ചരിത്രത്തിലെ ചില സന്ദര്‍ഭങ്ങള്‍ നമുക്ക് കണ്ണാടി നോക്കാനുള്ള അവസരങ്ങള്‍ കൂടിയാണ് . അങ്ങനെയാണെങ്കില്‍ വിശ്വ ഹിന്ദു പരിഷത്തിന്റെ മാനേജ്‌മെന്റ് ഭരിക്കുന്ന എറണാകുളത്തെ പാവക്കുളം ശിവ ക്ഷേത്രത്തിലെ സ്ത്രീകള്‍ നമുക്കിടയില്‍ ചിലരെങ്കിലും അറിയാതെ പിന്തുടരുന്ന ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഭീകരമായ അകമാണ് വെളിച്ചത്താക്കിയിരിക്കുന്നത്.
ആ അകത്ത് നമ്മളില്‍ പലരുടെയും നിഴലുകളുണ്ട്. രാജ്യവ്യാപകമായ പ്രതിഷേധത്തെ വകവെക്കാതെ പൗരത്വ ഭേദഗതി അവതരിപ്പിക്കപ്പെട്ടു കഴിഞ്ഞ പുതിയ ഇന്ത്യയിലാണ് നാമിപ്പോള്‍ ജീവിക്കുന്നത്.
പുതിയ പൗരത്വ ബില്‍ അപരത്വത്തെ സൃഷ്ടിക്കാനാണെന്ന് തലയില്‍ വെളിച്ചമുള്ളവര്‍ക്കെല്ലാം അറിയാം. അങ്ങനെയുള്ള ഒന്നിനെ ന്യായീകരിച്ചു കൊണ്ടുള്ള ക്ഷേത്രത്തിലെ ഒരു പരിപാടിക്കിടെയാണ് അവിടേക്കു വന്ന ഒരു സ്ത്രീയുടെ നേര്‍ക്ക് ‘കുങ്കുമം തൊടുന്നത് മക്കളെ കാക്ക കൊത്തിക്കൊണ്ടു പോകാതിരിക്കാനാണെന്ന്’ ഭക്തയായ ഒരു സ്ത്രീ ആക്രോശിച്ചു വന്നത്.
കേട്ടില്ലേ.. കുങ്കുമം തൊടുന്നതിന് പഴയ ദൃഢ മാംഗല്യത്തിന്റെ അര്‍ത്ഥം മാത്രമല്ല പുതിയ ഒരു ഉദ്ദേശ്യം കൂടിയുണ്ടെന്ന്. !
അതായത് ഹിന്ദു സ്തീകള്‍ക്ക് മുസ്‌ലീം സൊസൈറ്റിയില്‍ നിന്ന് സുരക്ഷിതത്വം പാലിക്കാനാണ് ഈ കുറിയെന്ന് ചുരുക്കം. ഒറ്റ ക്കേള്‍വിയില്‍ ആ സ്ത്രീ സൂചിപ്പിച്ച ‘കാക്ക’ കള്‍ ഇവിടെ മുസ്‌ലീം തന്നെയാണ്. പക്ഷെ സൂക്ഷ്മമായി നോക്കിയാല്‍ ആ ‘കാക്ക’ഹിന്ദുവുമാണ്. !
അത് അവസാനം പറയാം.
ജാതി ശരീരത്തെ ആധുനിക ശരീരമാക്കാനാണ് കേരള നവോത്ഥാനം ശ്രമിച്ചത് . അതിലേക്ക് പ്രലോഭിക്കപ്പെട്ടിട്ടാണ് ദുരാചാരങ്ങളോരോന്നായി കൈ വെടിഞ്ഞ് ഇവിടെയും ആധുനിക മനുഷ്യന്‍ രൂപപ്പെടുന്നത്. ആ അവനാണ്/ അവളാണ് പരിമിതമെങ്കിലും ഇന്നീ കാണുന്ന സെക്കുലര്‍ കേരളത്തെ സൃഷ്ടിച്ചത്. പക്ഷെ ഏത് ഭൂപടത്തിലുമുണ്ടാകുമല്ലോ പുരോഗമിക്കാത്ത ഒരു ആള്‍ക്കൂട്ടം . ആ ആള്‍ക്കൂട്ടം ഇടതിലുമുണ്ട് വലതിലുമുണ്ട്. പക്ഷെ അതിനെക്കുറിച്ചാരും മുണ്ടാറില്ല. !
