1120.-

അതെ. 1120. നാടിനെ നടുക്കിയ പ്രളയത്തില്‍പ്പോലും ഇതില്‍പ്പകുതിപ്പേര്‍ മരിച്ചിട്ടില്ല. ഹെല്‍മറ്റില്ലായിരുന്നെങ്കില്‍ അതില്‍ ഒരാള്‍ കൂടി ഉണ്ടാകുമായിരുന്നു.!
അതുകൊണ്ട് പ്രിയപ്പെട്ടവരേ… ബൈക്കുമായുള്ള ഒരു ചെറുയാത്രയില്‍പ്പോലും ഹെല്‍മറ്റ് വെക്കാതിരിക്കരുത്.കാരണം
അന്ന് ഹെല്‍മെറ്റുണ്ടായിരുന്നതുകൊണ്ടുമാത്രമാണ് മുഖപുസ്തകത്തില്‍ പിന്നെയും ഈ മുഖവുമായി എനിക്ക് നിങ്ങളിലേക്ക് വരാന്‍ കഴിഞ്ഞത്.

”എത്ര മുഖങ്ങളനന്ത വിദൂര-
പഥങ്ങളില്‍ വീണു മറഞ്ഞേപോയവ
കാലത്തിരകളൊഴുക്കിയൊടുക്കിയു-
മാറടി മണ്ണിലലിഞ്ഞും നിമിഷ-
ജ്ജ്വാലകള്‍ നക്കിയെടുത്തും മാഞ്ഞവ.”

ബാക്കി ജീവിതം കരുതലോടെ,

vk Jobhish

We use cookies to give you the best possible experience. Learn more