| Monday, 19th July 2021, 11:46 am

പാലാരിവട്ടം പാലം അഴിമതി കേസ്; ഇബ്രാഹിംകുഞ്ഞിന് ജാമ്യവ്യവസ്ഥയില്‍ ഇളവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന് ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കി ഹൈക്കോടതി. എറണാകുളം ജില്ല വിട്ടുപോകരുതെന്ന വ്യവസ്ഥ കോടതി എടുത്തുമാറ്റി.

ഇളവ് ആവശ്യപ്പെട്ട് ഇബ്രാഹിംകുഞ്ഞ് നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. കേസെടുത്തതിന്റെ പേരില്‍ സഞ്ചാര സ്വാതന്ത്ര്യം തടയാന്‍ സാധിക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

ജില്ല വിട്ടു പോകാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഇബ്രാഹിംകുഞ്ഞ് കോടതിയെ സമീപിച്ചത്. കേസിലെ അന്വേഷണവും ചോദ്യംചെയ്യലും പൂര്‍ത്തിയായെന്നും നിലവില്‍ പ്രോസിക്യൂഷന്‍ അനുമതിക്കായി വിജിലന്‍സ് കാക്കുകയാണെന്നും ഹരജിയില്‍ വ്യക്തമാക്കിയിരുന്നു.

2020 നവംബറിലാണ് ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ജനുവരിയില്‍ കര്‍ശന വ്യവസ്ഥകളോടെ ഹൈക്കോടതി ഇബ്രാഹിംകുഞ്ഞിന് ജാമ്യവും അനുവദിച്ചിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി സമീപിച്ചെങ്കിലും ഹരജി ഹൈക്കോടതി തള്ളിയിരുന്നു. കേസില്‍ അഞ്ചാം പ്രതിയാണ് ഇബ്രാഹിംകുഞ്ഞ്.

കഴിഞ്ഞ മാസമാണ് ഇളവ് തേടി ഇബ്രാഹിംകുഞ്ഞ് കോടതിയെ സമീപിച്ചത്. രോഗ വിവരം ഉള്‍പ്പെടെ ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: VK Ibrahimkunju Palarivattom Over Bridge

We use cookies to give you the best possible experience. Learn more