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
അവരിലേക്ക് പതിയെപ്പതിയെ മാത്രമേ യഥാര്‍ത്ഥ പുരോഗമന രാഷ്ട്രീയമെത്തുകയുള്ളൂ. അങ്ങനെയൊരു അവസരമാണ് പാവക്കുളത്തെ സ്ത്രീകള്‍ ഇന്നലെ ഉണ്ടാക്കിയത്.
പറഞ്ഞു വരുന്നത് സിന്ദൂരത്തെക്കുറിച്ചാണ്. സ്ത്രീകള്‍ സിന്ദൂരം തൊടുന്നതെന്തിനാണ്.? ആചാരം പാലിക്കാനാണോ . അതോ ഭംഗിക്കു വേണ്ടിയോ.? രണ്ടു തരത്തിലും ഈ കുറിയിടുന്ന സ്ത്രീകളുണ്ട്. പക്ഷെ ഈ സിന്ദൂരക്കുറി സൗന്ദര്യത്തിനു വേണ്ടി തൊട്ടു തുടങ്ങിയതല്ലെന്ന് ചരിത്രവും മിത്തുകളും പറയും.
സീമന്തത്തില്‍ സിന്ദൂരം തൊടുക വഴി തന്റെ ഭര്‍ത്താവായ പുരുഷനാല്‍ കന്യാകത്വം ഭേദിക്കപ്പെട്ടു എന്ന ധാരണയാണ് ഹിന്ദു സമൂഹത്തിലെ സ്ത്രീകള്‍ തങ്ങളില്‍ നിന്ന് പുറത്തുള്ളവരോട് പങ്കുവെക്കുന്നത്. അതുകൊണ്ടാണ് വിവാഹ നാളില്‍ ഹിന്ദു സമൂഹത്തില്‍, പൂജിച്ച കുങ്കുമം വധുവിന്റെ നെറ്റിയില്‍ ചാര്‍ത്തുന്നത്.
ആ നിമിഷം മുതല്‍ അവള്‍ സുമംഗലിയാണ്. നെറ്റിക്കു മുകളിലെ തലമുടി രണ്ടായി പകുത്ത് ഉച്ചി വരെ കുങ്കുമം തൊടുന്ന ഈ അനുഭവത്തെ സീമന്തക്കുറി എന്നാണ് പറയുന്നത്. ഇതിന് മറ്റ് ചില അര്‍ത്ഥങ്ങളുമുണ്ട്. മുടി രണ്ടായി പകുത്തു വയ്ക്കുന്ന ഭാഗം സ്ത്രീകളുടെ യോനിയെ പ്രതിനിധീകരിക്കുന്നതായി തന്ത്ര ശാസ്ത്രത്തില്‍ വിശദീകരണവുമുണ്ട്. ഇന്നിപ്പോള്‍ സയന്‍സുമായി വരെ ഇതിനെ ചേര്‍ത്തുവായിക്കുന്നവരുണ്ട്.! അതായത് ഇങ്ങനെ നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തുക വഴി പിറ്റിയൂറ്ററി ഗ്രന്ഥിയെ ഉത്തേജിപ്പിക്കുകയും സ്ത്രീകളില്‍ സെക്‌സിലുള്ള താല്‍പ്പര്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുമത്രേ.!
മിത്തുകളെല്ലാം മാറി സയന്‍സാകുന്ന പുതിയ ഇന്ത്യ.! ഇന്ത്യയിലെ ചില സമൂഹങ്ങളില്‍ വധൂവരന്‍മാര്‍ക്കിടയില്‍ നാലുമാസം കഴിഞ്ഞാല്‍ സീമന്ത ചടങ്ങു തന്നെയുണ്ട്.
ഇനി ഭാഷാപരമായി, അര്‍ത്ഥപരമായി നോക്കൂ, സീമ എന്നാല്‍ അതിര്. ആ അതിര് ഭര്‍തൃസ്ഥാനമാണ്. ഒരര്‍ത്ഥത്തില്‍ വിവാഹം സ്ത്രീ സ്വാതന്ത്ര്യത്തിന്റെ അതിര് തന്നെ.!
അന്തം എന്നാല്‍ അവസാനം എന്നുകൂടി അര്‍ത്ഥമുണ്ടല്ലോ. അതായത് മരണം എന്നുതന്നെ. അങ്ങനെ നോക്കിയാല്‍ ഈ ‘സീമന്തം’ വലിയ ഒരു ബന്ധനമാണ്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
വിവാഹം പലപ്പോഴും ഒരാളുടെ ബലി പീഠമാണ്. ഒരാളുടെ മാത്രം.! എല്ലാ വിവാഹവും അങ്ങനെയല്ല. വിവാഹമെന്ന കര്‍മ്മത്തില്‍ സ്ത്രീയും പുരുഷനും ഇപ്പോള്‍ ട്രാന്‍സും ഒത്തുചേരുന്നുണ്ട്. പക്ഷെ അതില്‍ ഒരാള്‍ മാത്രം ചില ചിഹ്നം കൊണ്ടു നടക്കുക. അതിലൊരു പ്രശ്‌നമുണ്ടല്ലോ. ഇല്ലേ, ഉണ്ട്. ഭംഗിയുള്ള പലതും മര്‍ദ്ദക സ്വഭാവമുള്ളതാണെന്ന് ചരിത്രം. അതിനെ തിരിച്ചറിഞ്ഞവരുടെ തലയിലേ സൂര്യനുദിക്കാറുള്ളൂ. അല്ലാത്തപ്പോഴൊക്കെ വധു എന്നു കേള്‍ക്കുമ്പോള്‍ വധം എന്നുകൂടി ധ്വനിക്കാറുണ്ട്.
നെറ്റിയില്‍ ഭംഗിക്കു ചാര്‍ത്തുന്ന നിറത്തില്‍ ഇത്രയും ഐഡിയോളജി പ്രവര്‍ത്തിക്കുന്നുണ്ടോ. ഉണ്ട് സുഹൃത്തുക്കളേ, ഉണ്ട്. ഇന്ത്യയില്‍ ഹിന്ദുത്വ രാഷ്ട്രീയം വളര്‍ന്നത് നാം നിഷ്‌കളങ്കമെന്ന് കരുതി ഉപയോഗിക്കുന്ന ബിംബങ്ങളെക്കൂടി കയ്യേറിക്കൊണ്ടാണ്. അത്തരമൊന്നാണ് സിന്ദൂരം.
നേരത്തെ വളരെ സ്വാഭാവികമായി നാം ധരിച്ചിരുന്ന രാഖിയും, കാവിമുണ്ടുമൊക്കെ ഇങ്ങനെത്തന്നെയാണ് രാഷ്ട്രീയമായ അപരത്വം സൃഷ്ടിച്ച് നമ്മുടെ മുന്നില്‍ ‘ ആണത്തം ‘പ്രകടിപ്പിച്ചുകൊണ്ട് ഇപ്പോള്‍ നിവര്‍ന്നു നില്‍ക്കുന്നത്. അതിനോടൊക്കെയുള്ള പ്രതിരോധ വിനിമയം അതിനെ വളര്‍ത്തുക മാത്രമാണ് ചെയ്തതെന്ന് ചരിത്രം.
ഈ രണ്ട് ചിഹ്നങ്ങളും ഇന്ന് ഹിന്ദുത്വ രാഷ്ട്രീയം മുന്നോട്ടു വെക്കുന്ന ആശയങ്ങളെ പ്രകടമായി ധ്വനിപ്പിക്കുന്നവയാണ്. അതുകൊണ്ടു തന്നെ ഈ രാഷ്ട്രീയം തിരിച്ചറിഞ്ഞവര്‍ ഭംഗിക്കുവേണ്ടി കൊണ്ടു നടക്കുന്നതിനെയൊക്കെ ഇപ്പോള്‍ ഉപേക്ഷിച്ചു കൊണ്ടിരിക്കുന്നുണ്ട്. മിത്തുകളെയെല്ലാം രാഷ്ട്രീയവല്‍ക്കരിക്കുന്ന കാലമാണിത്. അതിനെ തിരിച്ചറിഞ്ഞേ പറ്റൂ. മാത്രമല്ല ഇങ്ങനെ ഹിന്ദുത്വ രാഷ്ട്രീയം ഒളിച്ചു കടത്തുന്നതെല്ലാം വെളിപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു ചരിത്ര സന്ദര്‍ഭത്തില്‍, ഈ ബ്രേക്കിംഗ് പോയന്റില്‍ നമ്മള്‍ ഉണര്‍ന്നില്ലെങ്കില്‍ ഇനിയൊരവസരം നമുക്ക് കിട്ടിയില്ലെന്നു വരാം.
ഈ രാഷ്ട്രീയം മനസിലാക്കി ചില പുരോഗമന ജീവിതങ്ങളുടെ പ്രൊഫൈല്‍ ചിത്രം നോക്കിയാല്‍ ഓക്കാനം വരും. സീമന്തത്തില്‍ സിന്ദൂര രേഖയുമായി നില്‍ക്കുന്നവള്‍. അതില്‍ സവര്‍ണതയ്‌ക്കെതിരെ ഇടപെട്ടുകൊണ്ടേയിരിക്കുന്ന സാധാരണക്കാരായ സെക്കുലറിസ്റ്റുകള്‍ മുതല്‍ ദളിത് ആക്ടിവിസ്റ്റുകള്‍ വരെയുണ്ട്.
സൂക്ഷ്മ രാഷ്ട്രീയത്തിന്റെ സൂചനകളെക്കുറിച്ച് ഒട്ടും സാക്ഷരരല്ലാത്തവര്‍. അവരെങ്ങനെയാണ് ഫാസിസത്തെ മനസിലാക്കിയതെന്നറിയില്ല. ഹിന്ദുത്വത്തിന്റെ ഈ പ്രകടമായ ചിഹ്നത്തെ, സിന്ദൂരത്തെ ഇന്നലെവരെ തിരിച്ചറിയാത്ത അവര്‍ തങ്ങളുടെ പുതിയ മുഖങ്ങള്‍ അതെ; സിന്ദൂരക്കുറിയില്ലാത്ത തങ്ങളുടെ രാഷ്ട്രീയമുഖങ്ങള്‍ ഇന്നുമുതല്‍ സോഷ്യല്‍ മീഡിയയില്‍, പാവക്കുളം സംഭവത്തിനു ശേഷം പ്രദര്‍ശിപ്പിക്കുന്നത് കണ്ടു.
അതില്‍ വലിയ സന്തോഷം തോന്നി. കാരണം ഇന്നലെ വരെ ഈ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ സൂക്ഷ്മമായ ആശയലോകങ്ങളെ തങ്ങളുടെ ശരീരത്തില്‍ കൊണ്ടു നടന്നവര്‍ പെട്ടെന്ന് ആധുനിക ശരീരമാകാന്‍ കൂട്ടാക്കിയല്ലോ . തീര്‍ച്ചയായും അത് പ്രതിരോധത്തിന്റെ മറ്റൊരധ്യായത്തിന് തുടക്കം കുറിക്കും.
ഇച്ചിരിയെങ്കിലും രാഷ്ട്രീയം കൊണ്ടു നടക്കുന്ന പെണ്‍ മുഖങ്ങള്‍ സിന്ദൂരമെന്ന അശ്ലീലവുമായി പ്രത്യക്ഷപ്പെടുന്നതില്‍ ഇനി ജാള്യത അനുഭവിക്കുമെന്നത് തീര്‍ച്ചയാണ്. അവര്‍ ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ പോരാടിക്കൊണ്ടിരിക്കുന്നവരാണെങ്കില്‍ പ്രത്യേകിച്ചും. എന്തായാലും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ അപകടത്തെക്കുറിച്ച് അവരെ മനസിലാക്കിക്കൊടുക്കാന്‍ പാവക്കുളം ക്ഷേത്രത്തിലെ ആര്‍. എസ്. എസ് പിന്തുണയുള്ള സ്ത്രീകള്‍ തന്നെ വേണ്ടി വന്നു എന്നതാണ് ചരിത്രത്തിലെ നിരാശ.!
പെണ്ണുങ്ങളാരും ഉടലുകള്‍ മാത്രമല്ലെന്ന് പിന്നെയും ആവര്‍ത്തിക്കട്ടെ. സൂക്ഷിച്ചില്ലെങ്കില്‍ വിഭവങ്ങള്‍ കാക്കകള്‍ വന്ന് തിന്നു പോകുമെന്ന് പറയാറുണ്ട് നമ്മള്‍. ഇന്നലെ കാക്ക വന്ന് കൊത്തിപ്പോകാതിരിക്കാനാണെന്ന് ആ സ്ത്രീ പറഞ്ഞപ്പോള്‍ ഉടല്‍ ഒരു ഭക്ഷ്യ വിഭവമാണെന്നു കൂടി തോന്നിച്ചു.
ആണ്‍ കാക്കകളില്‍ നിന്ന് രക്ഷനേടാനായി പലതരം ചിഹ്നങ്ങളിലേക്കും വേഷങ്ങളിലേക്കും ഉടലിനെ ഒളിപ്പിക്കുന്നവര്‍. അവര്‍ എല്ലാ മതത്തിലുമുണ്ട്. ഉടലിലൂടെ തങ്ങളാരാണെന്ന് തെളിയിച്ചു കൊണ്ടേയിരിക്കുന്ന ഗതികേട് ചരിത്രത്തില്‍ സ്ത്രീകളനുഭവിച്ചോളം മറ്റാരനുഭവിച്ചിട്ടുണ്ട്.!
ഈ നൂറ്റാണ്ടിലും സ്വയം നിര്‍ണയന ശേഷിയില്ലാത്ത ഒരു വിഭാഗമായി സ്ത്രീയെ ഉടലുകളിലേക്ക് മാത്രമായി പരിമിതപ്പെടുത്തുന്നവര്‍ അവര്‍ ആരായാലും ആണ്‍ കാക്കകള്‍ക്ക് കൊത്തിപ്പറിക്കാനുള്ള ജീവിതം മാത്രമായി തങ്ങളെക്കാണുന്നവരാണ്.
അവസാനമായി ഒന്നു കൂടെ പറയട്ടെ. നിങ്ങളുടെ സിന്ദൂരം നാളെയുണ്ടായേക്കാവുന്ന കലാപങ്ങളില്‍ നിന്ന് ഒരുപക്ഷെ നിങ്ങളെ രക്ഷിച്ചേക്കാം. പക്ഷെ ആ കലാപത്തിന് ധൈര്യമുണ്ടാക്കിക്കൊടുക്കുന്നതില്‍ നിങ്ങളണിയുന്ന സിന്ദൂരക്കുറിക്ക് പങ്കുണ്ട്.
പുരോഗമന വാദികളായ പെണ്‍കുട്ടികളെങ്കിലും ഇതില്‍ നിന്ന് മാറി നില്‍ക്കണം. കാരണം നിങ്ങളാണ് ഞങ്ങളുടെ, രാജ്യത്തിന്റെ ഭാവി. അതുകൊണ്ട് നിങ്ങളുടെ ശരീരത്തില്‍ ഇതുപോലുള്ള മത രാഷ്ട്രീയ ചിഹ്നങ്ങളും പ്രദര്‍ശിപ്പിച്ചു കൊണ്ട് പൊതു ഇടത്തിലേക്ക് ഇനിയും വരല്ലേ. വന്നാല്‍ ഞാന്‍ പ്ലാറ്റോ പറഞ്ഞ ആ പഴയ വാക്യമോര്‍ക്കും. അതിങ്ങനെയാണ്.
”ജീവിച്ചിരിക്കുന്നവരുടെ കൂട്ടത്തില്‍ നീ ഒരിക്കല്‍ പ്രഭാത നക്ഷത്രം പോലെ ശോഭിച്ചു. മരിച്ചവരുടെ കൂട്ടത്തില്‍ നീ ഇപ്പോള്‍ സായാഹ്ന നക്ഷത്രം പോലെ ശോഭിക്കുന്നു.”